Oddly News

കരടിയുമായുള്ള ഏറ്റുമുട്ടലില്‍ നായ ഇടുങ്ങിയ വിടവിലൂടെ 40 അടി താഴ്ചയിലേക്ക് വീണു; മൂന്ന് ദിവസം കഴിഞ്ഞ് രക്ഷപ്പെടുത്തി

കരടിയുമായുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്ന് ഇടുങ്ങിയ ദ്വാരത്തിലൂടെ 40 അടി താഴ്ചയിലേക്ക് വീണ നായയെ മൂന്ന് ദിവസത്തിന് ശേഷം രക്ഷപ്പെടുത്തി. ടെന്നീസില്‍ നടന്ന സംഭവത്തില്‍ 200 പൗണ്ടുള്ള ഒരു കരടിയുമായുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്നായിരുന്നു നായ ഗുഹയ്ക്കകത്തേക്ക് വീണുപോയത്. തുടര്‍ന്ന് ടെന്നീസിലെ രക്ഷാപ്രവര്‍ത്തകര്‍ എത്തി ഗുഹയിലേക്ക് ഇറങ്ങി നായയെ രക്ഷിച്ചു.

നായ 40 അടി താഴ്ചയുള്ള ഗുഹയില്‍ വീണെന്ന് രക്ഷാപ്രവര്‍ത്തകരെ വിളിച്ചറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇവിടെയെത്തിയ രക്ഷാ പ്രവര്‍ത്തകര്‍ ഇറങ്ങിയെങ്കിലും നായയ്‌ക്കൊപ്പം ഒരു കരടിയെക്കൂടി കണ്ടതിനാല്‍ പെട്ടെന്ന് പുറത്തിറങ്ങുകയായിരുന്നു. പിന്നീട് കരടി നായയുടെ അരികില്‍ നിന്നും മാറുന്നത് വരെ കാത്തിരുന്ന ശേഷമായിരുന്നു രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്.

ഒരാള്‍ക്ക് കഷ്ടിച്ച് ഇറങ്ങാന്‍ കഴിയുന്ന വിടവിലൂടെ കയര്‍കെട്ടി ഇറങ്ങി നായയുടെ ശരീരത്ത് കുടുക്കിട്ട് വലിച്ചെടുത്തു. ഒരടി അകലത്തില്‍ കരടിയും കിടപ്പുണ്ടായിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ പെട്ടെന്ന് തന്നെ പുറത്തെത്തുകയും ചെയ്തു. ഒരു ക്യാമറ വിടവിലൂടെ താഴേയ്ക്ക് ഇട്ട് കരടി മാറിയെന്ന് ഉറപ്പാക്കിയ ശേഷമായിരുന്നു രക്ഷാപ്രവര്‍ത്തകര്‍ നായയെ പുറത്തെടുക്കാന്‍ ശ്രമിച്ചത്.

മൂന്ന് ദിവസം ഭക്ഷണവും വെള്ളവും കിട്ടാതിരുന്നതിന്റെ നിര്‍ജ്ജലീകരണവും വിശപ്പും ഒഴിച്ചാല്‍ നായയ്ക്ക് കാര്യമായ പ്രശ്‌നങ്ങളില്ല. ചാര്‍ളി എന്ന നായ ഇടുങ്ങിയ ദ്വാരത്തില്‍ വീണു 40 അടി താഴ്ചയില്‍ കുടുങ്ങിയപ്പോള്‍ സേവിയര്‍ കൗണ്ടി ടെക്നിക്കല്‍ റോപ്പ് റെസ്‌ക്യൂ ടീം സജീവമായതായി വാള്‍ഡന്‍സ് ക്രീക്ക് വോളണ്ടിയര്‍ ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ് പറഞ്ഞു.