Featured Oddly News

“നീ എന്നെ കടിക്കുമോടാ? മദ്യലഹരിയില്‍ കടിച്ച പാമ്പിനെ കഴുത്തിലിട്ട് അഭ്യാസം- വീഡിയോ

ആന്ധ്രാപ്രദേശിലെ കൊനസീമ ജില്ലയിൽ മദ്യലഹരിയിലായിരുന്ന ഒരാൾ പാമ്പിനെ കഴുത്തിലണിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇയാൾ പാമ്പുമായി കളിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. വിഷമുള്ളതും അപകടകാരിയുമായ പാമ്പിൽ നിന്ന് അയാളെ രക്ഷിക്കാൻ ശ്രമിക്കുന്ന നാട്ടുകാർക്ക് നേരെ പാമ്പിനെ എറിയുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തുന്നതും വീഡിയോയിൽ കാണാം.

കൊനസീമ ജില്ലയിലെ മുമ്മിദിവാരത്തിൽ, ഡോ. ബി.ആർ. അംബേദ്കറുടെ പ്രതിമയ്ക്ക് മുന്നിലാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ടുകൾ. വിഷപ്പാമ്പിനെ പിടികൂടിയാണ് ഇയാൾ ഗ്രാമത്തിൽ പരിഭ്രാന്തി സൃഷ്ടിച്ചത്. ഗൊല്ലപ്പള്ളി കൊണ്ട എന്നയാളാണ് സംഭവത്തിന് പിന്നിലെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. വീട്ടിലെ കോഴിക്കൂടിനടുത്ത് നിന്നാണ് ഇയാൾക്ക് പാമ്പിനെ കിട്ടിയത്. കോഴിക്കൂടിനടുത്ത് ജോലി ചെയ്യുന്നതിനിടെ ഒരു മൂർഖൻ പാമ്പ് കൊണ്ടയെ കടിക്കുകയായിരുന്നു. സഹായം തേടുന്നതിന് പകരം, കൊണ്ട ദേഷ്യത്തിൽ പാമ്പിനെ പിടികൂടി കഴുത്തിൽ ചുറ്റി. മദ്യലഹരിയിലായിരുന്നതിനാലാണ് ഇയാൾ ഇത്തരത്തിൽ ഒരു സാഹസത്തിന് മുതിർന്നതെന്നാണ് റിപ്പോർട്ട്.

പാമ്പിനെ കഴുത്തിൽ ചുറ്റിയ ശേഷം ഇയാൾ, “നീ എന്നെ കടിക്കുമോ?” എന്ന് ചോദിച്ച് റോഡിലൂടെ നടന്നു. ഗ്രാമത്തിലെ തെരുവുകളിലൂടെ പാമ്പുമായി നടന്ന ഇയാൾ, തൻ്റെ നേരെ വരുന്ന ആളുകൾക്ക് നേരെ പാമ്പിനെ എറിയുമെന്ന് ഭീഷണിപ്പെടുത്തി. പാമ്പിനെ നാട്ടുകാർക്ക് നേരെ എറിയാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം.

ഇതിനിടെ പാമ്പ് ഇയാളെ വീണ്ടും കടിച്ചു. അതോടെ സംഭവം കൂടുതൽ അപകടകരമായി. തുടർന്ന് നാട്ടുകാർ പാമ്പിനെ ഇയാളുടെ കൈയ്യിൽ നിന്ന് പിടിച്ച് മാറ്റി കൊല്ലുകയായിരുന്നു. അതിനുശേഷം കൊണ്ടയെ ചികിത്സക്കായി സർക്കാർ ആശുപത്രിയിൽ എത്തിച്ചു. നിലവിൽ കൊണ്ട അപകടനില തരണം ചെയ്ത് ചികിത്സയിലാണെന്നും റിപ്പോർട്ടുകളുണ്ട്.