Oddly News

50വര്‍ഷമായി ഖരഭക്ഷണമില്ല; തി ലോയ് ജീവിക്കുന്നത് ശീതള പാനീയം കഴിച്ച്, പക്ഷേ കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ മറ്റുള്ളവരോട് ചോദിക്കേണ്ടി വന്നു

ചിലര്‍ ജീവിക്കാന്‍ വേണ്ടിയാണ് ഭക്ഷണം കഴിക്കുന്നത്. മറ്റു ചിലര്‍ ഭക്ഷണം കഴിക്കാന്‍ വേണ്ടിയാണ് ജീവിക്കുന്നത്. എന്നാല്‍ കഴിഞ്ഞ 50 വര്‍ഷമായി ഖരഭക്ഷണം കഴിക്കാതെ ജീവിതം മുമ്പോട്ട് കൊണ്ടുപോകുകയാണ് വിയറ്റ്‌നാമിലെ ബുയി തി ലോയ്. വെള്ളവും പഞ്ചസാര അടങ്ങിയ ശീതളപാനീയങ്ങളും മാത്രം കഴിച്ചാണ് താന്‍ ജീവിക്കുന്നതെന്നും 75 കാരിയായ വിയറ്റ്‌നാമീസ് സ്ത്രീ അവകാശപ്പെടുന്നു. വിയറ്റ്‌നാമിലെ ക്വാങ് ബിന്‍ഹ് പ്രവിശ്യയിലെ ലോക്ക് നിന്‍ഹ് കമ്മ്യൂണില്‍ നിന്നുള്ള വൃദ്ധ കട്ടിയുള്ള ഭക്ഷണം താന്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ലെന്നും പറയുന്നു.

1963ല്‍ യുദ്ധത്തില്‍ പരിക്കേറ്റ സൈനികരെ ചികിത്സിക്കുന്നതിനായി അവരും മറ്റ് സ്ത്രീകളും ഒരു പര്‍വതത്തില്‍ കയറുന്നതിനിടെ ഇടിമിന്നലേറ്റതാണ് സംഭവങ്ങളുടെ തുടക്കം. അബോധാവസ്ഥയിലായ അവര്‍ അതിജീവിച്ചുവെങ്കിലും, അതിനുശേഷം ഒരിക്കലും പഴയതുപോലെയായില്ല. ബോധം വന്നതിനുശേഷം ദിവസങ്ങളോളം ഒന്നും കഴിക്കാതിരുന്നതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ മധുരമുള്ള വെള്ളം നല്‍കാന്‍ തുടങ്ങി. ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം സുഹൃത്തുക്കളുടെ നിര്‍ബ്ബന്ധത്തിന് വഴങ്ങി പഴങ്ങള്‍ പോലെയുള്ള ചില ഖര ഭക്ഷണം കഴിക്കാന്‍ തുടങ്ങി. എന്നാല്‍ പിന്നീട് അത്തരം ഭക്ഷണത്തിന്റെ ആവശ്യകത ഒരിക്കലും തോന്നിയില്ല.

1970-ല്‍ ഖരഭക്ഷണം പൂര്‍ണ്ണമായും ഒഴിവാക്കി, ജലത്തെയും ശീതളപാനീയങ്ങളെയും മാത്രം ആശ്രയിച്ചു. ഇപ്പോള്‍ തി ലോയ് യുടെ റഫ്രിജറേറ്ററും ഫ്രീസറും കുപ്പി വെള്ളവും പഞ്ചസാര ഉപയോഗിക്കുന്ന ശീതളപാനീയങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്നു. കുട്ടികള്‍ക്കായി താന്‍ ഇപ്പോഴും പാചകം ചെയ്യാറുണ്ടെങ്കിലും ഒരിക്കലും സ്വന്തമായി പാചകം ചെയ്തിട്ടില്ല എന്നും ഇവര്‍ പറയുന്നു.

ഇപ്പോള്‍ കുട്ടികള്‍ വളര്‍ന്ന് പുറത്തേക്ക് മാറിയതിനാല്‍, അവരുടെ അടുക്കള പൊടി പിടിച്ചു കിടക്കുകയാണ്. ഇപ്പോള്‍ ഓക്കാനം ഉണ്ടാകാന്‍ ഭക്ഷണത്തിന്റെ മണം മാത്രം മതിയെന്നും പറയുന്നു. അതേസമയം അവളുടെ വിചിത്രമായ ഭക്ഷണക്രമം കാരണം, അവള്‍ക്ക് ഒരിക്കലും തന്റെ കുട്ടികളെ മുലയൂട്ടാന്‍ കഴിഞ്ഞിരുന്നില്ല, മറ്റുള്ളവരോട് പാല്‍ ചോദിക്കേണ്ടി വന്നു.