റിപ്പബ്‌ളിക് ദിനത്തില്‍ റിലീസ് ചെയ്ത ഹൃത്വിക് റോഷന്റെ ഫൈറ്റര്‍ കണക്കുകള്‍ പ്രകാരം ബോക്സ് ഓഫീസ് വിജയത്തിലേക്കുള്ള പാതയിലാണ്. പുറത്തിറങ്ങി രണ്ടു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ 100 കോടിയിലേക്ക് കുതിക്കുന്ന സിനിമ ഹൃത്വിക്കിന്റെ പതിനാലാമത്തെ 100 കോടി ചിത്രമായിട്ടാണ് മാറിയിരിക്കുന്നത്. അഗ്‌നിപഥിനും കാബിലിനും ശേഷം റിപ്പബ്ലിക് ദിന അവധിക്ക് റിലീസ് ചെയ്ത് വിജയം നേടുന്ന കാര്യത്തില്‍ ഹൃത്വിക് റോഷന് ഹാട്രിക്കും സിനിമ നല്‍കി. എന്നാല്‍ സിനിമയ്ക്കായി ഹൃത്വിക് വാങ്ങിയ പ്രതിഫലം കണ്ണുതള്ളിച്ചിരിക്കുകയാണ്.
ബോളിവുഡ് ലൈഫിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ചിത്രത്തിലെ നായകന്‍ ഹൃത്വിക് റോഷന് അമ്പരപ്പിക്കുന്ന പ്രതിഫലം ലഭിച്ചു. ഈ ആക്ഷന്‍ പായ്ക്ക്ഡ് പോട്ട് ബോയിലറിന് 50 കോടി രൂപ താരം പ്രതിഫലം വാങ്ങിയെന്നാണ് കേള്‍ക്കുന്നത്. സിനിമയിലെ നായിക ദീപിക പദുക്കോണ്‍ 15 കോടിയും അനില്‍ കപൂര്‍ 7 കോടിയും വില്ലനായി എത്തിയ കരണ്‍ സിംഗ് ഗ്രോവര്‍ 2 കോടിയും സ്വന്തമാക്കി. അതേസമയം സിനിമയുടെ വിജയക്കുതിപ്പ് ഹൃത്വിക്ക് മറ്റൊരു നേട്ടം കൂടിയായി മാറും. 2019 ല്‍ പുറത്തുവന്ന വാര്‍ സിനിമയ്ക്ക് ശേഷം ഒറ്റ ദിവസം കൊണ്ട് 40 കോടി നേടുന്ന സിനിമയാണ് ഫൈറ്റര്‍. വിദേശത്തും സിനിമ മികച്ച കളക്ഷന്‍ നേടുന്നുണ്ട്. ഓസ്ട്രേലിയയില്‍ ഹൃത്വിക് റോഷന്റെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രവും ഫൈറ്ററാണ്.
സിനിമയുടെ സംവിധായകന്‍ സിദ്ധാര്‍ത്ഥ് ആനന്ദിനും ഫൈറ്റര്‍ നല്‍കുന്നത് മികച്ച നേട്ടമാണ്. 2023-ല്‍ പുറത്തിറങ്ങിയ ഷാരൂഖിന്റെ പത്താന് പിന്നാലെയാണ് എക്കാലത്തെയും വലിയ രണ്ടാമത്തെ റിപ്പബ്ലിക് ദിന കളക്ഷന്റെ തലക്കെട്ടോടെ ഫൈറ്ററും സിദ്ധാര്‍ത്ഥിന്റെ ആവനാഴിയില്‍ നിന്നും പുറത്തു വരുന്നത്. നേരത്തേ 2000 മുതല്‍ 100 കോടി ക്ലബ്ബില്‍ പ്രവേശിക്കുന്നത് ശീലമാക്കി മാറ്റിയിരിക്കുന്ന ഹൃത്വിക് റോഷന്‍ നേട്ടം തുടരുകയാണ്. കഭി ഖുഷി കഭി ഗം, ക്രിഷ്, ധൂം 2, ജോധാ അക്ബര്‍ എന്നീ നാല് ചിത്രങ്ങളിലൂടെ ഹൃത്വിക് റോഷന്‍ ഈ നേട്ടം കൈവരിച്ചു.