Sports

ആ വലിയ കടമ്പ ഇന്ത്യ അനായാസം മറികടന്നു ; ടെസ്റ്റിലെ ഏറ്റവും കൂടുതല്‍ വിജയങ്ങളില്‍ നാലാമത്

പാകിസ്താനെതിരേ പരമ്പരനേട്ടവുമായി എത്തിയ ബംഗ്‌ളാദേശിനെതിരേ ആദ്യ ടെസ്റ്റ് മത്സരത്തില്‍ തന്നെ കൂറ്റന്‍ വിജയം നേടിയതിലൂടെ ഇന്ത്യ ക്രിക്കറ്റില്‍ കുറിച്ചത് അസാധാരണ റെക്കോഡ്. ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ ഞായറാഴ്ച 280 റണ്‍സിന്റെ വിജയം നേടിയപ്പോള്‍ ഇന്ത്യ തോല്‍വികളുടെ എണ്ണം മറികടന്നു. ചെന്നൈയില്‍ ഇന്ത്യ കളിക്കാനായി ഇറങ്ങുമ്പോള്‍ ഇന്ത്യയ്ക്ക് ജയത്തിന്റെയും തോല്‍വിയുടേയും എണ്ണം 178 വീതമായിരുന്നു. എന്നാല്‍ ആദ്യ മത്സരത്തിലെ തന്നെ ജയത്തോടെ ജയക്കണക്ക് 179 ആയി തോല്‍വിക്ക് മേലെ ഉയര്‍ന്നു.

1932ല്‍ അരങ്ങേറ്റത്തിന് ശേഷം ഇന്ത്യ ടെസ്റ്റ് കളിക്കാന്‍ തുടങ്ങിയിട്ട് 92 വര്‍ഷമായി ജയത്തോടെ, ടെസ്റ്റില്‍ തോല്‍വികളേക്കാള്‍ കൂടുതല്‍ വിജയങ്ങള്‍ നേടി അപൂര്‍വ നേട്ടം കൈവരിച്ചു. 580 ടെസ്റ്റുമത്സരങ്ങളില്‍ കളിച്ചിട്ടുള്ള ഇന്ത്യ ഏറ്റവും കൂടുതല്‍ ജയവുമായി ദക്ഷിണാഫ്രിക്കയ്‌ക്കൊപ്പം നാലാമതുണ്ട്. 414 ജയവും 218 തോല്‍വിയുമുള്ള ഓസ്‌ട്രേലിയയാണ് പട്ടികയില്‍ ഒന്നാമത്. 397 ജയവും 325 തോല്‍വിയുമുള്ള ഇംഗ്‌ളണ്ട് രണ്ടാമതും 183 ജയവും 214 തോല്‍വിയുമുള്ള വെസ്റ്റിന്‍ഡീസാണ് മൂന്നാമത്. ദക്ഷിണാഫ്രിക്കയ്ക്ക് 179 ജയവും 161 തോല്‍വിയുമുള്ളപ്പോള്‍ അഞ്ചാമതുള്ള പാകിസ്താന്‍ 148 ജയവും 144 തോല്‍വിയും നേടി.

ഒന്നാം ടെസ്റ്റിന്റെ നാലാം ദിനത്തില്‍ തന്നെ ഇന്ത്യ ബംഗ്ലാദേശിനെ തോല്‍പ്പിച്ചു. ആര്‍ അശ്വിന്റെ 113 റണ്‍സിന്റെ പിന്‍ബലത്തില്‍ ആദ്യ ഇന്നിംഗ്‌സില്‍ 376 റണ്‍സ് എടുത്ത ഇന്ത്യ ബംഗ്ലാദേശിനെ 149 റണ്‍സിന് പുറത്താക്കി. ഋഷഭ് പന്തിന്റെയും ശുഭ്മാന്‍ ഗില്ലിന്റെയും സെഞ്ച്വറികളുടെ ബലത്തില്‍ അവരുടെ രണ്ടാം ഇന്നിംഗ്‌സ് 4 വിക്കറ്റിന് 287 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത ബംഗ്‌ളാദേശിന് മുന്നില്‍ ആവശ്യപ്പെട്ടത് 515 റണ്‍സ് പിന്തുടരാനായിരുന്നു. എന്നാല്‍ അവരെ 234 റണ്‍സിന് മടക്കി. അശ്വിന്‍ 88 റണ്‍സിന് 6 എന്ന നിലയില്‍ തിളങ്ങി.

Leave a Reply

Your email address will not be published. Required fields are marked *