Health

ഒരു ഗ്ലാസ് ചായ കുടിച്ചാല്‍ രണ്ട് ഗ്ലാസ്സ് വെള്ളമെങ്കിലും കുടിക്കണം; വേനല്‍ക്കാലത്തെ ഭക്ഷണം

കാലാവസ്ഥയില്‍ വരുന്ന മാറ്റം നമ്മുടെ ആരോഗ്യത്തെയും ആഹാരരീതിയെയും വളരെയേറെ സ്വാധീനിക്കുന്നു. കാലാവസ്ഥാ വ്യതിയാനങ്ങള്‍ ആരോഗ്യത്തെ ബാധിക്കുന്നതുകൊണ്ട്, ഇത്തരം ആരോഗ്യപ്രശ്‌നങ്ങളെ അതിജീവിക്കാന്‍ പ്രകൃതിതന്നെ ഒരോ ഭൂപ്രകൃതിക്കും കാലാവസ്ഥയ്ക്കും അനുസൃതമായ ഭക്ഷ്യ വിഭവങ്ങള്‍ നമുക്കായി ഒരുക്കിയിട്ടുണ്ട്. വേനല്‍ക്കാലത്ത് പഴങ്ങളും പച്ചക്കറികളും സുലഭമായി ലഭിക്കുന്നതിനുപിന്നിലെ രഹസ്യവും മറ്റൊന്നല്ല. കാലാവസ്ഥയ് അനുസൃതമായ ഭക്ഷണസാധനങ്ങള്‍ നമ്മുടെ ചുറ്റുപാടും ലഭ്യമാണ്. പക്ഷേ, നാം ഇതൊന്നും ശ്രദ്ധിക്കാതെ ഫാസ്റ്റ് ഫുഡിന്റെയും പായ്ക്കറ്റ് രുചിക്കൂട്ടുകളുടെയും പിന്നാലെ പായുകയാണ്. എന്നാല്‍ നമ്മുടെ പൂര്‍വികര്‍ ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധാലുക്കളായിരുന്നു. അവര്‍ പിന്‍തുടര്‍ന്നുപോന്ന ആഹാരരീതികളില്‍ നിന്നും ഇതു മനസിലാക്കാനാവും.

നിര്‍ജലീകരണം ഒഴിവാക്കാം

അന്തരീക്ഷത്തിലെ ഉയര്‍ന്ന താപനിലയെ അതിജീവിക്കാന്‍ ശരീരം കൂടുതല്‍ വിയര്‍പ്പ് ഉല്‍പാദിപ്പിക്കുന്നുണ്ട്. അതിനാല്‍ മറ്റ് കാലാവസ്ഥകളില്‍ നിന്നും വ്യത്യസ്തമായിരിക്കണം വേനല്‍ക്കാലത്തെ ഭക്ഷണരീതി. ഇത് ജലാംശവും ലവണങ്ങളും ശരീരത്തില്‍ നിന്നും ധാരാളമായി നഷ്ടമാകാന്‍ കാരണമാകും. ഈ അവസരങ്ങളില്‍ ആവശ്യത്തിനു വെള്ളം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ നിര്‍ജലീകരണം അഥവാ ഡീഹൈഡ്രേഷന്‍ എന്ന അവസ്ഥയ്ക്ക് കാരണമാകും.

വെള്ളം കുടിക്കണം

ഒരോരുത്തരും അവരവരുടെ തൊഴില്‍, ജീവിത സാഹചര്യം തുടങ്ങിയ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ വെള്ളം കുടിക്കണം. കുറഞ്ഞത് രണ്ടര ലിറ്റര്‍ വെള്ളം ദിവസവും കുടിക്കണം. പൊരിവെയിലത്തു ജോലി ചെയ്യുന്നവര്‍ അല്‍പം ഉപ്പുചേര്‍ത്ത വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. എന്നാല്‍ ഓഫീസ് ജോലിയോ അധ്വാനം കുറഞ്ഞ ജോലികള്‍ ചെയ്യുന്നവരോ അധികം ഉപ്പുചേര്‍ക്കേണ്ട ആവശ്യമില്ല. കാരണം ആഹാരത്തില്‍ നിന്നും ശരീരത്തിനാവശ്യമായ ഉപ്പ് അവര്‍ക്ക് ലഭിക്കുന്നുണ്ട്.

ജലജന്യ രോഗങ്ങള്‍ കരുതിയിരിക്കണം

വേനല്‍ക്കാലത്ത് ദാഹശമനത്തിനായി തട്ടുകടകളിലും വഴിയോരങ്ങളിലും ലഭിക്കുന്ന ദാഹശമനികളെ ആശ്രയിക്കുമ്പോള്‍ സൂക്ഷിക്കണം. വൃത്തിഹീനമായ ചുറ്റുപാടില്‍ തയ്യാറാക്കുന്ന ഇത്തരം പാനീയങ്ങള്‍ മഞ്ഞപ്പിത്തം, വയറിളക്കം, ഛര്‍ദി തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാകും. മാത്രമല്ല ബോട്ടിലുകളില്‍ ലഭ്യമാകുന്ന കോള, പെപ്‌സി മുതലായവ ശരീരത്തില്‍ ഉള്ള ജലാംശം കൂടി വലിച്ചെടുക്കും. അതുകൊണ്ട് വീട്ടില്‍ തയ്യാറാക്കുന്നതും വൃത്തിയുള്ളതുമായ പാനീയങ്ങള്‍ ഉപയോഗിക്കുന്നതാണ് നല്ലത്.

ജലാംശമുള്ള ഭക്ഷണം

വേനല്‍ക്കാല ഭക്ഷണം ജലാംശം കൂടുതലുള്ളതും എളുപ്പത്തില്‍ ദഹിക്കുന്നവയുമാകണം. തവിടുള്ള അരി, ഗോതമ്പ്, ബാര്‍ലി തുടങ്ങിയവ ഉള്‍പ്പെടുത്തണം. ജലാംശമുള്ള പച്ചക്കറികളും പഴങ്ങളും ധാരളമായി വേനല്‍ക്കാലത്ത് ഉപയോഗിക്കാം. ചെറുനാരങ്ങ, ഓറഞ്ച്, മുസംബി, മുന്തിരി, പൈനാപ്പിള്‍, തണ്ണിമത്തന്‍, ഇളനീര്‍ വെള്ളം, മോരുവെള്ളം മുതലായവ ഉപയോഗിക്കാവുന്നതാണ്.
കാരറ്റ്, തക്കാളി, സവോള, കാബേജ്, ഇലവര്‍ഗങ്ങള്‍ മുതലായവ ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഉത്തമമാണ്. വൈറ്റമിന്‍ – എ ധാരാളമുള്ള ഇത്തരം പച്ചക്കറികളുടെ ഉപയോഗം വേനല്‍ക്കാലത്തുണ്ടാകുന്ന ചര്‍മ്മരോഗങ്ങളെ തടയാന്‍ സഹായിക്കുന്നു.

മസാല ഉപയോഗം കുറയ്ക്കാം

എരിവ്, പുളി, മസാല എന്നിവയുടെ ഉപയോഗം വേല്‍നല്‍ക്കാലത്ത് കുറയ്ക്കുന്നതാണ് ഉചിതം. കാരണം ഇവയുടെ അധിക ഉപയോഗം ദഹനക്കേടുണ്ടാക്കും. ജീരകം, മല്ലി, പുതിന എന്നിവ ഉപയോഗിക്കുകയാണെങ്കില്‍ എളുപ്പത്തില്‍ ദഹിക്കാന്‍ സഹായിക്കുന്നു. മാങ്ങ, ചക്ക മുതലായവ ധാരാളമായി ലഭിക്കുന്ന സമയമായതുകൊണ്ട് അമിതയുപയോഗത്തിന് സാധ്യതയുണ്ട്. പോഷകസംപുഷ്ടമാണെങ്കിലും ഊര്‍ജ്ജത്തിന്റെ ഉയര്‍ന്ന അളവ് ശരീരഭാരം വര്‍ദ്ധിപ്പിക്കും. മാത്രമല്ല ദഹനപ്രശ്‌നങ്ങളും ഉണ്ടാക്കും. വേനല്‍ക്കാലത്ത് മാംസാഹാരവും എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കണം. കടല്‍ മല്‍സ്യം ഉപയോഗിക്കാം.

കാപ്പിയും ചായയും വേണ്ട

കാപ്പി, ചായ മുതലായവയുടെ ഉപയോഗം കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യണം. അല്ലെങ്കില്‍ ഒരു ഗ്ലാസ് ചായ കുടിച്ചാല്‍ ഉടനെ രണ്ട് ഗ്ലാസ്സ് വെള്ളമെങ്കിലും കുടിക്കണം. ഐസ് ടീ ഉപയോഗിക്കാവുന്നതാണ്. വേനല്‍ക്കാലത്ത് ഐസ് വാട്ടറുടെ ഉപയോഗം കൂടുതലായിരിക്കും. ഇത് തല്‍ക്കാല ആശ്വാസം തരുമെങ്കിലും ദഹനക്കേടും മറ്റു ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകും. ചുമ, തെണ്ടവേദന, ആസ്ത്മ മുതലായ രോഗമുള്ളവര്‍ ശ്രദ്ധിക്കണം. വേനല്‍ക്കാലത്ത് അമിത വ്യായാമം ഒഴിവാക്കണം. കൂടുതല്‍ വ്യായാമം ചെയ്യുമ്പോള്‍ കൂടുതല്‍ പ്രോട്ടീന്‍ ആവശ്യമായി വരുന്നു. തണുപ്പും നല്ല പ്രോട്ടീന്‍ തരുന്നതുമായ ബീന്‍സ്, ധാന്യങ്ങളായ അരി, ബാര്‍ലി, സോയ, കടല്‍ മല്‍സ്യങ്ങള്‍ എന്നിവ ഉപയോഗിക്കാം.