മലയാളത്തിന്റെ സ്വന്തം താരപുത്രന്‍ ദുല്‍ഖര്‍ സല്‍മാന്‍ തെന്നിന്ത്യയും കടന്ന് ബോളിവുഡില്‍ എത്തി നില്‍ക്കുകയാണ്. ഡിക്യു ഇന്ന് ഇന്ത്യന്‍ സിനിമയിലെ മികച്ച യുവതാരങ്ങളില്‍ ഒരാളായി നില്‍ക്കുകയാണ്. സിനിമയ്ക്ക് പുറത്തു മാത്രമല്ല സിനിമയ്ക്കുള്ളിലും നിരവധി പേര്‍ ദുല്‍ഖറിന്റെ ആരാധകരാണ്.
ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ഡിക്യുവിന്റേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് ലക്കി ഭാസ്‌ക്കര്‍. ചിത്രം വന്‍ വിജയമായി മുന്നോട്ട് പൊയ്ക്കോണ്ടിരിയ്ക്കുകയാണ്. ലക്കി ഭാസ്ഖറിന്റെ സക്സസ് മീറ്റ് ഇവന്റില്‍, സംവിധായകന്‍ നാഗ് അശ്വിന്‍ ദുല്‍ഖര്‍ സല്‍മാനെക്കുറിച്ച് കേട്ടിട്ടില്ലാത്ത ഒരു കഥ പങ്കുവെച്ചിരിയ്ക്കുകയാണ്.
ഒരു സിനിമ ഏറ്റെടുക്കാന്‍ താരം എങ്ങനെ മടിച്ചുവെന്നും എന്നാല്‍ അത് അദ്ദേഹത്തിന്റെ എക്കാലത്തെയും വലിയ ഹിറ്റുകളില്‍ ഒന്നായി മാറുകയായിരുന്നുവെന്നുമാണ് നാഗ് അശ്വിന്‍ വെളിപ്പെടുത്തിയിരിയ്ക്കുന്നത്. നാഗ് അശ്വിന്‍ തന്നെ സംവിധാനം ചെയ്ത ‘മഹാനടി’ എന്ന ചിത്രത്തെ കുറിച്ചാണ് അദ്ദേഹം തുറന്നു പറഞ്ഞത്. നാഗ് അശ്വിന്റെ മഹാനടിയിലൂടെയാണ് ദുല്‍ഖര്‍ തെലുങ്കില്‍ അരങ്ങേറ്റം കുറിച്ചത്. ചിത്രത്തില്‍ ജെമിനി ഗണേശനെയാണ് ദുല്‍ഖര്‍ അവതരിപ്പിച്ചത്. ചടങ്ങില്‍ സംസാരിക്കവേ, സ്‌ക്രിപ്റ്റ് വിവരിക്കുന്നതിന് മുമ്പു തന്നെ, ദുല്‍ഖര്‍ ചിത്രം തന്നെ നിരസിയ്ക്കുകയായിരുന്നുവെന്നാണ് നാഗ് അശ്വിന്‍ പറയുന്നത്.
ദുല്‍ഖറിന് തെലുങ്ക് സംസാരിക്കാന്‍ കഴിയുമോ എന്ന് ഉറപ്പില്ലെന്നും അതുകൊണ്ടു തന്നെ തെലുങ്ക് സിനിമാ പ്രേക്ഷകര്‍ തന്നെ സ്വീകരിക്കുമോയെന്ന ആശങ്ക ഉണ്ടായിരുന്നുവെന്നും നാഗ് അശ്വിന്‍ വെളിപ്പെടുത്തി. എന്നാല്‍ തന്നോട് വളരെയധികം നീതി പുലര്‍ത്തി അദ്ദേഹം അഭിനയിച്ചുവെന്നും സംവിധായകന്‍ അഭിമാനത്തോടെ പറഞ്ഞു.
” ചെന്നൈയില്‍ വച്ച് ‘മഹാനടി’ എന്ന ചിത്രത്തെ കുറിച്ച് ദുല്‍ഖര്‍ ഗാരുവിനോട് സംസാരിയ്ക്കാന്‍ പോയപ്പോള്‍ അദ്ദേഹം പറഞ്ഞു. തനിക്ക് തെലുങ്ക് സിനിമകള്‍ ചെയ്യാന്‍ കഴിയില്ല. ഞാന്‍ എങ്ങനെ ഭാഷ സംസാരിക്കും? ആളുകള്‍ എന്നെ ശ്രദ്ധിക്കുമോ? ഈ മനുഷ്യന് ഭാഷ അറിയാത്തതു പോലെയായിരിക്കും അവര്‍ കരുതുന്നതെന്നാണ് പറഞ്ഞത്. പിന്നെ, ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ഹാട്രിക്ക് എന്നാക്കി ചുരുക്കി, മൂന്ന് ബ്ലോക്ക്ബസ്റ്ററുകള്‍ക്ക് ശേഷം, ദുല്‍ഖര്‍ ഇപ്പോള്‍ ഒരു തെലുങ്ക് സൂപ്പര്‍സ്റ്റാറാണ്.. വളരെ സന്തോഷം സര്‍, നന്ദി.” – നാഗ് അശ്വിന്‍ പറഞ്ഞു.