Health

രാത്രി 7-8 മണിക്കൂർ ഉറങ്ങിയാലും രാവിലെ ക്ഷീണം തോന്നുന്നുണ്ടോ? കാരണങ്ങള്‍ ഇവയാകാം

ഒരുപാട് ജോലി ചെയ്‌തതിന് ശേഷം ക്ഷീണം തോന്നുക സ്വാഭാവികമാണ്. എന്നാൽ സാധാരണയായി, അത്തരം ക്ഷീണം രാത്രി ഒരു ഉറക്കത്തിന് ശേഷം അപ്രത്യക്ഷമാകും. എന്നാല്‍ രാത്രി 7-8 മണിക്കൂർ ഉറങ്ങിയാലും രാവിലെ ക്ഷീണം തോന്നുന്നുണ്ടോ? രാവിലെ ഉറക്കമുണർന്നതിനുശേഷവും ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കിൽ ശ്രദ്ധിക്കുക, നിങ്ങള്‍ക്ക് ചില ആരോഗ്യ പ്രശ്നങ്ങളുണ്ട് .

ഇന്നത്തെ തിരക്കേറിയ ജീവിതത്തിൽ ക്ഷീണം ഒരു സാധാരണ പ്രശ്നമായി മാറിയിരിക്കുന്നു. ജോലി സമ്മർദം, കുടുബജീവിതത്തിലെ സമ്മർദ്ദം, ഉറക്കക്കുറവ് എന്നിങ്ങനെ പല കാരണങ്ങളും നിങ്ങളെ ക്ഷീണിപ്പിക്കുന്നു. എന്നാൽ ചില പോഷകങ്ങളുടെ അഭാവവും നിങ്ങളുടെ ക്ഷീണത്തിന് കാരണമാകുമെന്ന് നിങ്ങൾക്കറിയാമോ? നിങ്ങളുടെ ശരീരത്തിന് എപ്പോഴും ക്ഷീണം തോന്നുന്നതിന് കാരണമായേക്കാവുന്ന അത്തരം 5 പോരായ്മകളെക്കുറിച്ച് നമുക്ക് നോക്കാം-

ഇരുമ്പിന്റെ കുറവ്

രക്തത്തിൽ ഓക്സിജൻ വഹിക്കുന്ന ഹീമോഗ്ലോബിൻ ഉത്പാദിപ്പിക്കാൻ ഇരുമ്പ് ശരീരത്തെ സഹായിക്കുന്നു. നിങ്ങൾക്ക് ശരീരത്തില്‍ ഇരുമ്പിന്റെ കുറവുമൂലമുള്ള അനീമിയ ഉണ്ടാകാം. ക്ഷീണം, ബലഹീനത, തലകറക്കം എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ. അത്തരമൊരു സാഹചര്യത്തിൽ, പച്ച ഇലക്കറികൾ, മാംസം, പയർവർഗ്ഗങ്ങൾ തുടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഇരുമ്പിന്റെ കുറവ് പരിഹരിക്കാൻ ഗുണം ചെയ്യും.

വിറ്റാമിൻ ബി 12 കുറവ്

ആരോഗ്യമുള്ള ശരീരത്തിന് വിറ്റാമിൻ ബി 12 വളരെ പ്രധാനമാണ്, കാരണം ഇത് ഞരമ്പുകളും രക്തകോശങ്ങളും ഉത്തേജിപ്പിക്കുന്നു. നിങ്ങളുടെ ശരീരത്തിൽ വിറ്റാമിൻ ബി 12 കുറവാണെങ്കിൽ, നിങ്ങൾക്ക് ക്ഷീണം, ബലഹീനത, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട് എന്നിവ ഉണ്ടാകാം. പാലുൽപ്പന്നങ്ങൾ, മുട്ട, മാംസം, ബീൻസ് തുടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് വിറ്റാമിൻ ബി 12 വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കും.

വിറ്റാമിൻ ഡി കുറവ്

വൈറ്റമിൻ ഡി ശരീരത്തിലെ കാൽസ്യം ആഗിരണം ചെയ്യാൻ സഹായിക്കുകയും ഊർജനില നിലനിർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുകയും ചെയ്യുന്നു. ഇതിന്റെ കുറവ് പേശികളുടെ ബലഹീനതയ്ക്കും ക്ഷീണത്തിനും കാരണമാകും. അത്തരമൊരു സാഹചര്യത്തിൽ, വിറ്റാമിൻ ഡി ലഭിക്കാനായി മിതമായ അളവില്‍ സൂര്യപ്രകാശം കൊള്ളുക, കൊഴുപ്പുള്ള മത്സ്യം, മുട്ട എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക എന്നിവ മാര്‍ങ്ങള്‍ തേടാം..

മഗ്നീഷ്യം കുറവ്

പേശികളുടെയും നാഡീവ്യവസ്ഥയുടെയും ശരിയായ പ്രവർത്തനത്തിന് മഗ്നീഷ്യം അത്യാവശ്യമാണ്. ഇതിന്റെ കുറവ് പേശികളുടെ പിരിമുറുക്കം, ക്ഷീണം, സമ്മർദ്ദം എന്നിവയ്ക്ക് കാരണമാകും. അതിന്റെ കുറവ് മറികടക്കാൻ, നിങ്ങൾക്ക് പരിപ്പ്, വിത്തുകൾ, ധാന്യങ്ങൾ എന്നിവ പോലുള്ള ഭക്ഷണങ്ങൾ കഴിക്കാം.

ഫോളേറ്റ് കുറവ്

വിറ്റാമിൻ ബി9 എന്നറിയപ്പെടുന്ന ഫോളേറ്റ് ശരീരത്തിലെ പുതിയ കോശങ്ങളുടെ രൂപീകരണത്തിന് സഹായിക്കുന്നു. ഇതിന്റെ കുറവ് ക്ഷീണം, വിഷാദം, ശ്രദ്ധക്കുറവ് എന്നിവയ്ക്കും കാരണമാകും. പച്ച ഇലക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ എന്നിവയുടെ ഉപയാഗം ഫോളേറ്റിന്റെ കുറവു നികത്താന്‍ ഫലപ്രദമാണ്.

ഈ കാര്യങ്ങളും മനസ്സിൽ വയ്ക്കുക

ശരീരത്തിന്റെ ഊർജത്തിന് സമീകൃതാഹാരം കഴിക്കേണ്ടത് വളരെ പ്രധാനമാണ്. കൂടാതെ, വെള്ളം കുടിക്കാൻ മറക്കരുത്. ശരീരത്തിലെ ജലാംശത്തിന്റെ അഭാവം മൂലവും ക്ഷീണം ഉണ്ടാകാം. ശ്രദ്ധിക്കുക, നിങ്ങൾക്ക് നിരന്തരം ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കിൽ തീര്‍ച്ചയായും ഒരു ഡോക്ടറെ തന്നെ സമീപിക്കണം.