Crime

12വര്‍ഷംമുമ്പ് മരിച്ചയാള്‍ 50 ലക്ഷം ബാങ്ക് തട്ടിപ്പിന് പിടിയില്‍ ; സിബിഐ യെ കബളിപ്പിച്ച് നടന്നത് 22 വര്‍ഷം

12 വര്‍ഷം മുമ്പ് മരിച്ചയാളെ 20 വര്‍ഷം മുമ്പ് നടത്തിയ 50 ലക്ഷം രൂപയുടെ ബാങ്ക് തട്ടിപ്പിന് സിബിഐ അറസ്റ്റ് ചെയ്തു. സി.ബി.ഐയില്‍ നിന്ന് രക്ഷപ്പെടാന്‍ പ്രതികള്‍ പല സ്ഥലങ്ങളും മാറുകയും ആള്‍മാറാട്ടം നടത്തുകയും ചെയ്തിട്ടുണ്ട്. ബാങ്ക് തട്ടിപ്പ് കേസില്‍ ഹൈദരാബാദുകാരനായ വി ചലപതി റാവുവിനെ സിബിഐ ഞായറാഴ്ചയാണ് അറസ്റ്റ് ചെയ്തത്.

2013 ല്‍ ഹൈദരാബാദ് കോടതി മരിച്ചതായി പ്രഖ്യാപിച്ചിരുന്നു. ഹൈദരാബാദിലെ എസ്ബിഐ ശാഖയില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്ററായി ജോലി ചെയ്തിരുന്ന കാലത്ത് 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ 2002 മേയിലാണ് സിബിഐ റാവുവിനെതിരേ കേസെടുത്തത്. ഇലക്ട്രോണിക് കടകളില്‍ നിന്ന് കെട്ടിച്ചമച്ച ക്വട്ടേഷനുകളും കുടുംബാംഗങ്ങളുടേയും അടുത്ത കൂട്ടാളികളുടേയും പേരിലുള്ള വ്യാജ ശമ്പള സര്‍ട്ടിഫിക്കറ്റുകളും ഉപയോഗിച്ച് വായ്പയെടുത്തെന്നാണ് ഇയാള്‍ക്കെതിരേ ഉയര്‍ന്ന ആരോപണം.

രണ്ട് വര്‍ഷത്തിന് ശേഷം സിബിഐ റാവുവിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. 2004 ജൂലൈയില്‍ റാവുവിനെ കാണാനില്ലെന്ന് ഭാര്യ പരാതി നല്‍കുകയും ഏഴു വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് മരിച്ചതായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട കോടതിയെ സമീപിക്കുകയും ചെയ്്തിരുന്നു. ഇതിന് പിന്നാലെ 2013 ല്‍ കോടതി റാവുവിനെ മരിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ റാവു സേലത്തേക്ക് ഓടിപ്പോയെന്നും വിനീത് കുമാര്‍ എന്ന പേര് സ്വീകരിച്ചതായും കണ്ടെത്തിയതോടെ സിബിഐ കേസ് വിട്ടില്ല.

2007-ല്‍ റാവു പുനര്‍വിവാഹം ചെയ്യുകയും പുതിയ ഐഡന്റിറ്റി പ്രകാരം പുതിയ ആധാര്‍ കാര്‍ഡ് നേടുകയും ചെയ്തു. ഏഴ് വര്‍ഷത്തോളം സേലത്ത് താമസിച്ചതിന് ശേഷം ഭോപ്പാലിലേക്ക് പോയി, അവിടെ ലോണ്‍ റിക്കവറി ഏജന്റായി ജോലി ചെയ്തു, പിന്നീട് ഉത്തരാഖണ്ഡിലെ രുദ്രാപൂരിലേക്ക് താമസം മാറ്റി 2016ല്‍ വീണ്ടും സിബിഐയെ വെട്ടിച്ചു.

തുടര്‍ന്ന് സ്വാമി വിധിതാത്മാനന്ദ തീര്‍ത്ഥ എന്ന പേരില്‍ ജീവിക്കാന്‍ തുടങ്ങിയ റാവു ഔറംഗബാദിലെ ഒരു ആശ്രമത്തില്‍ അഭയം പ്രാപിച്ചു. പുതിയ പേരില്‍ അവിടെയും പുതിയ ആധാര്‍ കാര്‍ഡ് ഉണ്ടാക്കി. എന്നാല്‍ ആശ്രമം നടത്തിപ്പുകാരെ 70 ലക്ഷം രൂപ കബളിപ്പിച്ച ശേഷം 2021-ല്‍ ഒളിച്ചോടി, രാജസ്ഥാനിലെ ഭരത്പൂരിലേക്ക് താമസം മാറ്റി, 2024 ജൂലൈ 8 വരെ അവിടെ താമസിച്ചു.

ആധാര്‍ വിവരങ്ങളും ഇമെയില്‍ ഐഡികളും ഉപയോഗിച്ച് ഗൂഗിളിന്റെ ലോ എന്‍ഫോഴ്സ്മെന്റ് ഡിപ്പാര്‍ട്ട്മെന്റ് വഴി സി.ബി.ഐ റാവുവിനെ കണ്ടെത്തി. കടല്‍ വഴി ശ്രീലങ്കയിലേക്ക് രക്ഷപ്പെടാനുള്ള അവന്റെ പദ്ധതി അവര്‍ കണ്ടെത്തുകയും ചെയ്തു. ലങ്കയിലേക്ക് മുങ്ങാന്‍ തിരുനെല്‍വേലിയിലെ നര്‍സിംഗനല്ലൂര്‍ ഗ്രാമത്തിലേക്ക് പോയ റാവുവിനെ സിബിഐ പിന്തുടരുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. കോടതിയില്‍ ഹാജരാക്കിയ റാവുവിനെ ഓഗസ്റ്റ് 16 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.