Lifestyle

സന്തോഷകരമായ ജീവിതമാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്? ഈ ശീലങ്ങള്‍ പിന്‍തുടരാം

സന്തോഷകരമായ ജീവിതത്തിലൂടെ മുന്നോട്ട് പോകാനാണ് പലരും ആഗ്രഹിയ്ക്കുന്നത്. ശരീരത്തിന്റെ ചലനം, ഓര്‍മ്മ, പ്രചോദനം എന്നിങ്ങനെ പല പ്രവര്‍ത്തനങ്ങള്‍ക്കും നിര്‍ണ്ണായകമായ ന്യൂറോട്രാന്‍സ്മിറ്ററാണ് ഡോപ്പമിന്‍. ഇവ മാത്രമല്ല മൂഡ് മെച്ചപ്പെടുത്താനും സന്തോഷത്തോടെ ഇരിക്കാനും ഡോപ്പമിന്‍ സഹായിക്കുന്നു. ശരീരത്തിലെ ഡോപ്പമിന്‍ തോത് വര്‍ദ്ധിപ്പിച്ച് സന്തോഷമായിട്ടിരിക്കാന്‍ സഹായിക്കുന്ന ചില ശീലങ്ങള്‍ അറിയാം….

  • നന്നായി ഉറങ്ങുക – ഡോപ്പമിന്‍ നിര്‍മ്മാണത്തിന്റെയും പുറത്ത് വിടലിന്റെയും സ്വാഭാവിക താളം ഉറപ്പാക്കാന്‍ നല്ല ഉറക്കം സഹായിക്കും. ഇത് നമ്മളെ കൂടുതല്‍ സന്തോഷവാന്മാരാക്കും.
  • പ്രോബയോട്ടിക്സ് കഴിക്കാം – പ്രോബയോട്ടിക്സ് അടങ്ങിയ പുളിപ്പിച്ച ഭക്ഷണങ്ങള്‍ വയറിലെ ഗുണപ്രദമായ ബാക്ടീരിയകളുടെ വളര്‍ച്ചയെ പരിപോഷിപ്പിക്കുന്നു. ഇതും ഡോപ്പമിന്‍ ഉത്പാദനത്തില്‍ സ്വാധീനം ചെലുത്തും. വയര്‍ നന്നായിരിക്കുന്നത് മൊത്തത്തില്‍ ജീവിതം നന്നായിരിക്കാന്‍ സഹായിക്കും.
  • സൂര്യപ്രകാശം ഏല്‍ക്കുക – നിത്യവും ശരീരത്തില്‍ സൂര്യപ്രകാശം ഏല്‍പ്പിക്കുന്നത് ഡോപ്പമിന്‍ വര്‍ദ്ധിക്കാന്‍ സഹായിക്കും. രാവിലെ ഇളംവെയില്‍ കൊണ്ട് കുറച്ച് നേരം നടന്നു നോക്കൂ. നമ്മുടെ മൂഡ് മെച്ചപ്പെടുന്നത് അനുഭവിച്ചറിയാം.
  • പുതുതായി എന്തെങ്കിലും പഠിച്ചുകൊണ്ടിരിക്കുക – എന്തെങ്കിലും പുതുതായി പഠിക്കാന്‍ ശ്രമിക്കുന്നത് കൂടുതല്‍ ഡോപ്പമിന്‍ ഉത്പാദനത്തിലേക്ക് നയിക്കും. തലച്ചോറിന് ചെറുപ്പം നല്‍കാനും സന്തോഷം വര്‍ദ്ധിപ്പിക്കാനും ഇത് നല്ലതാണ്.
  • ടൈറോസീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ – പ്രോട്ടീന്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന അമിനോ ആസിഡുകളില്‍ ഒന്നാണ് ടൈറോസീന്‍. ഇവയും ഡോപ്പമിന്‍ ഉത്പാദനത്തെ സ്വാധീനിക്കും. പയര്‍വര്‍ഗ്ഗങ്ങള്‍, പാലുത്പന്നങ്ങള്‍, മീന്‍, മാംസം എന്നിവ കഴിക്കുന്നത് വഴി ഡോപ്പമിന്‍ തോത് വര്‍ദ്ധിക്കും.
  • വ്യായാമം – നിത്യവുമുള്ള വ്യായാമം ശരീരത്തിന്റെ എന്ന പോലെ തന്നെ മനസ്സിന്റെ ആരോഗ്യത്തിനും സുപ്രധാനമാണ്.
  • സംഗീതം കേള്‍ക്കുക – ഡോപ്പമിന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കാനും സന്തോഷവും വികാരങ്ങളുമൊക്കെയായി ബന്ധപ്പെട്ട തലച്ചോറിലെ പ്രദേശങ്ങളിലെ രക്തചംക്രമണം വര്‍ദ്ധിപ്പിക്കാനും സംഗീതം കേട്ടു കൊണ്ടിരിക്കുന്നത് സഹായിക്കും.
  • പ്രീബയോട്ടിക്സ് – പ്രോബയോട്ടിക്സ് പോലെ തന്നെ പ്രധാനപ്പെട്ടതാണ് പ്രീബയോട്ടിക്സ് ഫൈബറുകളും. ശരീരത്തിലെ സൂക്ഷ്മജീവികളുടെ ആരോഗ്യകരമായ സന്തുലനം നിലനിര്‍ത്തി ഡോപ്പമിന്‍ മെച്ചപ്പെടുത്താനും പ്രീബയോട്ടിക് ഫൈബറുകള്‍ സഹായിക്കുന്നു.