Sports

” ജീവിതത്തിലെ ഏറ്റവും മികച്ച ഫോണ്‍ കോള്‍”: 2023-ല്‍ വിരമിക്കുന്നതില്‍ നിന്ന് തന്നെ തടഞ്ഞ കോളിനെക്കുറിച്ച് ദ്രാവിഡ്

ലോകകപ്പ് പ്രതാപം രാജ്യത്തേക്ക് തിരികെ കൊണ്ടുവരിക എന്നത് ഒരു പതിറ്റാണ്ടിലേറെയായി ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്ന കാര്യമായിരുന്നു. വെസ്റ്റിന്‍ഡീസിലും അമേരിക്കയിലുമായി നടന്ന ടി20 ലോകകപ്പില്‍ ഈ സ്വപ്നം യാഥാര്‍ത്ഥ്യമാകുകയും ചെയ്തു. നേട്ടത്തില്‍ ഇന്ത്യന്‍ ടീമിനൊപ്പം സന്തോഷിക്കുന്ന ഒരാള്‍ പരിശീലകന്‍ രാഹുല്‍ദ്രാവിഡാണ്. ടെസ്റ്റും ഏകദിനവും ടി20 യുമായി മൂ്ന്ന് തവണ ഫൈനലില്‍ കടന്ന രാഹുല്‍ദ്രാവിഡിന് കരിയറിലെ ഒരു കിരീടമാണ് രോഹിതും കൂട്ടരും നേടിക്കൊടുത്തത്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലക സ്ഥാനം ഒഴിയാന്‍ ഒരുങ്ങുന്നതിനാല്‍, അദ്ദേഹത്തിന് മറക്കാന്‍ കഴിയാത്ത നിമിഷമാണ് ടി20 ലോകകപ്പ് കിരീടം. അനുമോദന ചടങ്ങില്‍, തന്റെ ജീവിതം മാറ്റിമറിച്ച ഒരു ഫോണ്‍ കോളിനെക്കുറിച്ച് ദ്രാവിഡ് അനുസ്മരിച്ചു. ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ വാങ്കഡെ സ്റ്റേഡിയത്തില്‍ ആര്‍പ്പുവിളികള്‍ക്കും ബഹളത്തിനുമിടയില്‍ ഓസ്ട്രേലിയയോട് ഇന്ത്യ തോറ്റതിന് പിന്നാലെ ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്നും പടിയിറങ്ങാന്‍ തയ്യാറെടുക്കുകയായിരുന്നു. ഈ സമയത്ത് തനിക്ക് ഒരു ഫോണ്‍കോള്‍ വന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയായിരുന്നു. അടുത്ത ലോകകപ്പ് വരെ കുറച്ച് സമയം കൂടി തുടരാന്‍ കഴിയുമോയെന്ന് അദ്ദേഹം ചോദിച്ചു.

”50 ഓവര്‍ ലോകകപ്പിന് ശേഷം തുടരാന്‍ കഴിയുമോ എന്ന് എനിക്ക് ശരിക്കും ഉറപ്പില്ലായിരുന്നു, ഒരു മികച്ച ഏകദിന ലോകകപ്പ് നേടാന്‍ കഴിയുമെന്ന സന്തോഷമുണ്ടായിരുന്നു. എന്നാല്‍ അതിന്റെ അതിര്‍വരമ്പ് മറികടക്കാന്‍ കഴിയാത്തതില്‍ നിരാശയുണ്ടായിരുന്നു. അപ്പോഴാണ് രോഹിത് ഫോണെടുത്ത് ഒരു ആറ് എട്ടു മാസം കൂടി ടീമില്‍ തുടരണമെന്നും ഒരുമിച്ച് മറ്റൊരു നേട്ടം ഉണ്ടാക്കാന്‍ കഴിയുന്നത് മനോഹരമായിരിക്കും എന്നും പറഞ്ഞത്.” രാഹുല്‍ ദ്രാവിഡ് വെളിപ്പെടുത്തി. ”അത് തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ഫോണ്‍ കോളായിരുന്നു.” ഇന്ത്യന്‍ പരിശീലകന്‍ പറഞ്ഞു. ടി20 ലോകകപ്പ് നേടിയത് ഇന്ത്യന്‍ ദേശീയ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായാണ് ദ്രാവിഡ് സൈന്‍ ഓഫ് ചെയ്തത്.