ഇന്ത്യയും അഫ്ഗാനിസ്താനും തമ്മിൽ മുല്ലൻപുരിൽ നടക്കുന്ന ഏക ടെസ്റ്റ് മത്സരത്തിനിടയിൽ, ഋഷഭ് പന്ത് അടിച്ച പന്ത് മുകളിൽ പറന്ന ഡ്രോണിൽ ഇടിച്ചുവീഴ്ത്തുന്ന ഒരു വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. എന്നാൽ ഈ വീഡിയോ വ്യാജമാണെന്നും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ചതാണെന്നുമാണ് വ്യക്തമാകുന്നത്.
പ്രചരിക്കുന്ന വീഡിയോ പ്രകാരം അഫ്ഗാൻ നായകൻ ഹഷ്മത്തുല്ല എറിഞ്ഞ 74-ാം ഓവറിലെ നാലാമത്തെ പന്തിലാണ് ഈ സംഭവം നടക്കുന്നത്. എന്നാൽ യഥാർത്ഥ മത്സരത്തിൽ ആ പന്തിൽ പന്ത് ഒരു പ്രതിരോധ ഷോട്ട് കളിക്കുകയും ഒരു റൺസ് ഓടിയെടുക്കുകയുമാണ് ചെയ്തത്. അവിടെ താരം അക്രമണോത്സുകമായ ഷോട്ട് ഒന്നും തന്നെ കളിച്ചിട്ടില്ല.
ഇനി അഥവാ പന്ത് മുകളിലുള്ള ഡ്രോണിൽ ഇടിച്ചിരുന്നെങ്കിൽ തന്നെ നിയമപ്രകാരം അത് ‘ഡെഡ് ബോൾ’ ആയി പ്രഖ്യാപിക്കപ്പെടുമായിരുന്നു. ഇതിനെല്ലാം പുറമെ, ടെസ്റ്റ് ക്രിക്കറ്റിൽ ചുവന്ന പന്താണ് ഉപയോഗിക്കാറുള്ളതെങ്കിലും ഈ വീഡിയോയിലുള്ളത് വെള്ള പന്താണ്. സ്റ്റേഡിയത്തിലെ പരസ്യ ബോർഡുകൾ വ്യക്തമല്ലാത്തതും, വീഡിയോയിൽ നിന്ന് വളരെ ബുദ്ധിപൂർവ്വം വെട്ടിമാറ്റിയ ഒരു എ.ഐ (AI) ടാഗിന്റെ സാന്നിധ്യവും ഇത് എ.ഐ നിർമ്മിത വീഡിയോ ആണെന്ന് ഉറപ്പിക്കുന്നു.
അതേസമയം, രണ്ടാം ദിവസത്തെ കളി അവസാനിക്കുമ്പോൾ മത്സരത്തിൽ ഇന്ത്യ അഫ്ഗാനിസ്താനെതിരെ പിടിമുറുക്കുകയാണ്. ഇന്ത്യ ഒന്നാം ഇന്നിങ്സിൽ ഉയർത്തിയ 564 റൺസെന്ന കൂറ്റൻ സ്കോറിന് മറുപടിയായി ബാറ്റിങ് ആരംഭിച്ച അഫ്ഗാനിസ്താൻ രണ്ടാം നാൾ സ്റ്റമ്പെടുക്കുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 113 റൺസ് എന്ന നിലയിൽ തകരുകയാണ്. അഞ്ച് വിക്കറ്റുകൾ മാത്രം കൈയിലിരിക്കെ ഇന്ത്യയുടെ സ്കോറിനേക്കാൾ 451 റൺസ് പിന്നിലാണ് നിലവിൽ സന്ദർശകർ.
15.5 ഓവറിൽ വെറും 21 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ ഇന്ത്യൻ സ്പിന്നർ മാനവ് സുത്താറാണ് അഫ്ഗാൻ നിരയെ തകർത്തത്. അബ്ദുൽ മാലിക്, റഹ്മാനുല്ല ഗുർബാസ്, അഫ്സൽ സസായി എന്നിവരുടെ വിക്കറ്റുകളാണ് സുത്താർ നേടിയത്. അഫ്ഗാൻ ഓപ്പണർ സെദിഖുല്ല അതാൽ, ക്യാപ്റ്റൻ ഹഷ്മത്തുല്ല ഷാഹിദി എന്നിവരെ പുറത്താക്കി പ്രസിദ്ധ് കൃഷ്ണ രണ്ട് വിക്കറ്റും നേടി. നിലവിൽ 43 റൺസുമായി പുറത്താകാതെ നിൽക്കുന്ന റഹ്മത് ഷായാണ് മൂന്നാം ദിനം അഫ്ഗാനിസ്താന്റെ പ്രതീക്ഷ.




