Movie News

സൂര്യയുടെ വെട്രിമാരന്‍ ചിത്രത്തിനായി ആരാധകര്‍ കാത്തിരിക്കണം; വിടുതലൈ- 2 റിലീസിന് ശേഷം സിനിമ

തമിഴ്‌സിനിമയിലെ സൂപ്പര്‍താരങ്ങളായ സംവിധായകന്‍ വെട്രിമാരനും നടന്‍ സൂര്യയും ഒന്നിക്കുന്ന സിനിമ വടിവാസലിനായി ആരാധകര്‍ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. എന്നാല്‍ സിനിമ നീണ്ടു നീണ്ടു പോകുകയാണ്. എന്നാല്‍ ‘വിടുതലൈ പാര്‍ട്ട് 2’ റിലീസിന് ശേഷം മാത്രമേ സൂര്യയെ നായകനാക്കി തന്റെ വരാനിരിക്കുന്ന ചിത്രം ഷൂട്ടിംഗ് ആരംഭിക്കുകയുള്ളൂവെന്ന് സംവിധായകന്‍ വെട്രിമാരന്‍ സ്ഥിരീകരിച്ചു.

‘വിടുതലൈ പാര്‍ട്ട് 2’ ന് ചില ഫ്‌ലാഷ്ബാക്ക് രംഗങ്ങള്‍ പൂര്‍ത്തിയാകാനുണ്ടെന്നും അതിനുശേഷം മാത്രമേ താന്‍ സൂര്യ നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുകയുള്ളൂവെന്നും അദ്ദേഹം അടുത്തിടെ ഒരു മാധ്യമ സംഭാഷണത്തില്‍ വെളിപ്പെടുത്തി. അതേസമയം ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ ഘട്ടം പുരോഗമിക്കുകയാണെന്ന് സംവിധായകന്‍ അടുത്തിടെ വെളിപ്പെടുത്തി. പ്രത്യേകിച്ചും, ആനിമേട്രോണിക്‌സുമായി ബന്ധപ്പെട്ട ജോലികള്‍ ലണ്ടനില്‍ നടന്നുവരികയാണ്.

നടന്‍ സൂര്യ കാളയോട്ടക്കാരനായിട്ടാണ് സിനിമയില്‍ അഭിനയിക്കുന്നത്. ഇതിനായി ഒരു യഥാര്‍ത്ഥ കാളയുടെ രീതിയിലുള്ള ഒരു യന്ത്രവല്‍കൃത റോബോട്ടിനെ സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് ടീം ഇപ്പോള്‍. കഴിഞ്ഞ തവണ സൂര്യയുടെ ജന്മദിനത്തില്‍, ‘വാടിവാസല്‍’ ടീം അദ്ദേഹം ഒരു ജെല്ലിക്കെട്ട് രംഗത്ത് പങ്കെടുത്തതിന്റെ ദൃശ്യങ്ങള്‍ പങ്കിട്ടിരുന്നു. കഠിനമായ പരിശീലനത്തിന് ശേഷമാണ് താരം ഈ ഭാഗം ചെയ്തത്.

ശിവ സംവിധാനം ചെയ്യുന്ന ‘കങ്കുവ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് സൂര്യ. ദിഷ പടാനി, ബോബി ഡിയോള്‍, കെ എസ് രവികുമാര്‍, ജഗപതി ബാബു, യോഗി ബാബു എന്നിവരും ഈ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. അജിത്തിന്റെ 64-ാമത് ചിത്രം സംവിധാനം ചെയ്യാന്‍ ഒരുങ്ങുകയാണ് വെട്രിമാരന്‍.