നെറ്റ്‌സില്‍ സഹോദരന്റെ പുറകില്‍ നിന്നാണ് ബാറ്റ് ചെയ്യാന്‍ പഠിച്ചതെന്ന് ഇന്ത്യന്‍ വനിതാക്രിക്കറ്റിലെ സൂപ്പര്‍താരം സ്മൃതി മന്ദന. വലംകൈ വശമുള്ള താന്‍ ചേട്ടന്‍ ഇടംകയ്യനായതിനാല്‍ അവന് പിന്നില്‍ നിന്നും ബാറ്റ് ചെയ്യാന്‍ പഠിച്ചതിനെ തുടര്‍ന്നാണ് ഇടംകൈ ബാറ്ററായി മാറിയതെന്നും പറഞ്ഞു.
ഓസ്ട്രേലിയയ്ക്കെതിരായ ടി20, ഏകദിന പരമ്പരകളില്‍ പങ്കെടുക്കാന്‍ ഒരുങ്ങുന്ന സ്മൃതിമന്ദാന അമിതാഭ്ബച്ചന്റെ കോന്‍ ബനേഗ ക്രോര്‍പതിയുടെ സെറ്റില്‍ വെച്ചാണ് താന്‍ ക്രിക്കറ്റിലേക്ക് എത്തിയതിനെക്കുറിച്ച് പറഞ്ഞത്. തന്റെ സഹോദരന്‍ നെറ്റ്‌സില്‍ ബാറ്റ് ചെയ്യുന്നത് കണ്ടാണ് തന്റെ ബാറ്റിംഗ് വലംകൈയ്യന്‍ എന്നതില്‍ നിന്ന് ഇടംകൈയ്യനായി മാറ്റിയതെന്നും മന്ദാന പറഞ്ഞു.
”ഞാനും പരിശീലനത്തിന് പോകും. എന്റെ സഹോദരന് പന്തുകള്‍ എടുത്തു കൊടുക്കും. നെറ്റ്‌സില്‍ അവന്റെ പുറകില്‍ നിന്ന് ഞാന്‍ ബാറ്റ് ചെയ്യാന്‍ പഠിച്ചു. ഞാന്‍ വലംകൈയാണ്, പക്ഷേ എന്റെ സഹോദരന്‍ ഇടംകയ്യനായതിനാല്‍, ഞാന്‍ ഇടംകൈയ്യന്‍ ബാറ്റ് ചെയ്യാന്‍ പഠിച്ചു. ഞാന്‍ അവന്റെ പുറകില്‍ നില്‍ക്കുകയും അവന്‍ ബാറ്റ് ചെയ്യുന്നത് കാണുകയും ചെയ്യുമായിരുന്നു. അങ്ങനെയാണ് ഞാന്‍ എന്റെ ക്രിക്കറ്റ് യാത്ര തുടങ്ങിയത്.” അവര്‍ കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ കുട്ടികളില്‍ ഒരാള്‍ ദേശീയ നിറങ്ങള്‍ ധരിക്കുന്നത് തന്റെ പിതാവിന്റെ സ്വപ്‌നമായിരുന്നെന്നും പറഞ്ഞു.
”കുട്ടിക്കാലം മുതല്‍, എന്റെ അച്ഛനും സഹോദരങ്ങളും ക്രിക്കറ്റ് കളിക്കാരായിരുന്നു. എന്റെ പിതാവിന് ക്രിക്കറ്റ് ഒരു പ്രൊഫഷനായി പിന്തുടരാന്‍ അവസരം ലഭിച്ചിരുന്നില്ല. അതിനാല്‍, അവരുടെ രണ്ട് മക്കളും ക്രിക്കറ്റ് കളിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. ഒരാള്‍ ഇന്ത്യയെ പ്രതിനിധീകരിക്കുമെന്ന് പ്രതീക്ഷിച്ചു. അതിനാല്‍ ഞാന്‍ എന്റെ കുട്ടിക്കാലം മുതല്‍ ക്രിക്കറ്റിനെ കുറിച്ച് കേട്ടിട്ടുണ്ട്, ഒരുപക്ഷേ ഞാന്‍ എന്റെ അമ്മയുടെ ഉദരത്തില്‍ ആയിരുന്നപ്പോള്‍ മുതല്‍.” സ്മൃതി മന്ദന പറഞ്ഞു.
കഴിഞ്ഞ ഏഴ് വര്‍ഷമായി ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന്റെ ദീപശിഖ വഹിക്കുന്ന താരം, ഇതിനകം നിരവധി മാച്ച് വിന്നിംഗ് നാക്കുകള്‍ കളിച്ചിട്ടുണ്ട്. അടുത്തിടെ മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ ഓസ്ട്രേലിയയ്ക്കെതിരായ ഇന്ത്യയുടെ ചരിത്ര ടെസ്റ്റില്‍ കളിച്ച മന്ദാന ഇന്ത്യന്‍ വനിതാ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയാണ്. 6 ടെസ്റ്റുകള്‍, 80 ഏകദിനങ്ങള്‍, 125 ടി20കള്‍ എന്നിവയില്‍ നിന്ന് യഥാക്രമം 480, 3179, 2998 റണ്‍സ് മന്ദാന നേടി. ഇതില്‍ ആറ് സെഞ്ചുറികളും 51 അര്‍ധസെഞ്ചുറികളുമുണ്ട്. വനിതാ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റന്‍ കൂടിയാണ് അവര്‍.