തിരുവനന്തപുരം: കേരളം ആകാംഷയോടെ കാത്തിരുന്ന തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ കേരളത്തില്‍ ഉടനീളം യുഡിഎഫ് തരംഗം. കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി, ജില്ലാ, ബ്‌ളോക്ക്, ഗ്രാമ പഞ്ചായത്തുകളില്‍ യുഡിഎഫ് വന്‍ മുന്നേറ്റമുണ്ടാക്കിയപ്പോള്‍ കനത്ത തിരിച്ചടി കിട്ടിയത് എല്‍ഡിഎഫിന്. തിരുവനന്തപുരം കോര്‍പ്പറേഷനിലും പാലക്കാട് നഗരസഭയിലും മുന്നിലെത്തിയ ബിജെപിയ്ക്ക് വലിയ നേട്ടമുണ്ടാക്കാനായി. വലിയ അടിത്തറ നല്‍കാറുള്ള ഗ്രാമ പഞ്ചായത്തുകളില്‍ വലിയ തിരിച്ചടി എല്‍ഡിഎഫിനുണ്ടായി.
ആറ് കോര്‍പ്പറേഷനില്‍ നാലിലും യുഡിഎഫ് വിജയം നേടി. കൊല്ലം, കൊച്ചി, തൃശൂര്‍, കണ്ണൂര്‍ കോര്‍പ്പറേഷനുകള്‍ യുഡിഎഫ് മുന്നേറ്റം ഉണ്ടാക്കി. തിരുവനന്തപുരത്ത് 19 സീറ്റുകളിലും കൊല്ലത്ത് 18 സീറ്റുകളിലും കൊച്ചിയില്‍ 46 സീറ്റുകളിലും തൃശൂര്‍ 33 സീറ്റുകളിലും കണ്ണൂരില്‍ 36 സീറ്റുകളിലും കോഴിക്കോട് 25 സീറ്റുകളിലും മുന്നേറാന്‍ യുഡിഎഫിനായി. മുനിസിപ്പാലിറ്റിയില്‍ 55 എണ്ണവും കൂടെ പോന്നപ്പോള്‍ പത്തനംതിട്ട,കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍ഗോഡ് ജില്ലാ പഞ്ചായത്തുകളിലാണ് യുഡിഎഫ് വിജയം കണ്ടത്. ബ്‌ളോക്ക് പഞ്ചായത്തില്‍ 81 സീറ്റുകളിലും ഗ്രാമപഞ്ചായത്തില്‍ 500 സീറ്റുകളും നേടാന്‍ യുഡിഎഫിനായി.
യുഡിഎഫിന്റെ തൂത്തുവാരലില്‍ വന്‍ തിരിച്ചടി നേരിട്ടത് എല്‍ഡിഎഫിനായിരുന്നു. ശക്തമായ അടിത്തറയുള്ള ഗ്രാമപഞ്ചായത്തുകളില്‍ 365 സീറ്റുകള്‍ മാത്രമാണ് എല്‍ഡിഎഫിനൊപ്പം നിന്നത്. ബ്‌ളോക്ക് പഞ്ചായത്തില്‍ 66 സീറ്റുകളും ജില്ലാ പഞ്ചായത്തുകളില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍ എന്നിവയും എല്‍ഡിഎഫിനൊപ്പം നിന്നു. 28 മുനിസിപ്പാലിറ്റികളിലാണ് എല്‍ഡിഎഫിന് മുന്നിലെത്താനായത്. 45 വര്‍ഷം ഭരണം നടത്തിയ കോഴിക്കോട് കോര്‍പ്പറേഷനില്‍ മാത്രമാണ് എല്‍ഡിഎഫിന് സന്തോഷം നല്‍കിയത്. 30 സീറ്റുകള്‍ നേടാന്‍ എല്‍ഡിഎഫിനായി. കയ്യിലിരുന്ന കോര്‍പ്പറേഷനുകളും ജില്ലാ പഞ്ചായത്തുകളും ഗ്രാമപഞ്ചായത്തുകളും ഇത്തവണ എല്‍ഡിഎഫിനെ കൈവിട്ടു.
എന്‍ഡിഎയ്ക്കും ഇത്തവണ വലിയ മുന്നേറ്റം ഉണ്ടാക്കാനായി. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാന്‍ കഴിഞ്ഞ അവര്‍ക്ക് രണ്ടു സ്വതന്ത്രന്മാരുടെ പിന്തുണ കൂടി നേടാനായാല്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഭരണം നടത്താനാകും. 50 സീറ്റുകളില്‍ വിജയിച്ചു. കേവല ഭൂരിപക്ഷത്തിന് ഒരു സീറ്റാണ് കുറവ് വന്നത്. 28 സീറ്റുകളുമായി ഇവിടെ എല്‍ഡിഎഫ് രണ്ടാമതും 19 സീറ്റുകളുമായി യുഡിഎഫ് മൂന്നാം സ്ഥാനത്തുമായി. പാലക്കാട് നഗരസഭയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി 25 സീറ്റുകളില്‍ എത്താനാകുകയും ചെയ്തു. ജില്ലാ പഞ്ചായത്തില്‍ 27 സീറ്റുകളിലും മുനിസിപ്പാലിറ്റിയില്‍ ഒരു സീറ്റും നേടാനേ കഴിഞ്ഞുള്ളു. അതേസമയം ഇത്തവണയും ജില്ലാ പഞ്ചായത്തോ ബ്‌ളോക്ക് പഞ്ചായത്തോ പിടിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ പാലക്കാട് രണ്ടു ഗ്രാമപഞ്ചായത്തുകള്‍ പിടിക്കാനും എന്‍ഡിഎയ്ക്ക് കഴിഞ്ഞു.
കഴിഞ്ഞ തവണ മുന്നേറിയ ട്വന്റി20യ്ക്ക് ഇത്തവണ രണ്ടു പഞ്ചായത്ത് നഷ്ടമായി നാലു പഞ്ചായത്തുകളില്‍ അവര്‍ക്കുണ്ടായിരുന്ന ഭരണം മൂന്നിലേക്ക് ചുരുങ്ങി. യുഡിഎഫ് ആയിരുന്നു രണ്ടു പഞ്ചായത്തുകളും കിട്ടിയത്. കോട്ടയത്ത് കേരളാകോണ്‍ഗ്രസിനും വലിയ തിരിച്ചടിയാണ് കിട്ടിയത്.




