ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇതുവരെ ഒരു കിരീടം പോലും നേടാതിരുന്നിട്ടും ആര്‍സിബിയുടെ ആരാധകരാകാന്‍ ആള്‍ക്കാരെ പ്രേരിപ്പിക്കുന്ന പ്രധാനഘടകം നിലവില്‍ ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനായ വിരാട് കോഹ്ലിയാണ്. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും കോഹ്ലിയും തമ്മിലുള്ള ബന്ധം അഭേദ്യമായി തുടരുമ്പോള്‍ വിരാട്‌കോഹ്ലി എന്താണ് ചെയ്യാനിരിക്കുന്നതെന്ന് അറിയാന്‍ പോകുന്നേയുള്ളൂ.
ടി20 ക്രിക്കറ്റില്‍ അത്യാവശ്യം നല്ല പിടിയുള്ള താരങ്ങള്‍ ഇന്ത്യയ്ക്കുണ്ടെങ്കിലും വിരാട്‌കോഹ്ലി ബാറ്റിംഗില്‍ അനേകം റെക്കോഡുകളാണ് താരം പേരിലാക്കിയിട്ടുള്ളത്. എന്നാല്‍ ബാറ്റിംഗില്‍ മാത്രമല്ല ബൗളിംഗിലും വിരാട്‌കോഹ്ലിയുടെ പേരില്‍ ഒരു ടി20 റെക്കോഡുണ്ട്. അത് മറ്റൊന്നുമല്ല കുട്ടി ക്രിക്കറ്റിലെ ആദ്യത്തെ സീറോബോളില്‍ വിക്കറ്റ് നേടിയിട്ടുള്ള ഏകതാരം എന്നതാണ്. 2011 ല്‍ നടന്ന ഇംഗ്‌ളണ്ടിനെതിരേയുള്ള ഇന്ത്യയുടെ മത്സരത്തിലായിരുന്നു കോഹ്ലി ഈ നേട്ടം സ്വന്തമാക്കിയത്. ഇംഗ്‌ളണ്ടിന്റെ മുന്‍താരം കെവിന്‍ പീറ്റേഴ്‌സണായിരുന്നു ഈ സമയത്ത് സ്‌ട്രൈക്ക് ചെയ്തത്. കോഹ്ലി പന്തെറിയാന്‍ എത്തി. ആദ്യത്തെ പന്ത് തന്നെ വൈഡ് ബോളായി. എന്നാല്‍ ഈ പന്ത് നേരിടാനൊരുങ്ങിയ പീറ്റേഴ്‌സണ്‍ ക്രീസിന് വെളിയിലായി. വിക്കറ്റ് കീപ്പര്‍ ധോണി കൃത്യമായി സ്റ്റംപ് ചെയ്യുകയുമുണ്ടായി.
വൈഡ് ആയതിനാല്‍ അത് ലീഗല്‍ ഡെലിവറിയായി പരിഗണിക്കപ്പെടില്ല. ഒരു റണ്‍സ് എക്ട്രാ പോകുകയും അധികമായി ഒരു പന്ത് എറിയേണ്ടിയും വരും. എന്നാല്‍ ബാറ്റ്‌സ്മാന്‍ ഔട്ടായതായി കണക്കാകുകയും ചെയ്തു. ടി20യില്‍ അദ്ദേഹം എറിഞ്ഞ ആദ്യ പന്ത് വൈഡ് ആയിരുന്നു, പക്ഷേ അത് സ്റ്റംപിംഗിന് കാരണമായതിനാല്‍ ഒരു റണ്‍ നല്‍കി, എറിഞ്ഞപന്ത് എണ്ണിയുമില്ല വിക്കറ്റും ലഭിച്ചു.
അന്താരാഷ്ട്ര ക്രിക്കറ്റിന് പുറമേ, നിരവധി ഐപിഎല്‍ റെക്കോര്‍ഡുകളും കോഹ്ലിയുടെ പേരിലുണ്ട്. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍, ഐപിഎല്ലിന്റെ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ്, ഏറ്റവും കൂടുതല്‍ ഐപിഎല്‍ റണ്‍സ് എന്നിവയെല്ലാം പേരിലുണ്ട്. ഇതിന് പുറമേ ഐപിഎല്‍ തുടര്‍ച്ചയായ 10 സീസണുകളില്‍ 400-ലധികം റണ്‍സ് നേടിയ ഏക ബാറ്റ്‌സ്മാന്‍ കൂടിയാണ് കോഹ്ലി. ഐപിഎല്‍ ചരിത്രത്തില്‍ ഒരേ ഫ്രാഞ്ചൈസിയ്ക്ക് വേണ്ടി മാത്രം കളിച്ചുകൊണ്ടിരിക്കുന്ന താരവും വിരാട്‌കോഹ്ലി തന്നെയാണ്.