Sports

ഒറ്റക്കൈകൊണ്ടെടുത്ത ഒരു ക്യാച്ചിന്‌ 1.07 കോടി ! വീഡിയോ

കേപ്‌ ടൗണ്‍: എസ്‌എ20 ക്രിക്കറ്റ്‌ ലീഗിലെ ഉദ്‌ഘാടന മത്സരത്തില്‍ ക്യാച്ചെടുത്ത ആരാധകന്‌ ലഭിച്ചത്‌ 1.07 കോടി രൂപ. ഡര്‍ബന്‍ സൂപ്പര്‍ ജയന്റ്‌സും എം.ഐ. കേപ്‌ ടൗണും തമ്മില്‍ നടന്ന ഉദ്‌ഘാടന മത്സരത്തിലാണു സംഭവം.

ഡര്‍ബന്‍ സൂപ്പര്‍ ജയന്റ്‌സ്‌ 15 റണ്ണിനു ജയിച്ചു. ഡര്‍ബന്‍ ഉയര്‍ത്തിയ 233 റണ്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന കേപ്‌ ടൗണിന്‌ 20 ഓവറില്‍ ഏഴ്‌ വിക്കറ്റിന്‌ 217 റണ്ണെടുക്കാനെ കഴിഞ്ഞുള്ളൂ. മത്സരത്തില്‍ റയാന്‍ റികല്‍ടണ്‍ സെഞ്ചുറിയടിച്ചെങ്കിലും കേപ്‌ ടൗണിനെ ജയിപ്പിക്കാനായില്ല. മത്സരത്തിനിടെ റിക്കല്‍ട്ടണിന്റെ ഒരു സിക്‌സര്‍ ആരാധകന്‍ കൈപ്പിടിയിലൊതുക്കിയിരുന്നു.

കേപ്‌ ടൗണ്‍ ഇന്നിങ്‌സിന്റെ 13-ാം ഓവറിലാണ്‌ സംഭവം. ഓവറിലെ നാലാം പന്ത്‌ റികല്‍ട്ടണ്‍ നിലംതൊടാതെ അതിര്‍ത്തി കടത്തി. ഗാലറിയിലേക്ക്‌ കുതിച്ച പന്ത്‌ ഒരു ആരാധകന്‍ ഒറ്റക്കൈകൊണ്ടെടുത്തു. ക്യാച്ചെടുത്ത യുവാവിനെ കാത്തിരുന്നതു പ്രതീക്ഷിക്കാത്ത സമ്മാനം. മത്സരത്തിനിടെ ഒറ്റക്കൈയ്യില്‍ ക്യാച്ചെടുക്കുന്ന കാണികള്‍ക്ക്‌ എസ്‌എ20 കോണ്ടസ്‌റ്റിന്റെ ഭാഗമായി പാരിതോഷികം ലഭിക്കും.



ആദ്യം ബാറ്റുചെയ്‌ത ഡര്‍ബന്‍ സൂപ്പര്‍ ജയന്റ്‌സ്‌ 20 ഓവറില്‍ അഞ്ചു വിക്കറ്റ്‌ നഷ്‌ടത്തിലാണ്‌ 232 റണ്ണെടുത്തത്‌. 33 പന്തില്‍ 64 റണ്‍സെടുത്ത ഡെവണ്‍ കോണ്‍വേയാണ്‌ ടോപ്‌ സ്‌കോറര്‍. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേപ്‌ ടൗണിനായി റിക്കല്‍ട്ടണ്‍ 63 പന്തില്‍ 11 സിക്‌സറുകളും അഞ്ച്‌ ഫോറുമടക്കം 113 റണ്ണെടുത്തു.