കുടംപുളിയിട്ട് കറിവെച്ച മീന്‍കറി എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ കുടംപുളിയ്ക്ക് നിരവധി ഔഷധഗുണങ്ങളുമുണ്ട്. ആയുര്‍വേദത്തില്‍ ഉദരരോഗങ്ങള്‍, ദന്തരോഗം, കരള്‍രോഗം എന്നിവയ്ക്ക് പ്രതിവിധിയായും രക്തസ്രാവം തടയുന്നതിനും കുടംപുളി ഔഷധമായി ഉപയോഗിക്കുന്നു. കുടംപുളി കഷായം വച്ച് കഴിച്ചാല്‍ രക്തത്തിലെ കൊളസ്ട്രോള്‍ കുറയും. ശരീരഭാരം കുറയുന്നതിനും കുടംപുളി ഫലപ്രദമായ ഔഷധമാണ്. പഴുത്ത കുടംപുളിയുടെ ഫലവും മറ്റു ഭാഗങ്ങളും ചേര്‍ത്ത് വൈന്‍ ഉണ്ടാക്കി കഴിച്ചാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയും.
ഉണങ്ങിയ കുടംപുളി പൊടിച്ച് തൈര് ചേര്‍ത്ത് കഴിച്ചാല്‍ രക്താര്‍ശസ് ശമിക്കും. കുടംപുളി വിത്തില്‍ നിന്നെടുക്കുന്ന തൈലം ചുണ്ട്, കൈകാലുകള്‍ എന്നീ ഭാഗങ്ങളില്‍ ഉള്ള വിണ്ടുകീറല്‍ തടയുന്നതിന് നല്ലൊരു ലേപനമാണ്. വ്രണങ്ങള്‍ ഉണങ്ങുന്നതിന് കുടംപുളി തൈലം പുരട്ടുക. പല്ലിന്റെ മോണക്ക് ബലം നല്‍കുന്നതിന് കുടംപുളിയിട്ട് തിളപ്പിച്ചെടുത്ത വെള്ളം വായില്‍ കൊള്ളുക. വീക്കം, വേദന, കുത്തിനോവ് എന്നീ രോഗങ്ങളില്‍ കുടംപുളി ഇല അരച്ച് ലേപനം ചെയ്യുക. മറ്റു ഔഷധങ്ങള്‍ക്കൊപ്പം കിഴിയായും ഉപയോഗിക്കാം. പ്രമേഹ രോഗികള്‍ ദിവസവും കുടംപുളി കഴിക്കുന്നത് രോഗത്തെ നിയന്ത്രണ വിധേയമാക്കുന്നതിന് സഹായകരമാണ്. ത്വക്ക് രോഗങ്ങള്‍ക്ക് കുടംപുളിയുടെ വേരിന്റെ തൊലി അരച്ച് പുരട്ടുന്നത് നല്ലതാണ്.
അലോപ്പതി മരുന്നുകളുടെ നിര്‍മാണത്തിനും കുടംപുളി ഉപയോഗിക്കുന്നുണ്ട്. ഇതില്‍ അടങ്ങിയിരിക്കുന്ന സാന്‍തോണ്‍സും അനുബന്ധഘടകങ്ങളും ഞരമ്പുകളെ സംരക്ഷിക്കുന്നു. അള്‍സര്‍, മലേറിയ, കാന്‍സര്‍ തുടങ്ങി നിരവധി രോഗങ്ങളെ പ്രതിരോധിക്കാന്‍ ശേഷിയുണ്ട്. തണുപ്പുകാലത്തെ ഉദരരോഗങ്ങള്‍ക്ക് ഔഷധവുമാണ്. ആനചികിത്സയിലും കുടംപുളി ഉപയോഗിക്കുന്നുണ്ട്.