ജ്യോത്സ്യന്‍റെ വാക്കുകൾ വിശ്വസിച്ച് ഉറങ്ങിക്കിടന്ന സ്വന്തം അമ്മയെ തലയിണകൊണ്ട് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി മകൾ. കർണാടകയിലെ തുമകൂരു ജില്ലയിലാണ് സംഭവം. യുവതിയെ കൊലപാതക കുറ്റത്തിന് പൊലീസ് അറസ്റ്റ് ചെയ്തു.
പോലീസ് പറയുന്നതനുസരിച്ച് സുചിത്ര (33) എന്ന യുവതി തന്റെ 55 വയസുളള അമ്മയായ പുഷ്പാവതിയെ ഉറക്കത്തിനിടെ തലയണകൊണ്ട് മൂടി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഏകദേശം ഒന്നര വർഷം മുൻപ് സുചിത്രയുടെ പിതാവ് മരിച്ചിരുന്നു. പിതാവിന്റെ മരണത്തിന് കാരണം അമ്മ ‘ബ്ലാക്ക് മാജിക്’ നടത്തിയതാണെന്ന് ജ്യോതിഷി പറഞ്ഞു. അത് വിശ്വസിച്ച യുവതി അമ്മയെ കൊലപ്പെടുത്താൻ തീരുമാനിച്ചുവെന്നാണ് പൊലീസ് പറയുന്നത്.
കൊലപാതകത്തിന് ശേഷം മരണം സ്വാഭാവികമാണെന്ന തോന്നൽ സൃഷ്ടിക്കാൻ ശവസംസ്കാരത്തിനുള്ള ഒരുക്കങ്ങൾ നടത്തിയതായും പൊലീസ് പറഞ്ഞു. ശവസംസ്കാര ചടങ്ങുകൾ നേരത്തെ ആരംഭിച്ചതിൽ ഗ്രാമവാസികൾക്ക് സംശയം തോന്നി. തുടർന്ന് പോലീസിനെ വിവരം അറിയിച്ചു.
സംസ്കാരം നടക്കുന്നതിന് മുമ്പ് പൊലീസ് സ്ഥലത്തെത്തുകയും സുചിത്രയെ ചോദ്യം ചെയ്യുകയും ചെയ്തു. പ്രാഥമിക ചോദ്യം ചെയ്യലിൽ തന്നെ സുചിത്ര കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്. സുചിത്രയുടെ ഭർത്താവിന് ഈ പദ്ധതിയെക്കുറിച്ച് എന്തെങ്കിലും അറിവുണ്ടായിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.




