കാബൂള്‍: മറ്റു സൈനികരെ കൊല്ലപ്പെടാനായി അയയ്‌ക്കുന്നതിനു പകരം ധൈര്യമുണ്ടെങ്കില്‍ നേരിട്ടു യുദ്ധക്കളത്തിലിറങ്ങി പോരാടാന്‍ പാക് സൈനികമേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിനെയും മറ്റ് ഉയര്‍ന്ന സൈനിക ഉദ്യോഗസ്‌ഥരെയും വെല്ലുവിളിച്ച് തെഹ്‌രിക് ഇ താലിബാന്‍ പാകിസ്‌താന്‍ (ടി.ടി.പി.) ‘ആണാണെങ്കില്‍, അമ്മയുടെ മുലപ്പാല് കുടിച്ചിട്ടുണ്ടെങ്കില്‍ നേരിട്ടു വാ’ എന്നാണു ടി.ടി.പിയുടെ വെല്ലുവിളി.
ഏറ്റുമുട്ടലില്‍ 22 പാക് സൈനികര്‍ കൊല്ലപ്പെട്ടതായും അവരുടെ നിരവധി ആയുധങ്ങളും വാഹനങ്ങളും പിടിച്ചെടുത്തെന്നും ടി.ടി.പി. അവകാശപ്പെട്ടു. അതേ സമയം, ആക്രമണത്തില്‍ തങ്ങളുടെ 11 സൈനികര്‍ കൊല്ലപ്പെട്ടതായി പാകിസ്‌താന്‍ സൈന്യം പറഞ്ഞു.
ഒരാഴ്‌ചയിലേറെ നീണ്ട അതിര്‍ത്തികടന്നുള്ള ഏറ്റുമുട്ടലുകള്‍ക്കു ശേഷം ദിവസങ്ങള്‍ക്ക് മുമ്പ് അഫ്‌ഗാനിസ്‌ഥാനും പാകിസ്‌താനും അടിയന്തര വെടിനിര്‍ത്തലിന് സമ്മതിച്ചിരുന്നു. ഖത്തറിന്റെയും തുര്‍ക്കിയുടെയും മധ്യസ്‌ഥതയില്‍ ദോഹയില്‍ നടന്ന ചര്‍ച്ചകളിലാണ് ധാരണയിലെത്തിയത്. ഐ.എസ്., അല്‍-ഖ്വയ്‌ദ തുടങ്ങിയ ഭീകരഗ്രൂപ്പുകളുടെ പുനരുജ്‌ജീവനത്താല്‍ ഇതിനകം അസ്‌ഥിരമായ മേഖലയിലെ സംഘര്‍ഷാവസ്‌ഥ വര്‍ധിപ്പിക്കുന്നതാണ് പാക്-അഫ്‌ഗാന്‍ ഏറ്റുമുട്ടല്‍. അഫ്‌ഗാന്റെ മണ്ണില്‍നിന്നു പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകളെ താലിബാന്‍ നിയന്ത്രിക്കണമെന്നു പാകിസ്‌താന്‍ സൈനിക മേധാവി ജനറല്‍ അസിം മുനീര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.




