Lifestyle

ഹൈഹീൽ ഊരിമാറ്റി, പാവാട കൈയ്യിൽ പിടിച്ച് സൗന്ദര്യറാണികള്‍ ഓടി! സൗന്ദര്യമത്സരത്തിനിടെ ഭൂകമ്പം- വീഡിയോ

ഫിലിപ്പീൻസില്‍ മിസ് ഏഷ്യ-പസഫിക് ഇന്റർനാഷണൽ 2025 സൗന്ദര്യമത്സരത്തിന്റെ ഗാല നൈറ്റ് നടന്നുകൊണ്ടിരിക്കെ ഭൂകമ്പം. പ്രാദേശിക സമയം രാത്രി 10:00 മണിയോടെയാണ് പ്രകമ്പനം അനുഭവപ്പെട്ടത്. വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ചാൻഡിലിയറുകൾ ശക്തമായി ആടുന്നതിനിടെ മത്സരാർത്ഥികൾ വേദിയിൽ നിന്ന് ഓടിപ്പോകുന്നത് ദൃശ്യങ്ങളിൽ കാണാം.

ഫിലിപ്പീൻസിൽ നിന്നുള്ള അനിത റോസ് ഗോമസ്, നിലവിലെ കിരീടാവകാശി യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിന്നുള്ള ജനിലിസ് ലെയ്‌ബ എന്നിവരുൾപ്പെടെ 43 സൗന്ദര്യ റാണികൾ ഈ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു. അതിഥികൾ മേശകൾക്കടിയിൽ അഭയം തേടുന്നതും കണ്ടു. നിലവിലെ കിരീടാവകാശി ജനിലിസ് ലെയ്‌ബ പരിഭ്രാന്തയായി തന്റെ കിരീടം എടുത്തുമാറ്റുന്നത് വീഡിയോയിലുണ്ട്. നിരവധി മത്സരാർത്ഥികൾ തങ്ങളുടെ ഹൈ ഹീൽസുകൾ ഊരിമാറ്റി, നീളൻ പാവാടകൾ കൈയ്യിൽ പിടിച്ച് നഗ്നപാദരായി പുറത്തേക്ക് ഓടുകയായിരുന്നു.

സംഘാടകർ സാഹചര്യം വിലയിരുത്തുന്നതിനായി ബാക്കിയുള്ള മത്സര ഇനങ്ങൾ മാറ്റിവെച്ചു. മിസ് ഏഷ്യ-പസഫിക് ഇന്റർനാഷണൽ (എംഎപിഐ) ഓർഗനൈസേഷൻ എല്ലാ മത്സരാർത്ഥികളും ജീവനക്കാരും സുരക്ഷിതരാണെന്ന് സ്ഥിരീകരിച്ചു.

അതിവേഗത്തിലുള്ള പ്രതികരണത്തിന് അവർ റാഡിസൺ ബ്ലൂ സെബുവിന് നന്ദി അറിയിച്ചു.”ഈ ദുരന്തത്തിൽ ദുരിതമനുഭവിക്കുന്ന എല്ലാവർക്കുമൊപ്പം ഞങ്ങളുടെ ഹൃദയമുണ്ട്. ഞങ്ങളുടെ എല്ലാ മത്സരാർത്ഥികളും സുരക്ഷിതരാണെന്നതിൽ ഞങ്ങൾ നന്ദിയുള്ളവരാണ്,” ഓർഗനൈസേഷൻ പ്രസ്താവിച്ചു. ഫിലിപ്പീൻസിലെ ഭൂകമ്പംസെബുവിന്റെ വടക്കുകിഴക്കൻ തീരത്തുള്ള ബോഗോക്ക് സമീപമായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഫിലിപ്പീൻസിലെ സെബുവിലുണ്ടായ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ കുറഞ്ഞത് 72 പേർ മരിച്ചിരുന്നു, 150-ൽ അധികം പേർക്ക് പരിക്കേറ്റു.

ബോഗോയിൽ 30 മരണങ്ങളും, സാൻ റെമിജിയോയിൽ 22-ഉം മെഡെലിനിൽ 10-ഉം മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഭൂകമ്പം കെട്ടിടങ്ങൾ തകരാനും മേഖലയിൽ വൈദ്യുതി തടസ്സത്തിനും കാരണമായി. തെക്കേ അമേരിക്ക മുതൽ റഷ്യൻ ഫാർ ഈസ്റ്റ് വരെ വ്യാപിച്ചുകിടക്കുന്ന, ഭൂകമ്പ സാധ്യതയുള്ള അഗ്നിപർവ്വതങ്ങളുടെ ബെൽറ്റായ പസഫിക് “റിംഗ് ഓഫ് ഫയറിൽ” ആണ് ഫിലിപ്പീൻസ് സ്ഥിതിചെയ്യുന്നത്. ഇവിടെ ഓരോ വർഷവും 800-ൽ അധികം ഭൂകമ്പങ്ങൾ അനുഭവപ്പെടാറുണ്ട്.