രാജ്‌കോട്ട്: ഇന്ത്യക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ രണ്ടാമത്തെ മത്സരത്തില്‍ ന്യൂസിലന്‍ഡിന് ഏഴ് വിക്കറ്റ് ജയം.
രാജ്‌കോട്ടിലെ നിരഞ്‌ജന്‍ ഷാ സ്‌റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ ഏഴ് വിക്കറ്റിന് 284 റണ്ണെടുത്തു. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ലോകേഷ് രാഹുലിന്റെ (92 പന്തില്‍ ഒരു സിക്‌സറും 11 ഫോറുമടക്കം 112) സെഞ്ചുറിയാണ് ഇന്ത്യയെ സുരക്ഷിത തീരത്തെത്തിച്ചത്. മറുപടി ബാറ്റ് ചെയ്‌ത ന്യൂസിലന്‍ഡ് കളി തീരാന്‍ 15 പന്തുകള്‍ ശേഷിക്കേ വിജയ റണ്ണെടുത്തു. ഡാരില്‍ മിച്ചലിന്റെ മൂന്നാം ഏകദിന സെഞ്ചുറിയാണ് (117 പന്തില്‍ രണ്ട് സിക്‌സറും 11 ഫോറുമടക്കം പുറത്താകാതെ 131) ന്യൂസിലന്‍ഡിനെ ജയത്തിലെത്തിച്ചത്. ഗ്ലെന്‍ ഫിലിപ്‌സ് 25 പന്തില്‍ ഒരു സിക്‌സറും രണ്ട് ഫോറുമടക്കം 32 റണ്ണുമായി മിച്ചലിനു കൂട്ടായിനിന്നു. മൂന്ന് ഏകദിനങ്ങളുടെ പരമ്പര 1-1 നു തുല്യ നിലയിലായി.
ഡാരില്‍ മിച്ചലും വില്‍ യങ്ങും (98 പന്തില്‍ 87) ചേര്‍ന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് മത്സരത്തിന്റെ ഗതി മാറ്റിയെഴുതിയത്. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 162 റണ്ണിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ടോസ് നേടിയ ന്യൂസിലന്‍ഡ് നായകന്‍ മിച്ചല്‍ ബ്രേസ്‌വെല്‍ ഇന്ത്യയെ ആദ്യം ബാറ്റ് ചെയ്യാന്‍ വിട്ടു. ഇന്ത്യ മുന്നോട്ടു വച്ച 285 റണ്‍ ലക്ഷ്യത്തിലേക്ക് ന്യൂസിലന്‍ഡിനു മികച്ച തുടക്കമായില്ല. ഓപ്പണര്‍മാരായ ഡെവോണ്‍ കോണ്‍വേയ്‌ക്കും (21 പന്തില്‍ 16) ഹെന്റി നിക്കോള്‍സിനും (24 പന്തില്‍ 10) മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. കോണ്‍വേയെ ഹര്‍ഷിത് റാണയും നിക്കോള്‍സിനെ പ്രസിദ്ധ കൃഷ്‌ണയും പുറത്താക്കി.
രണ്ടിന് 46 റണ്ണെന്ന എന്ന നിലയിലേക്ക് വീണ ന്യൂസിലന്‍ഡിനെ വില്‍ യങ്ങും ഡാരില്‍ മിച്ചലും ചേര്‍ന്നു കരകയറ്റി. മൂന്നാം വിക്കറ്റില്‍ ഒന്നിച്ച യങ്ങും മിച്ചലും ശ്രദ്ധയോടെയാണ് ഇന്ത്യന്‍ ബൗളര്‍മാരെ നേരിട്ടത്. 15 ഓവര്‍ അവസാനിക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 64 റണ്‍ എന്ന നിലയിലായിരുന്നു ന്യൂസിലന്‍ഡ്. അനാവശ്യ ഷോട്ടുകള്‍ക്ക് മുതിരാതെ സിംഗിളുകളും ഡബിളുകളുമായി ഇരുവരും ലക്ഷ്യത്തിലേക്ക് കുതിച്ചു. മിച്ചല്‍ 52 പന്തിലും യങ് 68 പന്തിലും അര്‍ധ സെഞ്ചുറി തികച്ചതോടെ ഇന്ത്യന്‍ ബൗളര്‍മാര്‍ പരുങ്ങി. ഇന്ത്യന്‍ നായകന്‍ ശുഭ്‌മന്‍ ഗില്‍ ബൗളര്‍മാരെ മാറിമാറി പരീക്ഷിച്ചെങ്കിലും മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് പൊളിക്കാനായില്ല. സ്‌കോര്‍ 208 ല്‍ നില്‍ക്കേയാണ് വില്‍ യങ്ങിനെ പുറത്താക്കാനായത്. കുല്‍ദീപ് യാദവിന്റെ പന്തില്‍ നിധീഷ് കുമാര്‍ റെഡ്‌ഡി പിടിച്ചാണു യങ് മടങ്ങിയത്.
ഗ്ലെന്‍ ഫിലിപ്‌സിനെ ഒരുവശത്തുനിര്‍ത്തി മിച്ചല്‍ ഇന്നിങ്‌സ് മുന്നോട്ടു നയിച്ചു. വൈകാതെ മിച്ചല്‍ 96 പന്തില്‍ സെഞ്ചുറിയടിച്ചു.
ഇന്ത്യക്കായി രോഹിത് ശര്‍മയും (38 പന്തില്‍ 24) നായകന്‍ ശുഭ്‌മന്‍ ഗില്ലും (53 പന്തില്‍ ഒരു സിക്‌സറും ഒന്‍പത് ഫോറുമടക്കം 56) മികച്ച തുടക്കം നല്‍കി. അവര്‍ 52 പന്തില്‍ 50 കടന്നു. രോഹിതിനെ ക്രിസ്‌റ്റ്യന്‍ ക്ലാര്‍ക്ക് യങിന്റെ കൈയിലെത്തിച്ചതോടെ കൂട്ടുകെട്ട് പൊളിഞ്ഞു. മൂന്നാമനായ വിരാട് കോഹ്ലിയെ 29 പന്തില്‍ 23 റണ്ണെടുത്തു നില്‍ക്കേ ക്ലാര്‍ക്ക് പുറത്താക്കി. ശ്രേയസ് അയ്യര്‍ക്കും (17 പന്തില്‍ എട്ട്) നിലയുറപ്പിക്കാനായില്ല. അയ്യരെയും ക്ലാര്‍ക്കാണു മടക്കിയത്. അര്‍ധ സെഞ്ചുറി തികച്ചതിന് പിന്നാലെ നായകന്‍ ഗില്ലും കൂടാരം കയറി. ഗില്ലിനെ കെയ്‌ല്‍ ജാമിസണ്‍ ഡാരില്‍ മിച്ചലിന്റെ കൈയിലെത്തിച്ചു. അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച രാഹുലും രവീന്ദ്ര ജഡേജയുമാണ് (44 പന്തില്‍ 27) ഇന്ത്യയെ കരകയറ്റിയത്. 73 റണ്‍ കൂട്ടിച്ചേര്‍ത്താണു സഖ്യം പിരിഞ്ഞത്. ജഡേജയെ മിച്ചല്‍ ബ്രേസ്‌വെല്‍ സ്വന്തം ബൗളിങ്ങില്‍ പിടികൂടി.
കളം നിറഞ്ഞ രാഹുലാണ് ടീമിനെ 200 കടത്തിയത്. നിതീഷ് കുമാര്‍ റെഡ്‌ഡിയുമായും (21 പന്തില്‍ ഒരു സികസ്‌റടക്കം 20) രാഹുല്‍ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ഇരുവരും ആറാം വിക്കറ്റില്‍ അര്‍ധ സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. അര്‍ധ സെഞ്ചുറി നേടിയതിന് പിന്നാലെ രാഹുല്‍ സ്‌കോറിങ്ങിന് വേഗത കൂട്ടി. 87 പന്തിലാണു താരം ഏകദിനത്തിലെ എട്ടാം സെഞ്ചുറിയടിച്ചത്. ജാമിസണ്‍ എറിഞ്ഞ 49-ാം ഓവറിലെ അവസാന പന്ത് അതിര്‍ത്തി കടത്തിയാണു രാഹുല്‍ സെഞ്ചുറി തികച്ചത്. ന്യൂസിലന്‍ഡിനായി ക്രിസ്‌റ്റ്യന്‍ക്ല ാര്‍ക്ക് മൂന്ന് വിക്കറ്റും കെയ്‌ല്‍ ജാമിസണ്‍, സാക് ഫോക്‌സ്, ജായ്‌ഡന്‍ ലെനോക്‌സ്, മിച്ചല്‍ ബ്രേസ്‌വെല്‍ എന്നിവര്‍ ഒരു വിക്കറ്റ് വീതമെടുത്തു.




