Movie News

മമ്മൂട്ടി കമ്പനി വിളിച്ചു, ദുബായ് സെൻസേഷൻ ഖാലിദ് അൽ അമേരി ഇനി മലയാള സിനിമയിൽ

ലോകമെമ്പാടും ലക്ഷക്കണക്കിന് ആരാധകരുള്ള, ദുബായ് സോഷ്യൽ മീഡിയ താരം ഖാലിദ് അൽ അമേരി മലയാള സിനിമയിലേക്ക്. നവാഗതനായ അദ്വൈത് നായർ ഒരുക്കുന്ന ‘ചത്ത പച്ച്, ദി റിംഗ് ഓഫ് റൗഡീസ്’ എന്ന ചിത്രത്തിലൂടെയാണ് ഈ എമിറാത്തി ഇൻഫ്ലുവൻസർ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്.

ഫോർട്ട് കൊച്ചിയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു റൗഡി ആക്ഷൻ ഡ്രാമയാണ് ‘ചത്ത പച്ച . ചിത്രത്തിൽ ഒരു അതിഥി വേഷത്തിലാണ് ഖാലിദ് അൽ അമേരി പ്രത്യക്ഷപ്പെടുന്നത്. അദ്ദേഹത്തിന്റെ സാന്നിധ്യം ഇതിനോടകം തന്നെ സിനിമാ ലോകത്തും സോഷ്യൽ മീഡിയയിലും വലിയ ചർച്ചാവിഷയമായി മാറിയിട്ടുണ്ട്. ഹൃദയസ്പർശിയായ വീഡിയോകളിലൂടെയും സാംസ്കാരിക വിഷയങ്ങളിലെ ആഴത്തിലുള്ള നിരീക്ഷണങ്ങളിലൂടെയും ആഗോളതലത്തിൽ ശ്രദ്ധേയനായ ഖാലിദിന്റെ സിനിമാ പ്രവേശം ആരാധകർ ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്.

മലയാള സിനിമയോടും കേരളത്തോടും ഖാലിദ് അൽ അമേരിക്കുള്ള താൽപ്പര്യം മുൻപും ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതാണ്. മെഗാസ്റ്റാർ മമ്മൂട്ടിയുമായി അദ്ദേഹം നടത്തിയ അഭിമുഖം ഏറെ വൈറലായിരുന്നു. കേരളത്തിൽ വലിയൊരു ആരാധകവൃന്ദം തന്നെയുള്ള ഖാലിദിന്റെ സാന്നിധ്യം സിനിമയ്ക്ക് രാജ്യാന്തര തലത്തിൽ കൂടുതൽ ശ്രദ്ധ നേടിക്കൊടുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

റീൽ വേൾഡ് എന്റർടൈൻമെന്റിന്റെ ബാനറിൽ ഷിഹാൻ ഷൗക്കത്ത്, റിതേഷ് എസ്. രാമകൃഷ്ണൻ എന്നിവരും മമ്മൂട്ടി കമ്പനിയും ചേർന്നാണ് നിർമാണം. അർജുൻ അശോകൻ, റോഷൻ മാത്യു, ഇഷാൻ ഷൗക്കത്ത് (മാർക്കോ ഫെയിം) വിശാഖ് നായർ, എന്നിവരാണ് ഈ ചിത്ര ത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിദ്ദിഖ്, മുത്തുമണി, പുജ മോഹൻരാജ്,തെസ്നി ഖാൻ, എന്നിവർക്കൊപ്പം പ്രശസ്ത സോഷ്യൽ മീഡിയാ താരം ലഷ്മി മിഥുനും (റോന്ത് ഫെയിം) നിരവധി താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.

ചിത്രത്തിന്റെ സംഗീതമൊരുക്കുന്നത് ബോളിവുഡ്ഡിലെ ഏറ്റവും ഹരമായ ഗങ്കർ. ഇഹ്സാൻ, ലോയ് ടീം ആണ്. പശ്ചാത്തല സംഗീതം – മുജീബ് മജീദ്.
ഗാനങ്ങൾ – വിനായക് ശശികുമാർ. ചങ്ക്സ്, വികൃതി എന്നീ ചിത്രങ്ങൾക്കുതിരക്കഥ ഒരുക്കുകയും സുമേഷ് രമേഷ് എന്ന ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുകയും ചെയ്ത സനൂപ് തൈക്കൂടമാണ് തിരക്കഥ രചിച്ചിരിക്കുന്നത്.