Lifestyle

സാദാ ചെരുപ്പ് ധരിച്ച് കാറോടിക്കുന്നത് അപകട സാധ്യത വര്‍ധിപ്പിക്കുമോ?

കാര്‍ ഓടിക്കുമ്പോള്‍ ഷൂവിന് പകരം ചെരുപ്പ് ഉപയോഗിക്കുന്നവരാണോ നിങ്ങള്‍ ?എങ്കില്‍ നിങ്ങള്‍ ഇനി പറയുന്ന കാര്യങ്ങള്‍ തീര്‍ച്ചയായും ശ്രദ്ധിച്ചിരിക്കണം. കാര്‍ ഓടിക്കുമ്പോല്‍ ചെരുപ്പുകള്‍ ഉപയോഗിക്കുന്നത് ഒരുപക്ഷെ നിങ്ങളുടെ സുരക്ഷയ്ക്ക് പോലും വന്‍ ഭീഷണിയായി മാറും. ചെരുപ്പ് ധരിച്ച് കാര്‍ ഓടിക്കുന്നത് അപകട സാധ്യത വര്‍ധിപ്പിക്കുന്നു.

സാദാ ചെരുപ്പുകളുടെ രൂപകല്‍പന തന്നെയാണ് പ്രധാന സുരക്ഷ പ്രശ്‌നം. ചെരുപ്പുകള്‍ കാലിന്റെ മുഴുവന്‍ ഭാഗവും മറക്കുന്നില്ല. മാത്രമല്ല തെന്നിപോകുന്നതിനുള്ള സാധ്യതയും തള്ളികളയാനാവില്ല. ഇത് പെഡലുകളില്‍ തെറ്റായ രീതിയില്‍ ബലം പ്രയോഗിക്കുന്നതിലേക്കും വാഹനത്തിന്റെ നിയന്ത്രണം തന്നെ നഷ്ടമാവുന്നതിലേക്കും നയിക്കാനിടയുണ്ട്. കാറിന്റെ പെഡലുകളില്‍ ചെരുപ്പുകള്‍ കുടുങ്ങി പോവാനുള്ള സാധ്യതയും കൂടുതലാണ്.

ചെരുപ്പിന്റെ സ്ഥാനം മാറിപോയാല്‍ അത് ശരിയാക്കാന്‍ ഡ്രൈവിങ്ങിനിടെയുള്ള ശ്രമവും അപകടം വിളിച്ചുവരുത്താറുണ്ട്. വേഗത കൂടുതലുള്ള സമയത്താണെങ്കില്‍ ഇത് കൂടുതല്‍ പ്രതിസന്ധിയാവുന്നു. എന്നാല്‍ ഇനി നഗ്നപാദരായി കാര്‍ ഓടിക്കാമെന്ന് വച്ചാലോ അതിലും കുറച്ച് പ്രശ്‌നങ്ങളുണ്ട്. നഗ്നപാദരായി വണ്ടി ഓടിക്കുമ്പോള്‍ പെഡലുകള്‍ പ്രതീക്ഷിച്ചതിലും ശക്തിയില്‍ അമരുന്നതിനുള്ള സാധ്യത ഉണ്ട്.

അപ്രതീക്ഷിതമായി വേഗത കൂടാനും പെട്ടെന്ന് തന്നെ വാഹനം ബ്രേക്ക് ചവിട്ടി നിര്‍ത്താനും ഇത് ഇടയാക്കുന്നു.വാഹനം ഓടിക്കുമ്പോള്‍ സുരക്ഷയാണ് പ്രധാനം. അതിനാല്‍ ചെരുപ്പ് ഒഴിവാക്കി കൂടുതല്‍ സുരക്ഷിതമായി ഷൂ ധരിച്ചു തന്നെ വാഹനം ഓടിക്കാന്‍ ശ്രമിക്കുക.