Health

ച്യൂയിങ് ഗം ക്യാന്‍സര്‍ സാധ്യത കൂട്ടും; പതിവാക്കിയാല്‍ 15 ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് തുല്യമായ പ്ലാസ്റ്റിക്ക് അകത്താകും

ച്യൂയിങ് ഗം ക്യാന്‍സര്‍ സാധ്യത കൂട്ടുമെന്നു പഠനം. ച്യൂയിങ് ഗം ഉപയോഗിക്കുന്നതുവഴി വലിയ അളവില്‍ മൈക്രോപ്ലാസ്റ്റിക്കുകള്‍ ശരീരത്തിനുള്ളില്‍ കടക്കുമെന്നു കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകനായ സഞ്ജയ് മൊഹന്തി മുന്നറിയിപ്പ് നല്‍കി.

അഞ്ച് മില്ലിമീറ്ററില്‍ കുറവ് നീളമുള്ള പ്ലാസ്റ്റിക്കിന്റെ ചെറിയ കഷണങ്ങളാണു മൈക്രോപ്ലാസ്റ്റിക്കുകള്‍. വായു, ജലം, ഭക്ഷണം, ച്യൂയിങ് ഗം എന്നിവയുള്‍പ്പെടെ മിക്കവാറും എല്ലാറ്റിലും അവയുടെ സാന്നിധ്യമുണ്ട്. ശരീരത്തില്‍ പ്രവേശിച്ചാല്‍ അവ കോശങ്ങളെയും ഡി.എന്‍.എയെയും തകരാറിലാക്കും. അതു ക്യാന്‍സര്‍ വരാനുള്ള സാധ്യത വര്‍ധിപ്പിക്കും.

ച്യൂയിങ് ഗം മൈക്രോപ്ലാസ്റ്റിക്കുകളെ ഉമിനീരിലേക്കക്ക കടത്തിവിടും. അവ പിന്നീട് ആമാശയത്തിലേക്കു കടക്കും. പതിവായി ച്യൂയിങ് ഗം ഉപയോഗിക്കുന്നയാള്‍ 15 ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് തുല്യമായ പ്ലാസ്റ്റിക്കുകള്‍ കഴിക്കുന്നുണ്ടാകാം. ഗം പ്രധാനമായും മൂന്ന് അടിസ്ഥാന ചേരുവകള്‍ കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്.

റബര്‍ അടിസ്ഥാനമാക്കിയുള്ള ബേസ് (അല്ലെങ്കില്‍ പോളിമര്‍), മധുരം, സുഗന്ധദ്രവ്യങ്ങള്‍. മൈക്രോപ്ലാസക്കറ്റിക് കഴിക്കുന്നത് ദോഷകരമാണെന്നു മുന്‍ പഠനങ്ങള്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് വ്യത്യസ്ത പരീക്ഷണങ്ങളില്‍, മൊഹന്തിയും സഹപ്രവര്‍ത്തകരും അഞ്ച് ബ്രാന്‍ഡ് സിന്തറ്റിക് ഗം, അഞ്ച് ബ്രാന്‍ഡ് നാച്ചുറല്‍ ഗം എന്നിവ പരീക്ഷിച്ചു. വ്യക്തി ഓരോ കഷണവും നാല് മിനിറ്റ് ചവയ്ക്കുകയും ഓരോ 30 സെക്കന്‍ഡിലും ഉമിനീര്‍ സാമ്പിളുകള്‍ നല്‍കുകയും ചെയ്തു.

തുടര്‍ന്ന് ശുദ്ധമായ വെള്ളത്തില്‍ വായകഴുകി ആ ജലവും ശേഖരിച്ചു. സാമ്പിളുകള്‍ ഇന്‍ഫ്രാറെഡ് സ്പെക്ട്രോസ്കോപ്പി ഉപയോഗിച്ച് വിശകലനം ചെയ്തു. ഒരു ഗ്രാം സാമ്പിളില്‍ ശരാശരി 100 മൈക്രോപ്ലാസ്റ്റിക്കുകള്‍ അടങ്ങിയിരിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തി. ചില സാമ്പിളില്‍ ഗ്രാമിന് 600 മൈക്രോപ്ലാസ്റ്റിക്കുകള്‍ വരെ അടങ്ങിയിരുന്നു. ഈ അളവ് ആശങ്കാജനകമാണെന്നു ഡോ. മൊഹന്തി അറിയിച്ചു.