Crime

രോഗികള്‍ക്ക് മുന്നില്‍ ഡോക്ടറുടെ മുഖത്തടിച്ച് യുവതി; അശ്ലീലസന്ദേശമയച്ചത് മറ്റൊരാള്‍; സംഭവിച്ചത്…

കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടറുടെ മുഖത്തടിച്ച യുവതിയും ഡോക്ടറെന്ന പേരില്‍ സന്ദേശമയച്ച ആള്‍മാറാട്ടക്കാരനും അറസ്റ്റില്‍. പെരിങ്ങളം സ്വദേശി മുഹമ്മദ് നൗഷാദ്, കുരുവട്ടൂര്‍ സ്വദേശിയായ 39 കാരി എന്നിവരാണ് അറസ്റ്റിലായത്. ഡോക്ടറുടെ പേരില്‍ നൗഷാദ് യുവതിക്ക് വാട്‌സാപില്‍ അശ്ലീല സന്ദേശമയക്കുകയും വിവാഹവാഗ്ദാനം നല്‍കുകയുമായിരുന്നു. തുടര്‍ന്ന് യുവതി മെഡിക്കല്‍ കോളജിലെത്തി ഡോക്ടറെ മര്‍ദിച്ചു. ഡോക്ടറുടെ പരാതിയില്‍ നടന്ന അന്വേഷണത്തിലാണ് ആള്‍മാറാട്ടം നടത്തിയത് നൗഷാദ് ആണെന്ന് മനസിലായത്.

കഴിഞ്ഞദിവസം മെഡിക്കൽ കോളേജ് സർജറി ഒ. പിയിൽ ഡ്യൂട്ടിക്കിടെയാണ്, യുവതിയെത്തി ഡോക്ടറെ മുഖത്തടിച്ചത്. നിരന്തരം യുവതിയുടെ മൊബൈൽ വാട്സാപ്പിൽ അശ്ലീല സന്ദേശം അയക്കുകയും വിവാഹ വാഗ്ദാനം നൽകുകയും ചെയ്തു എന്ന് ആരോപിച്ചായിരുന്നു മർദ്ദനം.

സംഭവത്തിനു പിന്നിലെ കഥ പൊലീസ് പറയുന്നത് ഇങ്ങനെയാണ്– യുവതിയുടെ പിതാവ് കഴിഞ്ഞ ഏപ്രിലില്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്കെത്തിയിരുന്നു. ആ സമയത്ത് നൗഷാദും മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരനായി എത്തിയിരുന്നു. യുവതിയും നൗഷാദും സംസാരിക്കുകയും പരിചയപ്പെടുകയും യുവതിയുടെ ഫോണ്‍ നമ്പര്‍ നൗഷാദ് വാങ്ങുകയും ചെയ്തു. പിന്നീട് മറ്റൊരു സിംകാര്‍ഡ് ഉപയോഗിച്ച് ഡോക്ടറെന്ന പേരില്‍ യുവതിക്ക് സന്ദേശമയച്ചു. വിവാഹ വാഗ്ദാനത്തിനു പിന്നാലെ അശ്ലീല സന്ദേശമയയ്ക്കുകയും ചെയ്തു. 40,000 രൂപയും ഇതിനിടെ യുവതിയില്‍ നിന്നും ഇയാള്‍ വാങ്ങിച്ചു.

പിജി വിദ്യാര്‍ഥികള്‍ക്കും രോഗികള്‍ക്കും മുന്‍പില്‍വച്ചായിരുന്നു യുവതി ഡോക്ടറുടെ മുഖത്തടിച്ചത്. സംഗതിയെന്തെന്ന് മനസിലാകാതെ ഡോക്ടര്‍ മെഡിക്കല്‍ കോളജ് പൊലീസില്‍ പരാതി നല്‍കി. ഡോക്ടറുടെ പരാതിയിൽ ആണ് മെഡിക്കൽ കോളേജ് പോലീസ് അന്വേഷണം ആരംഭിച്ചത്. സിസിടിവി ദൃശ്യങ്ങൾ, ഒ. പി ചീട്ട് എന്നിവ പരിശോധിച്ച് പോലീസ് യുവതിയെ തിരിച്ചറിഞ്ഞു.