ആംസ്റ്റർഡാമിൽ കത്തിയുമായി എത്തി നിരവധിപേരെ ആക്രമിക്കുകയും പൊതുജനങ്ങൾക്കിടയിൽ ഭീതി സൃഷ്ടിക്കുകയും ചെയ്ത അക്രമിയെ അതിസാഹസികമായി കീഴടക്കിയ ഒരു ബ്രിട്ടീഷ് യുവാവാണ് ഇപ്പോൾ ജനങ്ങൾക്കിടയിലെ താരം. “ബ്രിട്ട് ഹീറോ” എന്ന് വിശേഷിപ്പിക്കപ്പെട്ട യുവാവ് അക്രമിയെ അതിവിധഗ്ദമായി നേരിടുകയും തുടരെയുള്ള ആക്രമണങ്ങളിൽ നിന്ന് ആളുകളെ രക്ഷിക്കുകയുമായിരുന്നു.
ഡെയ്‌ലി മെയിലിൻ്റെ റിപ്പോർട്ട് അനുസരിച്ച്, ബ്രിട്ടീഷ് യുവാവ് എത്തുന്നതിനു മുന്നേ അഞ്ചു പേരെയാണ് അക്രമി കുത്തിയത്. എന്നാൽ തുടർന്നുള്ള ആക്രമങ്ങളെ ബ്രിട്ടീഷ് യുവാവ് തടയുകയായിരുന്നു. നിരവധിപേരാണ് സംഭവത്തിന് പിന്നാലെ യുവാവിന്റെ ധീരതയെ പ്രശംസിച്ച് രംഗത്തെത്തിയത്. ആക്രമണത്തിന്റെ നിരവധി വീഡിയോകളും ഇതിനകം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചുകഴിഞ്ഞു.
പ്രതിയെ റോഡിൽ ഇടിച്ചു വീഴ്ത്തിയതോടെ പോലീസ് എത്തുന്നവരെ യുവാവിനെ സഹായിക്കാൻ സമീപവാസികളും ഓടിയെത്തിയതായി ദൃക്‌സാക്ഷികൾ വെളിപ്പെടുത്തി.
ഡെയ്‌ലി മെയിൽ പറയുന്നതനുസരിച്ച്, യുവാവിന്റെ ധീരത പ്രശംസിച്ച് ഒരു പോലീസ് ഉദ്യോഗസ്ഥനും രംഗത്തെത്തിയിരുന്നു. , “അദ്ദേഹം ഒരു മികച്ച കാര്യമാണ് ചെയ്തത്. അദ്ദേഹത്തെ ഓർത്തു ഞങ്ങൾക്ക് വളരെ അധികം അഭിമാനം തോന്നുന്നു. എന്നാൽ ഇത്തരം ഘട്ടങ്ങളിൽ നിങ്ങൾ വളരെ ശ്രദ്ധാലുവായിരിക്കണമെന്നും ഞങ്ങൾ ചൂണ്ടിക്കാണിക്കാൻ ആഗ്രഹിക്കുന്നു. കാരണം മിക്ക ആളുകളും ഇത്തരത്തിലുള്ള കാര്യങ്ങളിൽ പരിശീലനം നേടിയിട്ടില്ല”.പോലീസ് വക്താവ് പറഞ്ഞു.
ഒരു ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റിന് പുറത്തുവെച്ചാണ് അക്രമിയെ ആളുകൾ പിടികൂടുകയും ഓടിപ്പോകാൻ ശ്രമിക്കുന്നതിനിടെ ചവിട്ടുകയും ചെയ്തത്. ഇതിനിടയിൽ ഒരു യുവാവ് ആക്രമിയുടെ കാലിൽ ചവിട്ടുകയും ബലമായി കീഴ്പ്പെടുത്തുകയും ആയിരുന്നെന്ന് ഒരു റെസ്റ്റോറന്റിലെ ജീവനക്കാരൻ ദി ഇൻഡിപെൻഡന്റിനോട് പറഞ്ഞു,
ഡെയ്‌ലി മെയിൽ റിപ്പോർട്ട് അനുസരിച്ച്, ആക്രമണത്തിൽ രണ്ട് പ്രായമായ അമേരിക്കൻ വിനോദ സഞ്ചാരികൾ, ഒരു പോളിഷ് പുരുഷൻ, ഒരു ബെൽജിയൻ സ്ത്രീ, 19 കാരനായ ആംസ്റ്റർഡാം നിവാസി എന്നിവരുൾപ്പെടെ അഞ്ച് പേർക്കാണ് പരിക്കേറ്റത്. അടിയന്തര പ്രതികരണ ശ്രമങ്ങൾ സുഗമമാക്കുന്നതിന് റോയൽ പാലസിന് സമീപമുള്ള വലിയൊരു പ്രദേശം അധികൃതർ വളഞ്ഞിരിക്കുകയാണ്.
പ്രതി ഒരു ഡച്ച് പൗരനല്ലെന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, ഭയാനകമായ കുറ്റകൃത്യം ചെയ്യാനുള്ള കാരണം ഇപ്പോഴും അവ്യക്തമാണ്. ഇത്ര നേരത്തെ തന്നെ ആക്രമണത്തിന് പിന്നിലെ കാരണങ്ങൾ കണ്ടെത്താൻ പ്രയാസമാണെന്നും മന്ത്രി ഡേവിഡ് വാൻ വീൽ ഡെയ്‌ലി മെയിലിനോട് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും ഉടൻ വിവരങ്ങൾ കണ്ടെത്തുമെന്നും ആംസ്റ്റർഡാം മേയർ ഫെംകെ ഹൽസെമയും ഉറപ്പുനൽകി.