കൊച്ചി: ഫേസ് ക്രീം മാറ്റി വെച്ചതിന് മകൾ അമ്മയുടെ വാരിയെല്ല് തല്ലിയൊടിച്ചു. എറണാകുളം പനങ്ങാട് ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം നടന്നത്. അമ്മയെ മർദിച്ച കേസിൽ മകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ പിടിയിലായ നിവിയ മുമ്പും ക്രിമിനൽ കേസുകളിൽ പ്രതിയെന്ന് പൊലീസ് വ്യക്തമാക്കുന്നു. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് ആറുമണിയോടെയാണ് എഴുപതുകാരിയായ അമ്മയുടെ വാരിയെല്ല് നിവ്യ തല്ലിയൊടിച്ചത്.
സരസു എന്ന 70 വയസുകാരിയെ ആണ് മകൾ 30വയസുകാരി നിവിയ അതിക്രൂരമായി മർദിച്ചത്. അമ്മ സരസുവുമായി നിവ്യ നിരന്തരം തര്‍ക്കവും വഴക്കുമായിരുന്നു. സംഭവ ദിവസം അമ്മയുടെ കഴുത്തില്‍ കുത്തിപ്പിടിച്ച് കമ്പിപ്പാരയെടുത്ത് വാരിയെല്ല് തല്ലിയൊടിക്കുകയായിരുന്നു എന്നാണ് പൊലീസ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കൊലപാതകം, കഞ്ചാവുകടത്ത്, കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍ അടക്കം ഒട്ടേറെ കേസുകളില്‍ പ്രതിയാണ് നിവ്യ. നിവ്യയുടെ ക്രിമിനല്‍ പശ്ചാത്തലം കണ്ട് ഞെട്ടിയ പൊലീസ് കടുത്ത വകുപ്പുകള്‍ തന്നെ ചുമത്താനാണ് സാധ്യത.
നിവ്യ കസ്റ്റഡിയിലാകുന്ന സമയം ഒപ്പം 10 വയസുള്ളൊരു കുട്ടിയുമുണ്ടായിരുന്നെന്ന് പൊലീസ് പറയുന്നു. ഇത്രയും വലിയ ക്രിമിനല്‍ പശ്ചാത്തലമുള്ളതിനാല്‍ തന്നെ ഗുണ്ടാപട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നാണ് വിവരം. അമ്മ സരസു പരാതി നല്‍കിയെന്നറിഞ്ഞതോടെ മുങ്ങിയ നിവ്യയെ മാനന്തവാടിയിലെത്തി പനങ്ങാട് പൊലീസാണ് പിടികൂടിയത്. നിവ്യ ഉപയോഗിക്കുന്ന ഫെയ്സ് ക്രീം കാണാതായതാണ് സംഭവദിവസം പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്.
വിവരമറിഞ്ഞെത്തിയ നാട്ടുകാരാണ് സരസുവിനെ ആശുപത്രിയിലേക്ക് മാറ്റിയത്. തൊഴിലുറപ്പ് തൊഴിലാളിയാണ് പരുക്കേറ്റ സരസു.




