Fitness

മാനസിക സമ്മര്‍ദ്ദത്തെ അതിജീവിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം വ്യായാമം

നിത്യേനയുണ്ടാകുന്ന ചെറുതും വലുതുമായ പ്രശ്‌നങ്ങള്‍ പോലും വേണ്ടതിലധികം മാനസിക സമ്മര്‍ദ്ദം ഒരാള്‍ക്ക് സമ്മാനിക്കുന്നുണ്ട്. വാസ്തവത്തില്‍ കൗമാരക്കാരില്‍ തുടങ്ങി പ്രായമുള്ള ആളുകള്‍ വരെയുള്ള എല്ലാവരും തന്നെ ഒന്നല്ലെങ്കില്‍ മറ്റൊരു രീതിയില്‍ സമ്മര്‍ദ്ദ ലക്ഷണങ്ങളെ നേരിടുന്നവരാണ് എന്ന് കണക്കാക്കിയിരിക്കുന്നു. സമ്മര്‍ദ്ദവും പിരിമുറുക്കവും കുറച്ചില്ലെങ്കില്‍ നാം പോലും അറിയാതെ ചിന്തകള്‍ പിടിവിട്ട് പോകും. സമ്മര്‍ദ്ദത്തിന് അടിപ്പെടുമ്പോള്‍ ശരീരം കോര്‍ട്ടിസോള്‍ പോലുള്ള ഹോര്‍മോണുകള്‍ പുറന്തള്ളം. ഇത് പ്രതിരോധ സംവിധാനത്തിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനത്തെ ബാധിക്കും. ഒഴിവാക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ നീണ്ടുനില്‍ക്കുന്ന സമ്മര്‍ദ്ദം നിങ്ങളുടെ ആരോഗ്യത്തെ തന്നെ സാരമായി ബാധിച്ചേക്കും. ശരീരഭാര വര്‍ദ്ധനവ്, മുടി കൊഴിച്ചില്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തുടങ്ങിയവയെല്ലാം സമ്മര്‍ദ്ധം വരുത്തി വയ്ക്കുന്ന സാധാരണ അനാരോഗ്യ ലക്ഷണങ്ങളാണ്. മനസ്സിനെ ശാന്തമാക്കി വച്ചുകൊണ്ട് സമ്മര്‍ദ്ദത്തെ അതിജീവിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗങ്ങളിലൊന്നാണ് വ്യായാമ ശീലം. അത്തരത്തില്‍ ചില വ്യായാമങ്ങളെ കുറിച്ചറിയാം

  • റണ്ണിങ്ങ് – മാനസിക പിരിമുറുക്കത്തില്‍ നിന്ന് ആശ്വാസം നല്‍കുന്നതിന് റണ്ണിങ് വ്യായാമം വളരെ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. നിങ്ങളുടെ ശരീരത്തിനും മനസ്സിനുമെല്ലാം അസ്വസ്ഥതയും സമ്മര്‍ദ്ദവും അനുഭവപ്പെടുമ്പോള്‍ കുറച്ചുനേരം പുറത്തേക്കിറങ്ങി റണ്ണിങ്ങ് വ്യായാമങ്ങളില്‍ ഏര്‍പ്പെടുന്നത് വളരെ വേഗത്തില്‍ ആശ്വാസം പകരുന്നതാണ്. ഓടുമ്പോള്‍ നിങ്ങളുടെ മസ്തിഷ്‌ക രാസവസ്തുക്കളെ വിശ്രമിക്കാന്‍ അനുവദിക്കുമെന്നും ഇത് നിങ്ങളുടെ മനസ്സിനെ വേഗത്തില്‍ ശാന്തമാക്കുമെന്നും ശാസ്ത്രം ചൂണ്ടിക്കാണിക്കുന്നു. അതിനാല്‍, നിങ്ങള്‍ക്ക് ആശയക്കുഴപ്പം അല്ലെങ്കില്‍ അമിതഭയം തുടങ്ങിയ ലക്ഷണങ്ങള്‍ തോന്നുമ്പോഴെല്ലാം നിങ്ങളുടെ റണ്ണിങ് ഷൂസുകള്‍ എടുത്തണിഞ്ഞ് ഇതൊന്ന് പരീക്ഷിച്ച് നോക്കുക. ദിവസവും അതിരാവിലെ കുറച്ചുനേരം ഓടാന്‍ ഇറങ്ങുന്നത് ദിവസത്തില്‍ ഉടനീളം ശരീരത്തിനും മനസ്സിനും ഒട്ടനവധി ഗുണങ്ങള്‍ പകരുമെന്നും പറയപ്പെടുന്നു.
  • യോഗ – ദിവസത്തില്‍ ഉടനീളമുള്ള നിങ്ങളുടെ ശാരീരിക പ്രവര്‍ത്തനങ്ങളും മടുപ്പിക്കുന്ന ജോലി സാഹചര്യങ്ങളും വരുത്തിവെക്കുന്ന ക്ഷീണവും തളര്‍ച്ചയുമെക്കെ കുറച്ചു നേരം കൊണ്ട് അകറ്റാന്‍ നല്ല യോഗാശീലം സഹായിക്കുന്നു. യോഗ ചെയ്യാനാണെങ്കില്‍ വളരെയധികം കായികക്ഷമതയോ കൂടുതല്‍ സമയവും ഒന്നും ആവശ്യമില്ല. ലഘുവായി കുറഞ്ഞ സമയത്തിനുള്ളില്‍ ചെയ്യാന്‍ കഴിയുന്ന ഈ വ്യായാമം ശരീരത്തോടൊപ്പം നിങ്ങളുടെ മനസ്സിനെ ശാന്തമാക്കിക്കൊണ്ട് ആശ്വാസം പകരുന്നു. രാവിലെ എഴുന്നേറ്റയുടന്‍ തന്നെ യോഗ ചെയ്യുന്ന ശീലം ഉണ്ടാക്കിയെടുക്കുകയാണെങ്കില്‍ ഇത് ദിവസത്തില്‍ ഉടനീളം നിങ്ങള്‍ക്ക് ഉണ്ടാകാന്‍ സാധ്യതയുള്ള സമ്മര്‍ദവും പിരിമുറുക്കവും ഒക്കെ കുറച്ചുകൊണ്ട് സന്തോഷം പകര്‍ന്നു നല്‍കും. യോഗ ചെയ്യാനായി ആദ്യമേ എളുപ്പമുള്ള വ്യായാമമുറകള്‍ പരിശീലിക്കാന്‍ ആരംഭിച്ച് പിന്നീട് ബുദ്ധിമുട്ടുള്ളവ പരീക്ഷിക്കുക.
  • സ്‌ട്രെച്ചിങ്ങ് – സ്‌ട്രെച്ചിങ്ങ് വ്യായാമങ്ങള്‍ നിങ്ങളുടെ ശരീരത്തില്‍ നിന്ന് പിരിമുറുക്കങ്ങള്‍ ഒരു പരിധി വരെ ഒഴിവാക്കാന്‍ വഴിയൊരുക്കുന്നതാണ്. ദിവസം മുഴുവന്‍ ഒരു ലാപ്‌ടോപ്പിന് മുന്നില്‍ ഒരേ ഇരിപ്പ് ഇരിക്കുന്നത് നിങ്ങളുടെ ശരീരത്തിനും മനസ്സിനും വരുത്തി വയ്ക്കുന്ന അസ്വസ്ഥതകള്‍ ഒട്ടും ചെറുതായിരിക്കില്ല. ഇതിന്റെ കാഠിന്യം കുറയ്ക്കാന്‍ ഇടയ്ക്കിടെ സ്‌ട്രെച്ചിങ്ങ് വ്യായാമങ്ങള്‍ ചെയ്യുന്നത് ഒരു പരിധി വരെ സഹായിക്കും. ലഘുവായി വെറും അരമണിക്കൂര്‍ മാത്രം എടുത്ത് ചെയ്യാന്‍ കഴിയുന്ന നെക്ക് റോള്‍, സ്‌പൈന്‍ ട്വിസ്റ്റ്, ബാക്ക് ട്വിസ്റ്റുകള്‍ തുടങ്ങിയവ പിരിമുറുക്കത്തില്‍ നിന്നും വേദനയില്‍ നിന്നുമെല്ലാം ആശ്വാസം നല്‍കി നിങ്ങളുടെ മനസ്സിനെ ശാന്തമാക്കാന്‍ വഴിയൊരുക്കുന്നു.