അബുദാബിയില്‍ നടന്ന ഏഷ്യന്‍ ലെ മാന്‍സ് സീരീസിനിടെ (Asian Le Mans Series) മോശമായി പെരുമാറിയ ആരാധകരെ ശാസിച്ച് നടന്‍ അജിത് കുമാര്‍. അബുദാബിയിലെ യാസ് മറീന സര്‍ക്യൂട്ടില്‍ നടന്ന ഏഷ്യന്‍ ലെ മാന്‍സ് സീരീസ് റേസിംഗിനിടെയാണ് തന്നെ പൊതിഞ്ഞ ആരാധകരോട് താരം ഗൗരവമായി സംസാരിച്ചത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
യാസ് സ്പീഡ് ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന നാല് മണിക്കൂര്‍ നീണ്ട എന്‍ഡുറന്‍സ് റേസിലാണ് അജിത് പങ്കെടുത്തത്. അവിടെ അജിത്തിന്റെ ചുറ്റും കൂടി മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ‘തല’ എന്ന് വിളിച്ചു കൂവുകയും ചെയ്ത ആരാധകരോട് അദ്ദേഹം പറഞ്ഞു:
‘ദയവായി മര്യാദയ്ക്ക് പെരുമാറുക. ഇതൊരു സിനിമാ തിയേറ്ററല്ല. ദയവായി സഹകരിക്കുക.’ തന്നെ ‘തല’ എന്ന് വിളിക്കരുതെന്നും മോട്ടോര്‍ സ്പോര്‍ട്സ് വേദികളില്‍ ബഹളമുണ്ടാക്കരുതെന്നും അദ്ദേഹം ആരാധകരോട് ആവശ്യപ്പെട്ടു. ഇതിനുമുമ്പ് സ്‌പെയിനില്‍ നടന്ന റേസിംഗിനിടെയും വിസില്‍ അടിച്ച് ബഹളമുണ്ടാക്കിയ ആരാധകരോട് നിശബ്ദരായിരിക്കാന്‍ അജിത് ആവശ്യപ്പെട്ടിരുന്നു. ശിവകാര്‍ത്തികേയന്‍, വെങ്കട്ട് പ്രഭു തുടങ്ങിയ പ്രമുഖര്‍ അജിത്തിനെ നേരിട്ട് കണ്ട് പിന്തുണ അറിയിക്കാന്‍ അബുദാബിയിലെത്തിയിരുന്നു.
‘അചഞ്ചലമായ അഭിനിവേശവും അര്‍പ്പണബോധവും – അത് നേരിട്ട് കണ്ടപ്പോള്‍ ഉണ്ടായ ആവേശം വാക്കുകള്‍ക്ക് അപ്പുറമാണ്. പ്രചോദനം നല്‍കുന്ന ഒരു വ്യക്തിക്കൊപ്പം ചിലവഴിച്ച പ്രചോദനാത്മകമായ ഒരു ദിവസം.’ – അജിത്തിനെ കുറിച്ച് ശിവകാര്‍ത്തികേയന്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
‘ക്യാമറയ്ക്ക് മുന്നില്‍ ഞങ്ങള്‍ അഭിനയിച്ചു കാണിക്കുന്നത് അദ്ദേഹം ജീവിതത്തില്‍ യാഥാര്‍ത്ഥ്യമാക്കുന്നു. ഇവിടെ റീടേക്കുകളോ സ്റ്റണ്ട് ഡബിളുകളോ ഇല്ല. കേവലം ധൈര്യവും അച്ചടക്കവും കായികവിനോദത്തോടുള്ള സ്‌നേഹവും മാത്രം.’ – സംവിധായകന്‍ വെങ്കട്ട് പ്രഭു പറഞ്ഞു.
അതേസമയം, അധിക് രവിചന്ദ്രന്‍ സംവിധാനം ചെയ്ത ‘ഗുഡ് ബാഡ് അഗ്ലി’ (Good Bad Ugly) എന്ന ചിത്രത്തിലാണ് അജിത് അവസാനമായി അഭിനയിച്ചത്.




