ലഖ്നൗ: ആറു വയസ്സുള്ള തന്റെ മകളെ ബലാൽസംഗം ചെയ്ത സ്വവർഗ്ഗ പങ്കാളിയുടെ ജനനേന്ദ്രിയം മുറിച്ച് പിതാവ്. ഉത്തർപ്രദേശിലെ ഡയോറിയ ജില്ലയിലാണ് സംഭവം. ഇതിന് പിന്നാലെ പിതാവ് ജീവനൊടുക്കുകയും ചെയ്തു. അടുത്തുള്ള ഓർക്കസ്ട്രയില്‍ ജോലി ചെയ്യുകയായിരുന്നു പീഡിപ്പിക്കപ്പെട്ട ആറു വയസ്സുകാരിയുടെ അച്ഛൻ. 32 കാരനായ ഇയാൾ ഭാര്യയുമായി വേർപിരിഞ്ഞ ശേഷം ഡയോറിയയിൽ ഒരു മുറിയെടുത്ത് താമസിക്കുകയായിരുന്നു. ഇയാൾക്കൊപ്പം രാംബാബു യാദവ് എന്ന 35 കാരനായ സുഹൃത്തും ഒപ്പം താമസിച്ചിരുന്നു. ഇതിനിടയിൽ രണ്ടുപേർക്കും ഇടയിൽ ബന്ധം വളരുകയും അവര്‍ പ്രണയത്തിലാവുകയും ചെയ്തു.
ഒരു ദിവസം പിതാവിനെ കാണുന്നതിനായി ഈ മുറിയിൽ എത്തിയ ആറു വയസ്സുകാരിയെ രാംബാബു യാദവ് ബലാത്സംഗം ചെയ്തു എന്നാണ് കേസ്. സംഭവം അറിഞ്ഞതോടെ പിതാവ് രാംബാബുവിനെ ചോദ്യം ചെയ്തു. വാക്കു തർക്കം കയ്യാങ്കളിയായി മാറി. പിന്നാലെ പിതാവ് സ്വവർഗ്ഗ പങ്കാളിയുടെ ജനനേന്ദ്രിയം അറുത്തു മാറ്റുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം കുട്ടിയുടെ പിതാവ് ആദ്യം പോലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ വകുപ്പ് ചുമത്തി പോലീസ് രാംബാബു യാദവിനെതിരെ കേസ് ഫയൽ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പിതാവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. ആറു വയസ്സുകാരിയെ അമ്മയുടെ മാതാപിതാക്കളുടെ വീട്ടിലേക്ക് മാറ്റി.




