ബോഡി ഫിറ്റ്നെസിന് പ്രാധാന്യം കൊടുക്കുന്നവരാണ് ഇപ്പോഴത്തെ യുവതലമുറ. മണിക്കൂറുകൾ നീളുന്ന വ്യായാമത്തിനിടയിലും വ്യായാമശേഷവും വെള്ളമോ സോഫ്റ്റ് ഡ്രിങ്കുകളോ കുടിക്കുക ഇന്ന് പലരുടെയും ശീലമാണ്. വർക്കൗട്ടിനു ശേഷം വെള്ളം കുടിക്കുന്നതു നല്ലതാണ് എന്നാൽ കാർബണേറ്റഡ് പാനീയങ്ങളോടു നോ പറയണം. പ്രത്യേകിച്ച് ചൂടുള്ള കാലാവസ്ഥയില്‍. കാരണം ഇവ വൃക്കരോഗത്തിനു കാരണമാകുമെന്ന് അമേരിക്കൻ ജേണൽ ഓഫ് ഫിസിയോളജിയിൽ പ്രസിദ്ധീകരിച്ച പഠനഫലം പറയുന്നു.
പല കാർബണേറ്റഡ് പാനീയങ്ങളും, പ്രത്യേകിച്ച് കഫീൻ അടങ്ങിയവ മൂത്രോത്പാദനം വർദ്ധിപ്പിക്കുകയും നിർജ്ജലീകരണത്തിന് കാരണമാവുകയും ചെയ്യും. ഉയർന്ന ഫ്രക്ടോസ് കോൺ സിറപ്പ് ചേർത്ത മധുരമുള്ള പാനീയങ്ങൾ പോലുള്ള പഞ്ചസാര പാനീയങ്ങൾ യൂറിക് ആസിഡിന്റെ അളവ് വർദ്ധിപ്പിക്കുന്നതിന് കാരണമാകും, ഇത് വൃക്കകളിൽ അധിക സമ്മർദ്ദം ചെലുത്തും.
ചില കാർബണേറ്റഡ് പാനീയങ്ങളിൽ ഫോസ്ഫോറിക് ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് വൃക്കയിലെ കല്ലുകളിലേക്കും മറ്റ് വൃക്ക പ്രശ്നങ്ങളിലേക്കും ബന്ധപ്പെട്ടിരിക്കുന്നു. കാർബണേറ്റഡ് പാനീയങ്ങളിലെ ഉയർന്ന സോഡിയത്തിന്റെ അളവ് ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാകും, ഇത് വൃക്കരോഗത്തിനുള്ള അപകട ഘടകമാണ്.
വ്യായാമത്തിനു ശേഷം സോഡ കുടിക്കാനേ പാടില്ലെന്നാണ് ഈ പഠനം പറയുന്നത്. കൂടിയ അളവിൽ ഫ്രക്ടോസും കഫീനും അടങ്ങിയ പാനീയങ്ങൾ, വ്യായാമം ചെയ്യുമ്പോഴും വ്യായാമത്തിനു ശേഷവും മനുഷ്യരിൽ വൃക്കയെ എങ്ങനെ ബാധിക്കുന്നു എന്നും ഇത് Acute Kidney Injury (AKI) യുടെ സൂചകങ്ങളെ വർധിപ്പിക്കുന്നുണ്ടോ എന്നും പരിശോധിക്കുകയായിരുന്നു പഠനത്തിന്റെ ലക്ഷ്യം.
ആരോഗ്യവാന്മാരായ 12 പേരെ പഠനത്തിനായി തിരഞ്ഞെടുത്തു. നാലു മണിക്കൂർ നീളുന്ന വ്യായാമത്തിനിടയിൽ രണ്ടു ലിറ്റർ കാർബണേറ്റഡ് പാനീയം ഇവർക്കു നൽകി. പകുതിപേർക്ക് സോഫ്റ്റ് ഡ്രിങ്ക്സ് നൽകിയപ്പോൾ ബാക്കിയുള്ളവർക്കു വെള്ളമാണു നൽകിയത്. വെള്ളം കുടിച്ചവർക്ക് ലാബിൽ നിന്നിറങ്ങിയ ശേഷം ഒരു ലിറ്റർ സോഫ്റ്റ് ഡ്രിങ്ക് കുടിക്കാൻ കൊടുത്തു.
വെള്ളം കുടിച്ചവരെ അപേക്ഷിച്ച്, വ്യായാമശേഷം സോഫ്റ്റ് ഡ്രിങ്ക് കുടിച്ച 75 ശതമാനം പേരിലും വൃക്കരോഗത്തിന്റെ സൂചനകൾ അതായത് AKI ഒന്നാംഘട്ടത്തിലെത്തിയതായി കണ്ടു.
സോഫ്റ്റ് ഡ്രിങ്ക് കുടിച്ചവരിൽ, വൃക്കയിലെ പരുക്കിന്റെ ജൈവ സൂചകമായ യൂറിനറി ന്യൂട്രോഫിൽ ജെലാറ്റിനേസ് അസോസിയേറ്റഡ് ലിപ്പോ കാലിന്റെ (NGAL) അളവ് ഒരു ദിവസത്തിനുശേഷം വളരെയധികം കൂടുതലായിരുന്നു.
കാർബണേറ്റഡ് പാനീയങ്ങൾക്കു പകരം ധാരാളം വെള്ളം കുടിക്കാം. ഫ്രൂട്ട് ജ്യൂസുകൾ, നാരങ്ങാവെള്ളം, മോരുവെള്ളം, കരിക്കിൻ വെള്ളം ഇവയും ആരോഗ്യകരമാണ്.




