‘വിമര്‍ശിക്കന്നവരോട് പോകാന്‍ പറയൂ…. ഞങ്ങളിവിടെ സുഖമായും സന്തോഷമായും കഴിയുന്നു’ ഹിമാചലില്‍ ഒരേ യുവതിയെ വധുവാക്കിയ സഹോദരന്‍മാര്‍ക്ക് സമൂഹത്തോട് പറയാനുള്ളത് ഇതാണ്. സിര്‍മൗര്‍ ജില്ലയിലെ ഷില്ലായ് ഗ്രാമത്തിലാണ് പ്രദീപ് നേഗി, കപില്‍ നേഗി എന്നീ സഹോദരങ്ങളെയാണ് സുനിത ചൗഹാനെന്ന യുവതിയെ വിവാഹം കഴിച്ചത്. ഹട്ടി ഗോത്രത്തില്‍ പെടുന്നവരാണ് വധൂവരന്‍മാര്‍. ഇവരുടെ സംസ്‌കാരത്തിന്റെ ഭാഗമായാണ് രണ്ടുപേരും ഒരാളെ വിവാഹം കഴിച്ചത്
ഈ അപൂര്‍വ വിവാഹം പലതരത്തിലുള്ള ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കുകയും ഇവര്‍ വലിയതോതിലുള്ള വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും വിധേയരാകുകയും ചെയ്തിരുന്നു. വിവാഹചിത്രങ്ങളും വാര്‍ത്തയും ഓണ്‍ലൈനില്‍ വൈറലായതിന് പിന്നാലെയുള്ള വിമര്‍ശനങ്ങള്‍ തങ്ങളെ ബാധിച്ചില്ലെന്ന് സഹോദരങ്ങള്‍ പറയുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള ഹട്ടി വംശത്തിന്റെ പാരമ്പര്യത്തിൽ അഭിമാനിക്കുന്നതായും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വിഡിയോയില്‍ ഇരുവരും വ്യക്തമാക്കുന്നുണ്ട്. ‘ജോഡിദാര’യുടെ പ്രാധാന്യത്തെ അടിവരയിടുന്നതാണ് ഈ തീരുമാനമെന്നും വ്യക്തിപരമായ ബോധ്യത്തിനപ്പുറമാണിതെന്നും അവര്‍ വിശദീകരിക്കുന്നു. തലമുറകളായി പിന്തുടരുന്ന ഈ പാരമ്പര്യം തുടരുമെന്നും ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിഡിയോയിൽ പറയുന്നു.
ഹട്ടി ഗോത്രത്തില്‍ വര്‍ഷങ്ങളായി ഉണ്ടായിരുന്ന ഈ ആചാരം വളരെക്കാലമായി ആരും പിന്തുടര്‍ന്നിരുന്നില്ല. ഇതിനിടെയാണ് രണ്ടുപേരെ വിവാഹം കഴിക്കാന്‍ സുനിത തയാറായത്. രണ്ടു കുടുംബങ്ങളുടെയും വധൂവരന്‍മാരുടെയും നാട്ടുകാരുടെയും സമ്മതത്തോടെയാണ് വിവാഹം നടന്നത്.
‘ചിലർ സോഷ്യൽ മീഡിയയിൽ ഞങ്ങളെ അധിക്ഷേപിക്കുന്നുണ്ട്. എന്നാല്‍ അത് ഞങ്ങള്‍ക്ക് പ്രശ്നമല്ല. ജോഡിദാര്‍ ഞങ്ങളുടെ പ്രദേശത്ത് മാത്രമുള്ള സമ്പ്രദായമല്ല. ഉത്തരാഖണ്ഡിലും ഇത് നിലനില്‍ക്കുന്നുണ്ട്’ സഹോദരന്‍മാര്‍ പറയുന്നു. നിർബന്ധിത വിവാഹങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ തങ്ങളുടെ വിവാഹം സ്വമേധയാ ഉള്ളതായിരുന്നുവെന്നും ഇരുവരും വിശദീകരിക്കുന്നുണ്ട്. ‘ഞങ്ങള്‍ക്കും ഞങ്ങളുടെ ഭാര്യയ്ക്കും ഇത് സ്വീകാര്യമായിരുന്നു. കുടുംബങ്ങൾക്കും പൂര്‍ണ സമ്മതമായിരുന്നു’ ഇരുവരും പറയുന്നു.
മൂത്ത സഹോദരനായ പ്രദീപ് ഹിമാചല്‍ ജലസേചന വകുപ്പിലെ ജീവനക്കാരനാണ്. കപില്‍ വിദേശത്ത് ഹോസ്‌പിറ്റാലിറ്റി മേഖലയിലും ജോലി ചെയ്യുന്നു. “ഞങ്ങള്‍ ഞങ്ങളുടെ ചരിത്രത്തിലും സംസ്‌കാരത്തിലും അഭിമാനിക്കുന്നു എന്ന് പറയുന്നതിന് കൂടി വേണ്ടിയാണ് ഇത് പരസ്യമായി നടത്തിയത്”- നേഗി സഹോദരങ്ങള്‍ പറഞ്ഞു. പൂര്‍ണമനസോടെ തന്നെ എടുത്ത തീരുമാനമാണ് ഇത് എന്ന് സുനിതയും വ്യക്‌തമാക്കി.
‘ഈ ആചാരങ്ങളെക്കുറിച്ച് അറിയാത്തവരാണ് അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നത്. ഞങ്ങളുടെ കുടുംബവും സമൂഹവും ഇതില്‍ സന്തുഷ്ടരാണ്’ പ്രദീപ് പറയുന്നു. താഴ്ന്ന വരുമാനമുള്ള ഒരു കുടുംബത്തിൽ നിന്നാണ് തങ്ങൾ വന്നതെന്നും വാർത്തകളിൽ ഇടം നേടാൻ വേണ്ടിയല്ല വിവാഹം കഴിച്ചതെന്നും ഇരുവരും വ്യക്തമാക്കുന്നുണ്ട്. ‘ഈ വിവാഹത്തിന്റെ ഒരേയൊരു ലക്ഷ്യം ഒരുമിച്ച് നിൽക്കുകയും പരസ്പരം സ്നേഹിക്കുകയും ചെയ്യുക എന്നതാണ്. ഇത് ഞങ്ങളുടെ ജീവിതമാണ്, അതില്‍ ഞങ്ങള്‍ സംതൃപ്തരാണ്’ ഇരുവരും പറഞ്ഞു.




