ഹരിപ്പാട്: വിവാഹ യാത്രകള്‍ക്ക് സ്വകാര്യ വാഹനങ്ങളെമാത്രം ആശ്രയിച്ചിരുന്ന കാലം മാറുന്നു. ഇപ്പോഴിതാ കല്യാണഓട്ടത്തിന് പോയി വന്ന് ഹരിപ്പാടിന്റെ മൊഞ്ചത്തിയായി മാറിയ കെ.എസ്ആര്‍ടിസി ബസാണ് സോഷ്യല്‍ മീഡിയയിലെ താരം. ഹരിപ്പാട് കെഎസ്ആര്‍ടിസിയുടെ അനൗദ്യോഗിക ഫാന്‍സ് പേജില്‍ പങ്കുവച്ച ചിത്രങ്ങളാണ് ആനവണ്ടി ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. കെഎസ്ആര്‍ടിസിയില്‍ കല്യാണ ട്രിപ്പുകള്‍ക്ക് പ്രിയമേറുന്നുവെന്നും പോസ്റ്റില്‍ പറയുന്നു. വിവാഹം എന്ന ബോര്‍ഡും വച്ചാണ് യാത്ര. ഇത്തരം ഒരു സംരംഭം ആരംഭിച്ചതിന് കെഎസ്ആര്‍ടിസിക്ക് ആശംസകളുമായി ധാരാളം പേരാണ് എത്തുന്നത്.
ഇന്നലെ മാത്രം അഞ്ചു കല്യാണ ട്രിപ്പുകളാണ് ഹരിപ്പാട് ഡിപ്പോയില്‍ നിന്നും നടന്നത്. അഞ്ചു ബസുകളില്‍ എല്ലായ്‌പ്പോഴും അണിഞ്ഞൊരുങ്ങുന്നതും നാട്ടുകാര്‍ക്ക് പ്രിയപ്പെട്ടതും ആര്‍.എസ്.എ 220 ഓര്‍ഡിനറി ബസാണ്. ഹരിപ്പാട് ഡിപ്പോയുടെ മൊഞ്ചത്തി എന്നാണ് ആനവണ്ടി പ്രേമികള്‍ വിളിക്കുന്നത്. ഈ ബസിനെ പൊന്നുപോലെ നോക്കുന്ന ഡ്രൈവര്‍ ഗിരിഗോപിനാഥും ഭാര്യയും കണ്ടക്ടര്‍ കൂടിയായ താരാ ദാമോദരനുമാണ് ബസില്‍ ഒപ്പമുണ്ടായിരുന്നത്.

തൃക്കുന്നപ്പുഴ സ്വദേശിയായ ശ്യാംകുമാറിന്റെയും ചെറിയനാട് സ്വദേശിനിയായ അഖിലാകൃഷ്ണന്റെയും വിവാഹമായിരുന്നു ഇന്നലെ. മാസങ്ങള്‍ക്ക് മുമ്പ് ഹരിപ്പാട് ഡിപ്പോയിലെ കണ്ടക്ടറും ശ്യാമിന്റെ സുഹൃത്തുമായ സജീഷ് ചെറിയാന്‍ മുഖേനയാണ് പ്രൈവറ്റ് ഹയര്‍ പ്രകാരം ബസ് ബുക്ക് ചെയ്തത്. ചെറിയനാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലായിരുന്നു വിവാഹം. ഹോളിഡേ ക്യാന്‍സലേഷന്‍ വരുന്ന ഓര്‍ഡിനറി ഉള്‍പ്പെടെയുള്ള ബസുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. കുറഞ്ഞ ഡീസല്‍ ചെലവില്‍ വലിയൊരു വരുമാനം എന്നതാണ് ഇത്തരം ട്രിപ്പുകളുടെ പ്രത്യേകത.
നാലു മണിക്കൂര്‍ യാത്രാനിരക്ക് മിനി ബസിന്-8,000 രൂപ, ഓര്‍ഡിനറി 8,500, ഫാസ്റ്റ് പാസഞ്ചര്‍-9,000, സൂപ്പര്‍ ഫാസ്റ്റ്-9,500, എക്‌സ്പ്രസ്-10,000, വോള്‍വോ എ.സി-11,500, വോള്‍വോ മള്‍ട്ടി ആക്‌സില്‍-13,000, സ്വിഫ്ട് എ.സി-12,000, സ്വിഫ്ട് സ്ലീപ്പര്‍, 15,.000 (18 ശതമാനം ജി.എസ്.ടി ഉള്‍പ്പെടെ) എന്നിങ്ങനെയാണ്. തുടര്‍ന്നുള്ള മാസങ്ങളിലും കല്യാണ ആവശ്യക്കാര്‍ കൂടുതലായി ബസുകള്‍ ആവശ്യപ്പെടുന്നുണ്ട്.