Movie News

വിജയ് യുടെ മകന്‍ സഞ്ജയ് യുടെ ആദ്യ നായകന്‍ ദുല്‍ക്കര്‍ സല്‍മാന്‍; സംഗീതം എ.ആര്‍. റഹ്മാന്‍

രാഷ്ട്രീയ പ്രവേശം നടത്തുന്ന തമിഴിലെ സൂപ്പര്‍താരം വിജയ് ഏറെക്കുറെ സിനിമ വിടാനുളള തയ്യാറെടുപ്പിലാണ്. ഗോട്ടിന് ശേഷം താരം മിക്കവാറും രാഷ്ട്രീയത്തിലേക്ക് പൂര്‍ണ്ണമായും മാറും. ഈ സമയത്ത് പിതാവിന്റെ പാരമ്പര്യം നിലനില്‍ര്‍ത്തി മകന്‍ ജേസണ്‍ സഞ്ജയ് സിനിമയിലേക്ക് പ്രവേശിക്കാനൊരുങ്ങുന്നു. സഞ്ജയ് ആദ്യമായി സംവിധാനം ചെയ്യാനൊരുങ്ങുന്ന സിനിമയില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനായേക്കുമെന്ന് സൂചന.

സിനിമയുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് സൂചനകള്‍. ദുല്‍ഖര്‍ നിലവില്‍ തമിഴില്‍ ചെയ്യുന്ന സിനിമ മണിരത്‌നം സംവിധാനം ചെയ്യുന്ന കമല്‍ചിത്രം ‘തഗ് ലൈഫി’ ന്റെ ഷൂട്ടിംഗിലാണ്. കമല്‍ഹാസന്‍, തൃഷ, ജയംരവി, അഭിരാമി, നാസര്‍, ഗൗതം കാര്‍ത്തിക്, ജോജു ജോര്‍ജ്ജ്, ഐശ്വര്യാ ലക്ഷ്മി തുടങ്ങി വമ്പന്‍ താരനിരയാണ് മണിരത്‌നം ചിത്രത്തിലുള്ളത്.

ഇതിന് പിന്നാലെ താരത്തെ കാത്ത് ഒരു തെലുങ്ക് സിനിമ ‘ലക്കി ഭാസ്‌ക്കറും’ പ്രാരംഭദശയിലാണ്. മലയാളത്തില്‍ ദുല്‍ഖര്‍ അവസാനമായി അഭിനയിച്ച സിനിമ അദ്ദേഹം തന്നെ നിര്‍മ്മിച്ച കിംഗ് ഓഫ് കൊത്തയായിരുന്നു. സിനിമ വേണ്ടത്ര വിജയം നേടിയില്ല. തമിഴിലെ സൂപ്പര്‍താരത്തിന്റെ മകനും മലയാളത്തിലെ സൂപ്പര്‍താരത്തിന്റെ മകനും ഒരുമിക്കുമ്പോള്‍ വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകര്‍. വിദേശത്ത് നിന്നും സിനിമയുമായി ബന്ധപ്പെട്ട തിരക്കഥാരചനയില്‍ ബിരുദം നേടിയ ശേഷമാണ് ജേസണ്‍ സഞ്ജയ് സിനിമയിലേക്ക് പ്രവേശിക്കുന്നത്.