Celebrity

ഇന്ത്യയിലെ ഏറ്റവും മികച്ച നടന്‍ രണ്‍ബീര്‍ കപൂര്‍- ഫഹദ് ഫാസില്‍

ഇന്ത്യന്‍ സിനിമാവേദിയിലെ ഏറ്റവും പോപ്പുലറായ നടന്മാരില്‍ ഒരാളാണ് ഫഹദ് ഫാസില്‍. ദക്ഷിണേന്ത്യന്‍ സിനിമയാണ് തട്ടകമെങ്കിലും ബോളിവുഡ് സൂപ്പര്‍താരങ്ങളായ രണ്‍ബീര്‍കപൂര്‍, വിക്കി കൗശല്‍, രാജ്കുമാര്‍ റാവു എന്നിവരെല്ലാമായി മികച്ച ബന്ധം താരം നില നിര്‍ത്തുന്നു. അടുത്തിടെ ഒരു അഭിമുഖത്തില്‍ ഇന്ത്യയിലെ നിലവിലെ ഏറ്റവും മികച്ച നടന്‍ രണ്‍ബീര്‍ കപൂറെന്ന് നടന്‍ ഫഹദ്ഫാസില്‍ പറഞ്ഞു. ഫിലിം കമ്പാനിയനുമായുള്ള അഭിമുഖത്തിലാണ് ഫഹദ് രണ്‍ബീര്‍കപൂറിനെക്കുറിച്ച് അഭിപ്രായപ്രകടനം നടത്തിയത്.

ഇന്ത്യ അവതരിപ്പിച്ചിട്ടുള്ള ഏറ്റവും മികച്ച നടന്മാരില്‍ ഒരാളാണ് രാജ്കുമാര്‍ റാവുവെന്നും പറഞ്ഞു. ഒരു ദശകമായി വിക്കികൗശലുമായി തനിക്ക് വലിയ സൗഹൃദമുണ്ടെന്നും നടന്‍ പറഞ്ഞു. ഇന്ത്യയിലെ മികച്ച നടന്മാരുടെ പട്ടികയിലുള്ള ഈ നടന്മാരൊക്കെ തന്നില്‍ എന്താണ് ഇവരൊക്കെ കാണുന്നതെന്ന് തനിക്കറിയില്ലെന്നും പറഞ്ഞു. തന്നെ ഒരു പാന്‍ ഇന്ത്യന്‍ താരമായി ഒരിക്കലും കണക്കാക്കുന്നില്ലെന്നും പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ ആയി പരിഗണിക്കാന്‍ മാത്രം താന്‍ ഒന്നും ചെയ്യുന്നില്ലെന്നും താന്‍ വെറുമൊരു നടന്‍ മാത്രമാണെന്നും ഫഹദ് പറഞ്ഞു.

ഇവിടെ ഞാന്‍ ചെയ്യുന്ന സിനിമകള്‍ മറ്റൊരിടത്തും ചെയ്യാന്‍ തനിക്ക് കഴിയില്ലെന്നും താരം പറഞ്ഞു. പുഷ്പയില്‍ തന്നില്‍ നിന്നും ജനങ്ങള്‍ എന്തെങ്കിലും മാജിക് പ്രതീക്ഷിക്കുന്നുണ്ടെന്ന് ഞാന്‍ വിചാരിക്കുന്നില്ലെന്നും സുകുമാറിനോടുള്ള സ്‌നേഹം കൊണ്ടു മാത്രമാണ് താന്‍ പുഷ്പ ചെയ്തതെന്നും പറഞ്ഞു.

അടുത്തതായി ഫഹദ് എത്താന്‍ പോകുന്ന മലയാളം സിനിമ ഓടും കുതിര ചാടും കുതിരയാണ്. കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തിലെ നായിക. ഇതിനൊപ്പം റോയ് എന്ന സംവിധായകന്റെ കരാട്ടേ ചന്ദ്രനില്‍ താരം അഭിനയിക്കും. മലയാള സിനിമയ്ക്ക് പുറമേ അനേകം സിനിമകള്‍ താരത്തിന് തമിഴിലും തെലുങ്കിലുമായുണ്ട്. പുഷ്പ: ദി റൂള്‍, മാരീസന്‍, വേട്ടൈയാന്‍, ഡോണ്ട് ട്രബിള്‍ ദി ട്രബിള്‍, തേവര്‍മകന്‍ 2, ഓക്‌സിജന്‍ എന്നിവയാണ് മറ്റ് സിനിമകള്‍.