വാഷിങ്ടണ്‍: മൈക്രോസോഫ്റ്റ് സഹസ്ഥാപകനും ശതകോടീശ്വരനുമായ ബില്‍ ഗേറ്റ്‌സിന്റെ വിവാഹേതരബന്ധം വെളിപ്പെടുത്തി അന്തരിച്ച ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട കൂടുതല്‍ ഫയലുകള്‍ പുറത്ത്. ‘റഷ്യന്‍ പെണ്‍കുട്ടികള്‍’ എന്നു വിശേഷിപ്പിക്കപ്പെട്ടവരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനെത്തുടര്‍ന്ന് ഗേറ്റ്‌സിനു ഗുഹ്യരോഗം ബാധിച്ചെന്നും ഇക്കാര്യം ഭാര്യയില്‍നിന്നു മറച്ചുവച്ച് ചികിത്സതേടിയിരുന്നതായും രേഖകള്‍.
മൂന്നു ദശലക്ഷത്തിലധികം പേജുകളുള്ള രേഖകളും 2,000-ല്‍ ത്തിലധികം വീഡിയോകളും 180,000 ചിത്രങ്ങളുമാണ് യു.എസ്. നീതിന്യായ വകുപ്പ് കഴിഞ്ഞദിവസം പരസ്യമാക്കിയത്. എപ്‌സ്റ്റീന്‍ ഏഴുതിയതെന്നു കരുതുന്ന ഗേറ്റ്‌സ് കേന്ദ്രബിന്ദുവായ കരട് ഇ-മെയിലുകളാണ് രഹസ്യഫയലുകളില്‍ പ്രധാനം. റഷ്യന്‍ പെണ്‍കുട്ടികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനെത്തുടര്‍ന്ന് ഗേറ്റ്‌സിനു ഗുഹ്യരോഗം ബാധിച്ചതായി ഇ-മെയിലുകള്‍ സാക്ഷ്യപ്പെടുത്തുന്നു. ഇക്കാര്യം അന്നു ഭാര്യയായിരുന്ന മെലിന്‍ഡ ഫ്രഞ്ച് ഗേറ്റ്‌സില്‍നിന്ന് മറച്ചുവയ്ക്കാന്‍ ബില്‍ ഗേറ്റസ് ശ്രമിച്ചു. രോഗം ഭേദമാക്കാന്‍ രഹസ്യമായി ആന്റിബയോട്ടിക്കുകള്‍ അദ്ദേഹം ആവശ്യപ്പെട്ടതായും രേഖകളിലുണ്ട്.
ദീര്‍ഘകാലം ബില്‍ ഗേറ്റ്‌സിന്റെ ശാസ്ത്ര ഉപദേഷ്ടാവായ ബോറിസ് നിക്കോളിക്കിനെക്കുറിച്ചും കരട് ഇ-മെയിലുകളില്‍ എപ്‌സ്റ്റീന്‍ പരാമര്‍ശിക്കുന്നുണ്ട്. ലൈംഗിക രോഗത്തിനു ചികിത്സയും മരുന്നുകളും ലഭ്യമാക്കാന്‍ നിക്കോളിക്കായിരുന്നു ഗേറ്റ്‌സിന്റെ ഇടനിലക്കാരന്‍. നിക്കോളിക് മുഖാന്തിരമാണ് തന്നോട് ഗേറ്റ്‌സ് ആന്റിബയോട്ടിക്കുകള്‍ ആവശ്യപ്പെട്ടിരുന്നതായി എപ്‌സ്റ്റീന്‍ ഇ-മെയിലില്‍ പരാമര്‍ശിക്കുന്നുണ്ട്. അനുചിതവും അധാര്‍മികവുമായ കാര്യങ്ങള്‍ ചെയ്യാന്‍ നിക്കോളിക്കിനെ ഗേറ്റ്‌സ് നിര്‍ബന്ധിച്ചിരുന്നു. പൊതുജനമധ്യത്തിലുള്ള തന്റെ പ്രതിച്ഛായയ്ക്കു മങ്ങലേല്‍ക്കാതിരിക്കാനുള്ള കരുതലും ഗേറ്റ്‌സിനുണ്ടായിരുന്നു.
ഗുഹ്യരോഗം പകരാതിരിക്കാന്‍ മെലിന്‍ഡ അറിയാതെ അവര്‍ക്ക് ആന്റിബയോട്ടിക്കുകള്‍ നല്‍കാന്‍ നിക്കോളിക്കിനോട് ശതകോടീശ്വരന്‍ ആവശ്യപ്പെട്ടു. ഇതുകൂടാതെ താന്‍ ലൈംഗികരോഗ ബാധിതനാണെന്ന സൂചന നല്‍കുന്ന ഇ-മെയിലുകള്‍ നശിപ്പിച്ചു കളയാന്‍ ഗേറ്റ്‌സ് പ്രേരിപ്പിക്കുകയും ചെയ്തു. വഴിവിട്ട ബന്ധം പുറത്തായി മെലിന്‍ഡ പരസ്യമായി വിവാഹമോചനത്തിന് അപേക്ഷിച്ചാല്‍ തനിക്കു കോടിക്കണക്കിനു ഡോളര്‍ നഷ്ടമുണ്ടാകുമെന്ന് ഗേറ്റ്‌സ് ഭയപ്പെട്ടിരുന്നു. സാമൂഹിക സേവന പ്രവര്‍ത്തനങ്ങളില്‍നിന്ന് മെലിന്‍ഡ പിന്മാറിയാല്‍ കോടിക്കണക്കിനു ഡോളര്‍ വിനിയോഗിക്കാനാകില്ലെന്ന ചിന്ത ഗേറ്റ്‌സിനെ അലട്ടിയിരുന്നതായും പരസ്യമാക്കപ്പെട്ട ഫയലുകളില്‍ വ്യക്തമാണ്.
2017-ല്‍ റഷ്യന്‍ ബ്രിഡ്ജ് പ്ലെയര്‍ മില അന്റോനോവയുമായുള്ള ഗേറ്റ്‌സിന്റെ ബന്ധം വെളിപ്പെടുത്തുമെന്ന് എപ്‌സ്റ്റീന്‍ ഭീഷണിപ്പെടുത്തിയെന്ന റിപ്പോര്‍ട്ട് സാധൂകരിക്കുന്ന ഫയലുകളും ഇവയില്‍ ഉള്‍പ്പെടുന്നു. ജെപി മോര്‍ഗന്‍ ചേസുമായി ചേര്‍ന്ന് എപ്‌സ്റ്റീന്‍ ആരംഭിച്ച ചാരിറ്റബിള്‍ ഫണ്ടില്‍ പങ്കെടുക്കാന്‍ ഗേറ്റ്‌സ് വിസമ്മതിച്ചതിനെ തുടര്‍ന്നായിരുന്നു ഭീഷണി.
അതേസമയം പുറത്തുവന്ന ഫയലുകളിലെ അവകാശവാദങ്ങള്‍ ബില്‍ ഗേറ്റ്‌സിന്റെ വക്താവ് നിരാകരിച്ചു. തികച്ചും അസംബന്ധവും വാസ്തവവിരുദ്ധവുമാണ് ഫയലുകളുടെ ഉള്ളടക്കം. ഗേറ്റ്‌സുമായുള്ള ബന്ധം മുറിഞ്ഞതിലുള്ള എപ്‌സ്റ്റീന്റെ നിരാശയാണ് പരാമര്‍ശങ്ങള്‍ക്ക് ആധാരം. ഗേറ്റ്‌സിനെ കുടുക്കാനും അപകീര്‍ത്തിപ്പെടുത്താനും ലക്ഷ്യമിട്ടുള്ളവയാണ് രേഖകളെന്നും വക്താവ് പറഞ്ഞു.
1994-ല്‍ വിവാഹിതരായ ബില്‍ ഗേറ്റ്‌സും മെലിന്‍ഡയും 2021-ല്‍ വിവാഹമോചിതരായി. ഗേറ്റ്‌സിന്റെ വിവാഹേതര ബന്ധങ്ങളും എപ്‌സ്റ്റീനുമായുള്ള ബന്ധവുമാണ് വഴിപിരിയാന്‍ കാരണമെന്ന് മെലിന്‍ഡ മുമ്പ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും കൂടുതല്‍ വിശദാംശങ്ങള്‍ അവര്‍ നല്‍കിയിരുന്നില്ല.
അമേരിക്കയിലെ ധനകാര്യവിദഗ്ധനായ ജെഫ്രി എപ്‌സ്റ്റീന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയടക്കം കടത്തിയതിനും പീഡനക്കുറ്റം ആരോപിക്കപ്പെട്ടുമാണ് അറസ്റ്റിലായത്. ന്യൂയോര്‍ക്കിലെ ജയിലില്‍ വിചാരണ കാത്തുകിടക്കുന്നതിനിടെ 2019-ല്‍ ജീവനൊടുക്കുകയായിരുന്നു.




