Featured Sports

സിക്‌സറുകളുടെ റെക്കോഡുമായി ഫക്കര്‍ സമന്റെ തിരിച്ചടി; പറന്നത് 11 സിക്‌സറുകള്‍ 7 ബൗണ്ടറികള്‍

ലോകപ്പില്‍ വമ്പന്‍ പോര് കണ്ട മത്സരത്തില്‍ ന്യൂസിലന്റിന്റെ ബാറ്റിംഗിന് അതേ നാണയത്തില്‍ തിരിച്ചടിച്ച് പാക് ഓപ്പണര്‍ ഫഖര്‍ സമന്റെ വമ്പന്‍ വെടിക്കെട്ട്. തലങ്ങും വിലങ്ങും സിക്‌സറുകള്‍ പായിച്ച് ഫഖര്‍ സമന്‍ ന്യൂസിലന്റ് ബൗളര്‍മാരെ പറത്തിയപ്പോള്‍ ബംഗലുരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ പല റെക്കോഡുകളും തകര്‍ന്നു വീണു. മഴ തടസ്സമായ മത്സരത്തില്‍ സമാന്റെ ബാറ്റിംഗ് പാകിസ്താന് ജയമൊരുക്കി.

വേഗമേറിയ സെഞ്ച്വറികളുടെ പരമ്പര തന്നെ കണ്ട ലോകകപ്പില്‍ ഫഖര്‍ സമനും തന്റെ പേര് എഴുതിച്ചേര്‍ത്തു. വെറും 63 പന്തില്‍ സെഞ്ച്വറി നേടിയ സമന്‍ 81 പന്തുകളില്‍ 126 റണ്‍സാണ് അടിച്ചുകൂട്ടിയത്. 11 സിക്‌സറുകളാണ് ഫഖര്‍ സമന്‍ അടിച്ചുകൂട്ടിയത്. എട്ടു ബൗണ്ടറികളും പറത്തി. ലോകകപ്പിലെ വേഗമേറിയ സെഞ്ച്വറികളില്‍ ഇന്ത്യന്‍ നായകന്‍ രോഹിതിനൊപ്പം തന്റെ പേര് എഴുതിച്ചേര്‍ക്കാന്‍ സമനായി.

ലോകകപ്പിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറികളില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ഒമ്പതാം സ്ഥാനത്താണ് സമന്‍. കഴിഞ്ഞ മാസം നെതര്‍ലാന്‍ഡിനെതിരെ വെറും 40 പന്തില്‍ ഈ നേട്ടം കൈവരിച്ച ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്‍ ലോകകപ്പിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയുടെ പട്ടികയില്‍ ഒന്നാമത്.

സമന്റെ ലോകകപ്പിലെ ആദ്യ സെഞ്ച്വറിയും 81 ഏകദിനത്തിലെ 11 ാം സെഞ്ച്വറിയുമായിരുന്നു. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയ പാകിസ്ഥാന്‍ താരം വേഗത്തില്‍ സെഞ്ച്വറി നേടിയ താരം എന്നീ റെക്കോഡുകളും താരം എഴുതിച്ചേര്‍ത്തു. നേരത്തേ ഏറ്റവും വേഗത്തില്‍ സെഞ്ച്വറി നേടിയ പാക്താരമെന്ന റെക്കോര്‍ഡ് നേരത്തെ ഇമ്രാന്‍ നസീറിന്റെ പേരിലായിരുന്നു. 2007 ലോകകപ്പില്‍ സിംബാബ്വെക്കെതിരെ 95 പന്തില്‍ നിന്നാണ് നസീര്‍ ഈ നേട്ടം കൈവരിച്ചത്.

അതേസമയം 401 റണ്‍സ് അടിച്ചുകൂട്ടിയിട്ടും ന്യൂസിലന്റിന് നിരാശയായിരുന്നു ഫലം. അതേസമയം പാക് ബൗളര്‍മാര്‍ ഷഹീന്‍ അഫ്രീദിയ്ക്കും ഹാരിസ് റൗഫിനും ഈ മത്സരം അവിസ്മരണീയമായിരിക്കും. ഒരു ലോകകപ്പ് ഇന്നിംഗ്‌സില്‍ പാകിസ്ഥാന്‍ ബൗളര്‍മാരുടെ ഏറ്റവും വിലയേറിയ സ്‌പെല്ലുകള്‍ ഈ മത്സരത്തില്‍ കണ്ടു. ഷഹീന്‍ 90 റണ്‍സ് വഴങ്ങിയപ്പോള്‍ റൗഫ് ഒരു വിക്കറ്റ് മാത്രം വഴങ്ങി 85 റണ്‍സ് വിട്ടുകൊടുത്തു.