കോട്ടയം: മൂന്ന് വര്‍ഷമായി ശ്വാസകോശത്തില്‍ കുടുങ്ങിയ മീന്‍ മുള്ളുമായി ദുരിതജീവിതം തള്ളിനീക്കിയ ടാന്‍സാനിയന്‍ പൗരന് കാരിത്താസില്‍ നിന്ന് ആശ്വാസത്തോടെ മടക്കം. കോട്ടയം കാരിത്താസ് ആശുപത്രിയിലാണ് മൂന്ന് വര്‍ഷമായി ശ്വാസകോശത്തില്‍ കുടുങ്ങിയ മീന്‍മുള്ള് ശസ്‌ത്രക്രിയയില്ലാതെ നീക്കം ചെയ്‌തത്. 60 വയസ്സുള്ള ടാന്‍സാനിയന്‍ പൗരന്റെ ഇടത് ശ്വാസകോശത്തിലാണ് മൂന്ന് വര്‍ഷമായി കുടുങ്ങിയിരുന്ന മീന്‍മുള്ള് ശസ്‌ത്രക്രിയ കൂടാതെയുള്ള ബ്രോങ്കോസ്‌കോപിക് ചികിത്സയിലൂടെ നീക്കം ചെയ്‌തത്.
കഴിഞ്ഞ മൂന്ന് വര്‍ഷമായി തുടര്‍ച്ചയായ ചുമയും ശ്വാസമുട്ടലും അനുഭവപ്പെട്ടിരുന്ന രോഗി പല ചികിത്സകള്‍ക്കും വിധേയനായെങ്കിലും ആശ്വാസം ലഭിച്ചിരുന്നില്ല. കാന്‍സര്‍ രോഗസംശയത്തെ തുടര്‍ന്ന് നടത്തിയ പരിശോധനകളില്‍ ഇടത് ശ്വാസകോശം പൂര്‍ണ്ണമായും അടഞ്ഞ നിലയില്‍ കണ്ടെത്തി. ആദ്യഘട്ടത്തില്‍ ഇത് ശ്വാസകോശ കാന്‍സറാണെന്ന് സംശയിച്ചിരുന്നു. എന്നാല്‍ പള്‍മണോളജി വിഭാഗം നടത്തിയ വിശദമായ തുടര്‍ പരിശോധനയില്‍, മീന്‍മുള്ള് ട്യൂമര്‍ പോലുള്ള അണുബാധാ വളര്‍ച്ചയ്‌ക്കുള്ളില്‍ മറഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു.
എന്‍ഡോബ്രോങ്കിയല്‍ ഡിബള്‍ക്കിംഗ് വഴി ഭാഗികമായി വളര്‍ച്ച നീക്കം ചെയ്‌തതിന് ശേഷമാണ് മീന്‍മുള്ള് ദൃശ്യമായത്. ഏകദേശം രണ്ട് മണിക്കൂര്‍ നീണ്ട ബ്രോങ്കോസ്‌കോപിക് പ്രക്രിയയിലൂടെ തുറന്ന ശസ്‌ത്രക്രിയയില്ലാതെതന്നെ മീന്‍മുള്ള് നീക്കം ചെയ്യാന്‍ സാധിച്ചു. ഡോ. ഫൈറൂസ് ഫാത്തിമ (ഇന്റര്‍വെന്‍ഷണല്‍ പള്‍മണോളജിസ്‌റ്റ്), ഡോ. ദീപു (സീനിയര്‍ പള്‍മണോളജിസ്‌റ്റ്), ഡോ. ശ്യാം (അനസ്‌തീഷ്യോളജിസ്‌റ്റ്), ഡോ. എലിസബത്ത്, (പള്‍മണോളജിസ്‌റ്റ്) ബ്രോങ്കോസ്‌കോപ്പി ടെക്‌നീഷ്യന്‍ സൈമണ്‍ എന്നിവര്‍ ഉള്‍പ്പെടുന്ന സംഘമാണ് ചികിത്സയ്‌ക്ക് നേതൃത്വം നല്‍കിയത്.
വര്‍ഷങ്ങളായി മാറാത്ത ചുമയും ശ്വാസമുട്ടലും എല്ലായ്‌പ്പോഴും ആസ്‌ത്മയോ ശ്വാസകോശരോഗങ്ങളോ അല്ല, ശ്വാസകോശത്തില്‍ കുടുങ്ങിയ വസ്‌തുക്കളോ തുടര്‍ന്നുണ്ടാകുന്ന അണുബാധയോ കാരണവുമാകാമെന്ന് ഡോക്‌ടര്‍മാര്‍ അഭിപ്രായപ്പെട്ടു .




