മനസ്സുനിറയെ വന്‍ സ്വപ്നങ്ങളുമായി കൗമാരത്തിലേയ്ക്ക് കടക്കുമ്പോള്‍ ജീവിതം തന്നെ തലകീഴായി മറിക്കാവുന്ന ദുരന്തമായിരിക്കും ചിലരെ കാത്തിരിക്കുക. ജീവിതത്തില്‍ ഇത്തരം നിരാശകള്‍ ഉള്ളിലൊതുക്കി കഴിയുന്ന നിരവധി ആളുകള്‍ നമുക്ക് ചുറ്റുമുണ്ട്.എന്നാല്‍ സ്വന്തം മകളെ ദുരന്തത്തില്‍ അകപ്പെടുത്താതെ ചേര്‍ത്ത് പിടിച്ച ഒരമ്മയുടെ തണലില്‍ നിന്നും ചിറക് വിടര്‍ത്തി പറന്ന് ഐ പി എസ് സ്വന്തമാക്കിയ പെണ്‍കുട്ടിയുടെ കഥയാണ് ഉത്തര്‍പ്രദേശ് സ്വദേശിനിയായ ഇല്‍മ അഫ്രോസിന്റേത്.
ഒരു ചെറുകിട കര്‍ഷകന്റെ മകളായായിരുന്നു ഇല്‍മയുടെ ജനനം. പഠിച്ച് വലിയ ജോലി സ്വന്തമാക്കുകയെന്നതായിരുന്നു അവളുടെ സ്വപ്നം.പക്ഷെ വിധി വില്ലനായി മാറി . ക്യാന്‍സര്‍ ബാധിച്ച് അച്ഛന്‍ മരണപ്പെട്ടു. അതോടെ ഇല്‍മയുടെയും 12 വയസ്സുകാരനായ അനുജന്റെയും ഉത്തരവാദിത്വം മുഴുവന്‍ അമ്മ ഏറ്റെടുക്കുകയായിരുന്നു. ഡോക്ടറോ എന്‍ഞ്ചിനയറോ ആകണമെന്നായിരുന്നു കുഞ്ഞ് ഇല്‍മയുടെ സ്വപ്നം. എന്നാല്‍ വീട്ടിലെ സാഹചര്യം മനസ്സിലാക്കി തന്റെ ആഗ്രഹം അവള്‍ മനസ്സില്‍ മറച്ചുവച്ചു.
സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തികരിച്ചതിന് ശേഷം അവള്‍ തുടര്‍ വിദ്യാഭ്യാസത്തിനായി ഡല്‍ഹി സെന്റ് സ്റ്റീഫൻസ് കോളേജില്‍ ഫിലോസഫി വിദ്യാർഥിനിയായി. പിന്നാലെ തന്റെ പഠന മികവിലൂടെ പാരിസ് സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ അഫയേഴ്സില്‍ പഠനം നടത്താനുള്ള സ്‌കോളര്‍ഷിപ്പും കരസ്ഥമാക്കി. സ്‌കോളര്‍ഷിപ്പില്‍ ഫീസും മറ്റ് പഠനച്ചെലവുകളുമാണ് ഉണ്ടായിരുന്നത്. അങ്ങോട്ടേയ്ക്കുള്ള വിമാനയാത്രയ്ക്ക പണം നല്‍കിയത് അവളെ മകളെ പോലെ കണ്ട ഒരു കര്‍ഷകനാണ്. പാരിസിലെ പഠനകാലയളവില്‍ തന്നെ ഓക്സ്ഫഡില്‍ നിന്നും സ്‌കോളര്‍ഷിപ്പ് ലഭിച്ചു.
വിമാനത്തിൽ ഇരിക്കുമ്പോള്‍ തനിക്കുവേണ്ടി പൊരിവെയിലിൽ പാടത്ത് പണിയെടുക്കുന്ന ആ കര്‍ഷകന്റെ മുഖം മാത്രമായിരുന്നു ഇൽമയുടെ മനസില്‍. തനിക്കുവേണ്ടി കഷ്ടപ്പെടുന്നവര്‍ നാട്ടിലാണെന്ന ബോധം അവളെ പാരീസിന്റെ പകിട്ടുകളില്‍നിന്ന് അകറ്റി. അവിടെ നിന്നും ന്യൂയോര്‍ക്കിലേക്ക് ജോലിക്കായി എത്തി. എന്നാല്‍ തന്നില്‍ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്ന കുടുംബത്തിനും നാട്ടുകാര്‍ക്കും വേണ്ടി ജീവിക്കാനായാണ് അവള്‍ തീരുമാനിച്ചത്.തുടര്‍ന്ന് അവള്‍ ഇന്ത്യയിലെത്തി. പിന്നീട് സിവില്‍ സര്‍വീസിന് വേണ്ടിയുള്ള അധ്വാനത്തിന്റെ ദിനങ്ങളായിരുന്നു.
പരീക്ഷയില്‍ 217-ാം റാങ്ക് കരസ്ഥമാക്കി. അതും തന്റെ ഇരുപത്തിയാറാം വയസ്സില്‍. ഐ പി എസ് നേടിയ ശേഷം ഹിമാചല്‍ പ്രദേശ് കേഡറിലാണ് ജോലി ചെയ്തത്. തന്റെ അമ്മയുടെ കഠിനാധ്വാനവും കരുതുമാണ് തന്റെ വിജയങ്ങള്‍ക്കു പിന്നിലെന്ന് അവള്‍ കരുതുന്നു. പ്രതിസന്ധികളില്‍ പൊരുതി ജീവിക്കുന്ന സ്വന്തം നാട്ടിലെ കുട്ടികള്‍ക്ക് വേണ്ടി, അവര്‍ക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കാനായി ഹോപ്പ് എന്ന സംഘടനയും ഇല്‍മ ആരംഭിച്ചു.