പസഫിക് സമുദ്രത്തിൽ നീണ്ട 95 ദിവസം കുടുങ്ങിപ്പോയ പെറുവിയൻ മത്സ്യത്തൊഴിലാളി ഒടുവിൽ ജീവിതത്തിലേക്ക്. തെക്കൻ പെറുവിയൻ തീരത്തെ മാർക്കോണ എന്ന പട്ടണത്തിൽ നിന്ന് മത്സ്യബന്ധനത്തിനായി പുറപ്പെട്ട മാക്‌സിമോ നാപ എന്ന മത്സ്യതൊഴിലാളിയാണ് മൂന്നുമാസം നീണ്ട പോരാട്ടത്തിനോടുവിൽ കുടുംബവുമായി ഒന്നിച്ചത്.
ഡിസംബർ 7നാണ് രണ്ടാഴ്‌ച്ചത്തേക്കുള്ള യാത്രയ്‌ക്കുള്ള ഭക്ഷണമെല്ലാം പാക്ക് ചെയ്ത് മാക്സിമോ കടലിലേക്ക് പുറപ്പെട്ടത്. എന്നാൽ പത്തു ദിവസം എത്തുന്നതിനു മുൻപ് തന്നെ കാലാവസ്ഥ മോശമാകുകയും കൊടുങ്കാറ്റിൽ, ബോട്ട് വഴിതെറ്റി പസഫിക് സമുദ്രത്തിലേക്ക് ഒലിച്ചുപോകുകയുമായിരുന്നു.
മാക്സിമോയെ കാണാതായതോടെ അദ്ദേഹത്തിന്റെ കുടുംബം തിരച്ചിൽ ആരംഭിച്ചെങ്കിലും പെറുവിലെ കടൽ പട്രോളിംഗിൽ ബുധനാഴ്ച വരെ അദ്ദേഹത്തെ കണ്ടെത്താനായിരുന്നില്ല, തുടർന്ന് ഒരു ഇക്വഡോറിയൻ മത്സ്യബന്ധന പട്രോളിംഗാണ് അദ്ദേഹത്തെ രാജ്യത്തിന്റെ തീരത്ത് നിന്ന് 680 മൈൽ (1,094 കിലോമീറ്റർ) അകലെ കണ്ടെത്തിയത്.
“എനിക്ക് മരിക്കാൻ ആഗ്രഹമില്ല,” ഇക്വഡോറിന്റെ അതിർത്തിക്കടുത്തുള്ള പൈറ്റയിൽ തന്റെ സഹോദരനുമായി വീണ്ടും ഒന്നിച്ചതിന് ശേഷം മാക്സിമോ റോയിട്ടേഴ്‌സിനോട് പറഞ്ഞു. “ഞാൻ പാറ്റകളെയും, പക്ഷികളെയും ഭക്ഷിച്ചാണ് വിശപ്പടക്കിയത്, അവസാനമായി കഴിച്ചത് ആമകളാണ്.” അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 15 ദിവസമായി ഭക്ഷണം കഴിക്കാതെയാണ് കഴിച്ചുകൂട്ടിയത്. ബോട്ടിൽ ശേഖരിക്കുന്ന മഴവെള്ളം കൊണ്ടാണ് ദാഹം മാറ്റിയത്. എന്നാൽ ഇതിനിടയിലും രണ്ട് മാസം പ്രായമുള്ള കൊച്ചുമകൾ ഉൾപ്പെടെയുള്ള തന്റെ കുടുംബത്തെക്കുറിച്ച് ഓർത്തു തന്റെ ജീവൻ നിലനിർത്തുകയായിരുന്നു എന്ന് മാക്സിമോ വെളിപ്പെടുത്തി.
“എല്ലാ ദിവസവും ഞാൻ എന്റെ അമ്മയെക്കുറിച്ച് ഓർത്തു,” “എനിക്ക് രണ്ടാമതൊരു അവസരം നൽകിയതിന് ഞാൻ ദൈവത്തോട് നന്ദിയുള്ളവനാണ്” അദ്ദേഹം പറഞ്ഞു.
അതേസമയം ബന്ധുക്കൾ ശുഭാപ്തിവിശ്വാസത്തോടെ നിലകൊണ്ടപ്പോൾ തനിക്ക് പ്രതീക്ഷ നഷ്ടപ്പെട്ടു തുടങ്ങിയെന്ന് അദ്ദേഹത്തിന്റെ അമ്മ എലീന കാസ്ട്രോ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.
“ഞാൻ കർത്താവിനോട് , അവൻ ജീവിച്ചിരിപ്പുണ്ടോ എന്ന് ചോദിച്ചു, അഥവാ മരിച്ചാലും, അവനെ കാണാൻ വേണ്ടിയാണെങ്കിലും അവനെ എന്റെ അടുത്തേക്ക് തിരികെ കൊണ്ടുവരണേ എന്നു പ്രാർത്ഥിച്ചു. എന്നാൽ എന്റെ പെൺമക്കൾക്ക് ഒരിക്കലും വിശ്വാസം നഷ്ടപ്പെടുത്തിയില്ല. അവർ എന്നോട് പറഞ്ഞുകൊണ്ടിരുന്നു: അമ്മേ, അവൻ മടങ്ങിവരും, അവൻ മടങ്ങിവരും എന്ന്.” എലീന മാധ്യമങ്ങളോട് വ്യക്തമാക്കി.
നിലവിൽ തെക്ക് ലിമയിലേക്ക് പോകുന്നതിന് മുൻപായി പൈതയിൽ കൂടുതൽ മെഡിക്കൽ പരിശോധനകൾക്കായി വിധേയനായിരിക്കുകയാണ് മാക്സിമോ.