Oddly News

സ്ത്രീസംഘടനകള്‍ക്ക് എതിര്‍പ്പ് ; ദക്ഷിണകൊറിയയിലെ ‘ലൈംഗികോത്സവം’ റദ്ദാക്കി

പൊതു പ്രതിഷേധത്തെ തുടര്‍ന്ന് ദക്ഷിണകൊറിയില്‍ ആദ്യമായി അവതരിപ്പിക്കാനിരുന്ന ‘ലൈംഗികോത്സവം’ വേണ്ടെന്നു വെച്ചു. ‘കെഎക്‌സ്എഫ്’ എന്ന പേരില്‍ കഴിഞ്ഞ വാരാന്ത്യത്തില്‍ നടത്താനിരുന്ന പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രമുള്ള ഷോ നടന്നാല്‍ ആക്രമണത്തിന് കാരണമാകുമെന്ന ഭയത്തെ തുടര്‍ന്ന് പരിപാടി നടക്കുന്നതിന് 24 മണിക്കൂര്‍ മുമ്പായി സംഘാടകരായ പ്‌ളേജോക്കര്‍ റദ്ദാക്കുകയായിരുന്നു. ഏപ്രില്‍ 21, 22 തീയതികളില്‍ സിയോളിലെ ജാംവോണ്‍ ഹാങ്ഗാങ് പാര്‍ക്കില്‍ ഒരു കപ്പലില്‍ ആയിരുന്നു ഇത് നടക്കേണ്ടിയിരുന്നത്.

പോണ്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജാപ്പനീസ് താരങ്ങളുടെ ‘സ്ട്രിപ് ഷോ’കളും നഗ്നതയും ഫാഷന്‍ഷോകളും സെക്‌സ്‌ടോയ്കളുടെ പ്രദര്‍ശനം ഹാര്‍ഡ്‌കോര്‍ പോര്‍ണോഗ്രാഫിയുടെ വില്‍പ്പന തുടങ്ങിയ കാര്യങ്ങള്‍ പറഞ്ഞിരുന്ന പരിപാടി കാണാന്‍ ആയിരക്കണക്കിന് ആരാധകര്‍ ഒഴുകിയെത്താനിരിക്കുന്നതിനിടെയാണ് പരിപാടി നിര്‍ത്തി വെച്ചത്. ദക്ഷിണകൊറിയയിലെ കടുത്ത യാഥാസ്ഥിതികര്‍ പരിപാടിക്കെതിരേ രംഗത്ത് വരികയായിരുന്നു. നിര്‍ദിഷ്ട ഇവന്റ് ‘ധാര്‍മ്മികമായി ഹാനികരം’ എന്ന് പ്രാദേശിക അധികാരികള്‍ ആക്ഷേപിച്ചു. അനുമതി ലഭിക്കാനും ബുദ്ധിമുട്ടായതിനാല്‍ സംഘാടകര്‍ പുതിയ വേദികള്‍ തിരയാന്‍ നിര്‍ബന്ധിതരായി. ടിക്കറ്റുകള്‍ റദ്ദാക്കേണ്ടി വന്നതിനാല്‍ കനത്ത നഷ്ടമാണ് സംഘാടകര്‍ക്ക് ഉണ്ടായത്.

പരിപാടിക്കെതിരേ കൊറിയയിലെ വനിതാസംഘങ്ങളും രംഗത്ത് വന്നു. ‘ലൈംഗികതയുടെ ആഘോഷം’ എന്നതിലുപരി ഇത് സ്ത്രീകളെ ചൂഷണം ചെയ്യുന്നതിനും വസ്തുക്കളെപ്പോലെ പരിഗണിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുമെന്നുമായിരുന്നു അവരുടെ വാദം. എല്ലാ പ്രതിസന്ധികള്‍ക്കും ഒടുവില്‍ സംഘാടകര്‍ ഒരു ലൊക്കേഷന്‍ ഉറപ്പിച്ചപ്പോള്‍, നടിമാരുടെ ഏജന്റ് അവര്‍ക്ക് ഇനി പങ്കെടുക്കാന്‍ കഴിയില്ലെന്ന് പറഞ്ഞതായും അവര്‍ക്ക് ഷോയ്ക്കിടെ ആക്രമിക്കപ്പെടുമെന്ന് ഭയക്കുന്നതായും വ്യക്തമാക്കി. സംഭവങ്ങള്‍ അചിന്തനീയമായ വഴിത്തിരിവ് കൈവരിച്ചതില്‍ നിരാശ പ്രകടിപ്പിച്ച സംഘാടകനായ ലീ ഹീ ടെ യും തനിക്ക് വധഭീഷണിയുണ്ടെന്ന് പറഞ്ഞു.

സമത്വത്തിന്റെ അവകാശവാദങ്ങള്‍ക്ക് വിരുദ്ധമായി, ഫെസ്റ്റിവല്‍ അതിന്റെ മാര്‍ക്കറ്റിംഗിലൂടെ പുരുഷന്മാരെ ലക്ഷ്യം വച്ചുള്ളതാണെന്ന് പ്രചാരകര്‍ വാദിക്കുന്നു, ”ഇത് കുറച്ച് വസ്ത്രം ധരിച്ച യുവതികളെ കാണിക്കുന്നു. സംഘാടകര്‍ എന്തുതന്നെ പറഞ്ഞാലും, ഇത് സെക്സിന്റെ ആഘോഷമല്ല, മറിച്ച് സ്ത്രീകളെ ചൂഷണം ചെയ്യുകയും വസ്തുനിഷ്ഠമാക്കുകയും ചെയ്യുന്നു, ലൈംഗിക വ്യവസായം സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നു,” സുവോണിന്റെ വനിതാ ഹോട്ട്ലൈന്‍ ഡയറക്ടര്‍ ഗോ യൂന്‍-ച പറഞ്ഞു. എന്നിരുന്നാലും, ജൂണില്‍ ഇവന്റ് നടത്തുമെന്ന് കമ്പനി വ്യക്തമാക്കി. ഇടപെടാന്‍ നഗരത്തിന് ഉദ്ദേശ്യമില്ലെന്ന് സോളിന്റെ മേയര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.