വൈറലാകാന്‍ സാഹസിക പ്രവൃത്തികളുമായി ഇറങ്ങുന്ന പല യുവാക്കളുടേയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കാറുണ്ട്. ജീവന്‍ പോലും പണയം വെച്ചാണ് പലരും ഇത്തരത്തിലുള്ള വീഡിയോകള്‍ ചെയ്യുന്നത്. അത്തരത്തില്‍ ഒരു വീഡിയോയാണ് ഇപ്പോള്‍ വലിയ വിമര്‍ശനം നേരിട്ടു കൊണ്ടിരിക്കുന്നത്. മുംബൈ ലോക്കല്‍ ട്രെയിനില്‍ ജീവന്‍ പണയപ്പെടുത്തി അത്യന്തം അപകടകരമായ രീതിയില്‍ സാഹസികമായി സഞ്ചരിക്കുന്ന യുവാവിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.
ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ വാതിലില്‍ ഒരു ഹാര്‍നെസ്സ് ഉപയോഗിച്ച് സ്വയം ബന്ധിപ്പിച്ച ശേഷം പുറത്തേക്ക് തൂങ്ങിക്കിടക്കുന്ന യുവാവിനെയാണ് വീഡിയോയില്‍ കാണുന്നത്. Mumbai Khabar എന്ന യൂസറാണ് വീഡിയോ എക്‌സില്‍ (ട്വിറ്ററില്‍) പോസ്റ്റ് ചെയ്തിരിക്കുന്നത്. ഹാര്‍ബര്‍ ലൈന്‍സ് കോട്ടണ്‍ ഗ്രീന്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത് എന്നാണ് പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ വലിയ വിമര്‍ശനമാണ് ഇതിന് നേരെ ഉയര്‍ന്നത്. സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും ഗൗനിക്കാത്ത ഇത്തരം പ്രവൃത്തികള്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ തന്നെ വേണമെന്ന് പലരും അഭിപ്രായപ്പെട്ടു.
റെയില്‍വേ സേവയും പോസ്റ്റിനോട് പ്രതികരിച്ചിട്ടുണ്ട്. ബന്ധപ്പെട്ട അധികാരികളിലേക്ക് വിഷയം എത്തിച്ചിട്ടുണ്ട് എന്നാണ് റെയില്‍വേ സേവയുടെ പ്രതികരണം. അതിസാഹസികമായ ഈ പ്രകടനം നടത്തിയതിന് യുവാവിനെ ആര്‍പിഎഫ് (Railway Protection Force) അറസ്റ്റ് ചെയ്തിട്ടുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഡിസംബര്‍ 31 -ന് ഇത് സംബന്ധിച്ച പരാതി ലഭിച്ചിട്ടുണ്ട്. പിന്നാലെ റെയില്‍വേ ആക്ട് സെക്ഷന്‍ 145, 145 (ബി) എന്നിവ പ്രകാരം ഈ യുവാവിനെതിരെ കേസ് എടുത്തിട്ടുണ്ട്. ഇയാളുടെ വീടിന് പരിസരത്ത് നിന്നാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത് എന്നും ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.




