Crime

‘ ഞാന്‍ ആ രാക്ഷസനെ കൊന്നു’; സുഹൃത്തിനെ വിളിച്ച് പല്ലവി, പൊലീസ് കണ്ടത് രക്തത്തിൽ കുളിച്ച മുൻ ഡിജിപിയെ

കര്‍ണാടക മുന്‍ ഡി.ജി.പി ഓം പ്രകാശിനെ (68) വസതിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. സംഭവത്തിനു പിന്നില്‍ സാമ്പത്തിക പ്രശ്നങ്ങളെ ചൊല്ലിയുള്ള കുടുംബ വഴക്കാണെന്നാണ് പ്രാഥമിക നിഗമനം.

ഓം പ്രകാശിന്റെ ഭാര്യ പല്ലവി കുടുംബ സുഹൃത്തായ ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ വീഡിയോ കോളിൽ വിളിച്ചു താൻ “ഒരു രാക്ഷസനെ കൊന്നു” എന്ന് പറഞ്ഞതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഇതോടെയാണു മരണ വിവരം പുറംലോകം അറിഞ്ഞത്. ഇവർ പൊലീസിനെ വിളിച്ചു വിവരമറിയിച്ചതിനെ തുടർന്നുള്ള പരിശോധനയിലാണ് വീട്ടിൽ രക്തത്തില്‍ കുളിച്ച മൃതദേഹം കണ്ടത്. ഓം പ്രകാശ് തന്റെ അടുത്ത സുഹൃത്തുക്കളോട് തന്റെ ജീവന് ഭീഷണിയുണ്ടെന്ന് പറഞ്ഞതായി റിപ്പോർട്ടുണ്ട്.

ഇന്നലെ വൈകിട്ട്‌ എച്ച്‌.എസ്‌.ആര്‍ ലേഔട്ടിലെ മൂന്നുനില വസതിയുടെ താഴത്തെ നിലയിലാണ്‌ മൃതദേഹം കണ്ടെത്തിയത്‌.സംഭവവുമായി ബന്ധപ്പെട്ട്‌ ഓം പ്രകാശിന്റെ ഭാര്യ പല്ലവിയെയും മകളേയും പോലീസ്‌ കസ്‌റ്റഡിയില്‍ എടുത്തു. മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ആക്രമിച്ചതാകാം കൊലപാതകത്തിന് കാരണമെന്ന് പോലീസ് സംശയിക്കുന്നു.

ഓം പ്രകാശിന്റെ ശരീരത്തില്‍ നിരവധി കുത്തേറ്റ മുറിവുകള്‍ ഉണ്ടായിരുന്നു. രക്‌തത്തില്‍ കുളിച്ചുകിടന്ന ഓം പ്രകാശിന്റെ മൃതദേഹം പോലീസാണ്‌ ആശുപത്രിയിലേക്കു മാറ്റിയത്‌. ദീര്‍ഘകാലമായി ഓം പ്രകാശും ഭാര്യയും തമ്മിലുള്ള ബന്ധത്തില്‍ അസ്വാരസ്യങ്ങളുണ്ടായിരുന്നതായും ഭര്‍ത്താവ്‌ തന്നെ കൊല്ലാന്‍ ശ്രമിക്കുന്നതായി പലയവസരങ്ങളില്‍ പല്ലവി പരാതിപ്പെട്ടിരുന്നതായും പറയപ്പെടുന്നു. തന്നെ വിഷം നല്‍കി കൊലപ്പെടുത്താന്‍ ഓം പ്രകാശ്‌ ശ്രമിച്ചതായി ഐ.പി.എസ്‌ ഉദ്യോഗസ്‌ഥരുടെ ഭാര്യമാരുടെ വാട്‌സാപ്‌ ഗ്രൂപ്പില്‍ പല്ലവി പറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്‌.

പല്ലവിയേയും മകളേയും പോലീസ്‌ ചോദ്യം ചെയ്‌തുവരികയാണ്‌. ഓം പ്രകാശിന്റെ മൃതദേഹം കണ്ടെത്തിയ മുറിയിലെ തറയിലാകെ രക്‌തമുണ്ടായിരുന്നതായി പോലീസ്‌ പറഞ്ഞു. 1981 ഐ.പി.എസ്‌ ബാച്ചിലെ ഉദ്യോഗസ്‌ഥനായ ഓം പ്രകാശ്‌, 2015 മാര്‍ച്ച്‌ മുതല്‍ 2017 ജനുവരി വരെയാണ്‌ സംസ്‌ഥാന പോലീസ്‌ മേധാവിയായി സേവനമനുഷ്‌ഠിച്ചത്‌. ബിഹാര്‍ സ്വദേശിയാണ്‌.

Leave a Reply

Your email address will not be published. Required fields are marked *