Crime

നരഹത്യാക്കേസിൽ പിതാവിനെ അറസ്റ്റ് ചെയ്തു; പിന്നാലെ മകൻ കുളത്തിൽ ചാടി മരിച്ചു

നരഹത്യാക്കേസിൽ അച്ഛനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പതിനേഴുകാരനായ മകൻ കുളത്തിൽ ചാടി മരിച്ചു. കാഞ്ഞങ്ങാട് സ്വദേശിയും കരാറുകാരനുമായ നരേന്ദ്രന്റെ മകൻ കാശിനാഥനാണ് മരിച്ചത്. കാഞ്ഞങ്ങാട്ടെ വ്യവസായിയായ റോയ് ജോസഫിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് നരേന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഒരു കെട്ടിടത്തിൽനിന്ന് വീണാണ് റോയ് മരിച്ചത്. റോയിയെ നരേന്ദ്രൻ തള്ളിയിട്ടതാണെന്ന് റോയിയുടെ കുടുംബം ആരോപിച്ചിരുന്നു. ഈ ആരോപണത്തെ തുടർന്ന് നരേന്ദ്രനെതിരെ നരഹത്യാക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അച്ഛനെ അറസ്റ്റ് ചെയതിന് പിന്നാലെയാണ് കാശിനാഥൻ ജീവനൊടുക്കിയത്. വെള്ളിക്കോത്ത്‌ പെരളത്തെ ഏഴുപ്ലാക്കല്‍ റോയി ജോസഫ്‌ (48) ആണ്‌ ഇന്നലെ പുലര്‍ച്ചെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്‌.

ഞായറാഴ്‌ചയാണു മാവുങ്കാല്‍ മൂലക്കണ്ടത്ത്‌ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ മൂന്നാം നിലയില്‍നിന്നു റോയി താഴെ വീണത്‌.
കരാറുകാരന്‍ നരേന്ദ്രനുമായി മൂന്നാം നിലയില്‍ സംസാരിച്ചുകൊണ്ടിരിക്കെ നിര്‍മാണം സംബന്ധിച്ച്‌ തര്‍ക്കമുണ്ടാകുകയും നരേന്ദ്രന്‍ തന്നെ ചവിട്ടി താഴെയിട്ടുവെന്നും ആശുപത്രിയിലേക്കു പോകുന്നതിനിടെ ഭാര്യ ജിന്‍സിയോടും ബന്ധുക്കളോടും റോയി പറഞ്ഞിരുന്നു. സംഭവത്തില്‍ ജോയിയുടെ സുഹൃത്ത്‌ ഷാജിയുടെ പരാതിയില്‍ പോലീസ്‌ കേസെടുത്ത്‌ അന്വേഷണം നടത്തിവരികയായിരുന്നു.

കേസില്‍ കരാറുകാരന്‍ പുല്ലൂര്‍ സ്വദേശി നരേന്ദ്രനെ ഹോസ്‌ദുര്‍ഗ്‌ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. ഇയാള്‍ക്കെതിരേ പോലീസ്‌ നേരത്തെ വധശ്രമത്തിനു കേസെടുക്കുകയും ചോദ്യംചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്‌ നല്‍കുകയും ചെയ്‌തിരുന്നു. എന്നാല്‍, ഹാജരായിരുന്നില്ല. ഇതിനിടയിലാണ്‌ റോയ്‌ മരിച്ചത്‌. മഡിയനില്‍ അലൂമിനിയം സാമഗ്രികളുടെ വ്യാപാരിയായിരുന്നു റോയ്‌. ബിസിനസ്‌ വിപുലീകരണത്തിനായാണ്‌ മൂലക്കണ്ടത്ത്‌ മൂന്നുനില കെട്ടിടത്തിന്റെ പണി ആരംഭിച്ചത്‌.