Featured Spotlight

ജീവിതകഥ സിനിമയാകും മുമ്പേ വിയോഗം; ഓർമയായത്​ നക്‌സല്‍ സമരനായകനിൽ നിന്നും സു​വി​ശേ​ഷ​ക​നിലെത്തിയ ജീവിതം

സന്തോഷ് ഏച്ചിക്കാനത്തിന്റെ തിരക്കഥയില്‍ കേരളത്തിലെ നക്‌സല്‍ പ്രസ്ഥാനത്തിന്റെ പ്രമുഖ നേതാക്കളില്‍ ഒരാളായിരുന്ന വെള്ളത്തൂവല്‍ സ്റ്റീഫന്റെ ജീവിത കഥ സിനിമയാക്കുന്നതിന്റെ ഒരുക്കം അവസാന ഘട്ടത്തിലായിരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ വിയോഗം. ക​മ്യൂ​ണി​സ്റ്റു​കാ​ര​നാ​യും ന​ക്സ​ൽ നേ​താ​വാ​യും ത​യ്യ​ൽ​കാ​ര​നാ​യും പി​ന്നീ​ട്​ സു​വി​ശേ​ഷ​ക​നാ​യു​മു​ള്ള സ്റ്റീ​ഫ​ന്‍റെ ജീ​വി​തം കൗ​തു​കം ഉ​ണ​ർ​ത്തു​ന്ന​താ​ണ്.

ആസിഫ് അലിയാണ് സിനിമയില്‍ നായകനായെത്തുക. സ്റ്റീഫനെ കാരവാനില്‍ കൊച്ചിയിലെത്തിച്ച് സിനിമ അണിയറ പ്രവര്‍ത്തകര്‍ സംസാരിച്ചിരുന്നു. നടന്‍ വിനായകന്‍ ഉള്‍പ്പെടെ നിരവധി പ്രശസ്തര്‍ സ്റ്റീഫനെ സന്ദര്‍ശിക്കാന്‍ വടാട്ടുപാറയില്‍ വരുമായിരുന്നു.

അര്‍ബുദ ബാധിതനായിരുന്നു. വിദേശത്തു നഴ്‌സായ മകള്‍ ദ്യുതിയുടെ ഭര്‍ത്താവ് ടിജോയുടെ വടാട്ടുപാറയിലുള്ള വീട്ടില്‍ ഇന്നലെ രാവിലെയായിരുന്നു അന്ത്യം. സംസ്‌കാരം മതാചാരചടങ്ങുകള്‍ ഒഴിവാക്കി ഇന്ന് 11 ന് വടാട്ടുപാറ പൊതുശ്മശാനത്തില്‍ നടക്കും. ഭാര്യ മാലതി (സലോമി).

കോട്ടയം കങ്ങഴ ചുണ്ടമണ്ണില്‍ വീട്ടില്‍ സക്കറിയയുടെയും അന്നമ്മയുടെയും മകനാണ്. പിന്നീട് ഇടുക്കി വെള്ളത്തൂവലിലേക്ക് താമസം മാറ്റുകയായിരുന്നു. പിതാവിന്റെ വഴിയെ ചെറുപ്പത്തില്‍ത്തന്നെ സി.പി.ഐ. പ്രവര്‍ത്തകനായി. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സി.പി.ഐയില്‍ തുടര്‍ന്നെങ്കിലും പതിനഞ്ചാം വയസില്‍ നക്‌സല്‍ പ്രസ്ഥാനത്തിന്റെ ഭാഗമാകുകയായിരുന്നു. 1968 ലെ തലശേരി പോലീസ് സ്‌റ്റേഷന്‍ ആക്രമണത്തില്‍ ഉള്‍പ്പെട്ടതോടെയാണ് ശ്രദ്ധാകേന്ദ്രമായത്. 1971 ല്‍ പോലീസ് പിടിയിലായപ്പോഴേക്കും 18 കേസുകളില്‍ പ്രതിയായിരുന്നു. 15 വര്‍ഷം ജയില്‍വാസമനുഭവിച്ചു. ജയിലില്‍ വച്ചു തന്നെ നക്‌സലിസത്തോട് വിട പറഞ്ഞു.

ജ​യി​ൽ​മോ​ചി​ത​നാ​യ ശേ​ഷം സ്റ്റീ​ഫ​ൻ ആ​ത്​​മീ​യ​ത​യി​ലേ​ക്ക്​ ചേ​​ക്കേ​റി. നേ​ര​ത്തെ പ​ഠി​ച്ച തു​ന്ന​ൽ തൊ​ഴി​ലാ​യി സ്വീ​ക​രി​ച്ചു. ഇ​തി​നി​ടെ വി​വാ​ഹം ന​ട​ന്നു. ഇ​ടു​ക്കി ചേ​ല​ച്ചു​വ​ടി​ലേ​ക്ക്​ താ​മ​സം മാ​റി. അ​വി​ടെ ത​യ്യ​ൽ​ക്ക​ട തു​ട​ങ്ങി. സം​സ്ഥാ​ന​ത്തു​ട​നീ​ളം സു​വി​ശേ​ഷ​ക​നാ​യി സ​ഞ്ച​രി​ച്ചു.

വെ​ള്ള​ത്തൂ​വ​ലി​ൽ ബീ​ഡി​തെ​റു​പ്പി​നാ​യി ക​ണ്ണൂ​രി​ൽ​നി​ന്ന് വ​ന്ന​വ​രാ​ണ് സ്റ്റീ​ഫ​ന്‍റെ രാ​ഷ്ട്രീ​യം മാ​റ്റി​മ​റി​ച്ച​ത്. അ​ക്കാ​ല​ത്തെ ന​ക്സ​ൽ നേ​താ​വ് കു​ന്നി​ക്ക​ൽ നാ​രാ​യ​ണ​ൻ വെ​ള്ള​ത്തൂ​വ​ലി​ലെ​ത്തി ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ അ​ദ്ദേ​ഹം ആ​കൃ​ഷ്ട​നാ​യി. സ്റ്റീ​ഫ​നും നാ​രാ​യ​ണ​നു​മാ​യി അ​ടു​​പ്പ​മാ​യി. അ​ങ്ങ​നെ​യാ​ണ് ത​ല​ശേ​രി പൊ​ലീ​സ് സ്റ്റേ​ഷ​ൻ ആ​ക്ര​മ​ണ​ത്തി​ൽ പ​ങ്കാ​ളി​യാ​യ​ത്. പി​ന്നീ​ടാ​ണ് എ.​വ​ർ​ഗീ​സി​നൊ​പ്പം വ​യ​നാ​ട്ടി​ൽ ആ​ദി​വാ​സി​ക​ൾ​ക്കി​ട​യി​ൽ പ്ര​വ​ർ​ത്തി​ച്ച​ത്.

‘പാകത വരാത്ത ചെറുപ്പമായിരുന്നതിനാല്‍ വിപ്ലവം അറിവില്ലായ്മയില്‍ നിന്നുള്ള ആവേശമായിരുന്നു’ എന്ന് സ്റ്റീഫന്‍ പിന്നീട് പറഞ്ഞു. ജയില്‍ മോചിതനായ ശേഷം വെള്ളത്തൂവലില്‍ തയ്യല്‍ കട തുറന്നു. രാഷ്ട്രീയ, മത വിഷയങ്ങളില്‍ പഠനം തുടര്‍ന്ന സ്റ്റീഫന്‍ പിന്നീട് സുവിശേഷ പ്രചാരകനായി മാറി. ‘വെള്ളത്തൂവല്‍ സ്റ്റീഫന്റെ ആത്മകഥ’ എന്ന പേരില്‍ എഴുതിയ പുസ്തകം ഏറെ ശ്രദ്ധിക്കപ്പെട്ടു. ചരിത്ര ശാസ്ത്രവും മാര്‍ക്‌സിയന്‍ ദര്‍ശനവും, പ്രചോദനം, ആതതായികള്‍, അര്‍ധബിംബം, മേഘപാളിയിലെ കാല്‍പ്പാടുകള്‍, കനല്‍വഴികള്‍ കടന്ന് ഒരു ദൈവ സാക്ഷ്യം, തുറങ്കറകള്‍ എന്നീ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.