Featured Lifestyle

സ്നേക്ക് പ്ലാന്റ് വീട്ടിലെ ഈ സ്ഥലങ്ങളിൽ വയ്ക്കരുത്: വിപരീതഫലം ഒഴിവാക്കാൻ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

വീട്ടില്‍ ചെടികള്‍ വളര്‍ത്താന്‍ ആഗ്രഹമുള്ളവരാണോ നിങ്ങള്‍? ചെടികളില്‍ എല്ലാം വീട്ടില്‍ വളര്‍ത്താന്‍ പറ്റിയതാണോ അല്ലയോ എന്നതിനെ കുറിച്ച് അറിയണം. വീടിനകത്തും പുറത്തുമായി വളർത്താവുന്ന സ്നേക്ക് പ്ലാന്റുകൾക്ക് ആരാധകർ ഏറെയാണ്. കാരണം അധിക പരിചരണം ആവശ്യമില്ലാതെ ഭംഗിയിൽ വളരുന്നതുകൊണ്ടുതന്നെ മിക്ക വീടുകളിലും ഇവ ഇടം പിടിക്കുന്നു.

കാഴ്ചയിലെ ഭംഗി മാത്രമല്ല, ഇവ വളർത്തുമ്പോള്‍ മറ്റുചില ഗുണങ്ങൾ കൂടിയുണ്ട്. അന്തരീക്ഷത്തിലെ ചില വിഷാംശങ്ങളും വലിച്ചെടുക്കാൻ കഴിവുള്ളതുകൊണ്ട് ഇവ വീടിനുള്ളിൽ വളർത്തുന്നത് അകത്തളത്തിലെ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ സഹായകമാണ്. വീട്ടിലേയ്ക്ക് സമൃദ്ധിയും ആരോഗ്യവും ഐശ്വര്യവും ആകർഷിക്കാനുള്ള കഴിവും സ്നേക്ക് പ്ലാന്റുകൾക്ക് ഉണ്ടെന്നാണ് ചൈനീസ് വാസ്തു സമ്പ്രദായമായ ഫെങ് ഷൂയി പറയുന്നത്. എന്നാൽ ഗുണഫലങ്ങൾ ലഭിക്കാൻ ഇവ കൃത്യമായ സ്ഥാനത്ത് വളർത്താനും ശ്രദ്ധിക്കേണ്ടതുണ്ട്.

ഒഴിവാക്കേണ്ട ഇടങ്ങൾ:

ലിവിങ് റൂം: സാധാരണ ലിവിങ് റൂമിലാണ് ആളുകൾ സ്നേക്ക് പ്ലാന്റുകൾ വളർത്തുന്നത്. എന്നാൽ ഇത് തെറ്റായ പ്രവണതയാണെന്ന് ഫെങ് ഷൂയി പറയുന്നു. ലിവിങ് റൂമുകളില്‍ ഫർണിച്ചറുകൾ ഏറെ ഉള്ളതുകൊണ്ടുതന്നെ തടിയുടെ സാന്നിധ്യം അധികമായിരിക്കും. ചെടികളും തടിയുടെ ഘടകങ്ങൾ ഉൾക്കൊള്ളുന്നുണ്ട്. ഫെങ് ഷൂയി പ്രകാരം ഊർജ്ജങ്ങളുടെ കൃത്യമായ സന്തുലനം ആവശ്യമാണ്. അതിനാൽ ഒരേ ഘടകങ്ങൾ ഉൾപ്പെടുന്ന വസ്തുക്കൾ ഒരേ സ്ഥലത്ത് വച്ചാൽ ഈ ഊർജ്ജങ്ങൾ തമ്മിൽ അസന്തുലിതാവസ്ഥ ഉണ്ടാകും.

ബാത്റൂം: സ്നേക്ക് പ്ലാന്റുകൾ കൂടുതലായും ഉണങ്ങിയ അന്തരീക്ഷത്തിൽ വളരുന്നവയാണ്. എന്നാൽ ബാത്റൂമുകളിൽ എപ്പോഴും ഈർപ്പത്തിന്റെ സാന്നിധ്യം ഉണ്ടാകും. അതിനാൽ ഇവ ബാത്റൂമുകളിൽ വച്ചാൽ വേഗത്തിൽ വേരുകളും ഇലകളും ചീഞ്ഞു പോകാൻ സാധ്യതയുണ്ട്. ഇത്തരത്തിൽ കേടുപാടുകളോടുകൂടിയ സ്നേക്ക് പ്ലാന്റുകൾ വളർത്തുന്നത് ഫെങ് ഷൂയി പ്രകാരം വിപരീതഫലമാണ് നൽകുന്നത്.

സമ്പത്തും പോസിറ്റീവ് എനർജിയും നല്‍കുന്ന ചെടി ആയതുകൊണ്ട് ഇത് ജോലി ചെയ്യുന്നസ്ഥലത്തോ ഓഫീസ് റൂമിലോ വളർത്താം എന്ന് കരുതുന്നവരുണ്ട്. എന്നാൽ ക്രിയാത്മകതയ്ക്ക് തടസ്സം സൃഷ്ടിക്കാൻ സ്നേക്ക് പ്ലാന്റുകളുടെ സാന്നിധ്യം കാരണമാകും.

വളർത്താവുന്ന സ്ഥലങ്ങൾ :

ഫെങ് ഷൂയി പ്രകാരം വീടിന്റെ പ്രവേശന കവാടമാണ് സ്നേക്ക് പ്ലാന്റുകൾ വളർത്താൻ ഏറ്റവും യോജിച്ച ഇടം. പ്രതികൂല ഊർജം വീടിനകത്തേക്ക് പ്രവേശിക്കാതെ തടയാനും ഇവയുടെ സാന്നിധ്യം സഹായിക്കും. വീടിന്റെ തെക്കുഭാഗം കിഴക്കുഭാഗം അല്ലെങ്കിൽ തെക്കു കിഴക്കേ മൂല എന്നിവിടങ്ങളാണ് സ്നേക്ക് പ്ലാന്റുകൾ വളർത്താൻ ഏറ്റവും ഉചിതം.

പരിപാലനം :

ജലാംശം അധികമായി തങ്ങിനിൽക്കാത്ത രീതിയിൽ വേണം സ്നേക്ക് പ്ലാന്റുകൾ വളർത്താൻ. അല്ലാത്തപക്ഷം വേഗത്തിൽ വേരുകൾ അഴുകി പോകാൻ കാരണമാകും.

സ്നേക്ക് പ്ലാന്റുകൾ അകത്തളത്തിലാണ് വളർത്തുന്നതെങ്കിൽ അല്പസമയം നേരിട്ടുള്ള വെളിച്ചം നൽകാൻ ശ്രമിക്കുക.

സ്നേക്ക് പ്ലാന്റുകൾക്ക് പൊതുവേ അല്പം വെള്ളം മതിയാകും. മാസത്തിൽ ഒന്നോ രണ്ടോ തവണ വെള്ളം ഒഴിക്കേണ്ട ആവശ്യമേയുള്ളൂ.

വിഷാംശമുണ്ട് സൂക്ഷിക്കുക

ഇനിയാണ് പ്രധാനപ്പെട്ട ഒരു കാര്യം. സ്‌നേക്ക് പ്ലാന്റ് മനുഷ്യര്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും വിഷകരമായി കണക്കാക്കപ്പെടുന്നു. ഇലകളിലുള്ള സാപ്പോണിന്‍ രാസവസ്തുക്കള്‍ കഴിക്കുകയോ ചവയ്ക്കുകയോ ചെയ്താല്‍ വിഷബാധയേല്‍ക്കും. സ്‌നേക്ക് പ്ലാന്റുകള്‍ മനുഷ്യര്‍ക്ക് നേരിയ തോതില്‍ മാത്രം വിഷമുള്ളതായി കാണപ്പെടുന്നുണ്ടെങ്കിലും, നായ്ക്കളും പൂച്ചകളും ഉള്‍പ്പെടെയുള്ള മൃഗങ്ങള്‍ക്ക് ഇവ കൂടുതല്‍ വിഷകരമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്.