Oddly News

നൃത്തം കൊഴുപ്പിക്കാന്‍ ജീവനുള്ള കോഴിയെ കടിച്ചു കൊന്നു ; നര്‍ത്തകനും സംഘാടകര്‍ക്കുമെതിരേ കേസ്

നൃത്തം കൊഴുപ്പിക്കാന്‍ ജീവനുള്ള കോഴിയെ സ്‌റ്റേജ് പരിപാടിക്കിടിയില്‍ കടിച്ചു കൊല്ലുകയും സംഭവത്തിന്റെ വീഡിയോ പകര്‍ത്തി സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തയാള്‍ക്കെതിരേ പോലീസ് കേസെടുത്തു. മൃഗങ്ങളുടെ അവകാശ സംഘടനയായ പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്മെന്റ് ഓഫ് ആനിമല്‍സ് (പെറ്റ) ഇന്ത്യയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

ആന്ധ്രപ്രദേശിലെ അനകപ്പള്ളി ജില്ലയില്‍ നടന്ന സംഭവത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമത്തിലെ വിവിധ സെക്ഷന്‍ പ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇരിക്കുന്ന വേദിയിലായിരുന്നു നര്‍ത്തകന്റെ ക്രൂരമായ വിനോദം. ക്ലിക്ക് നേടി വൈറലാകാന്‍ സംഭവത്തിന്റെ വീഡിയോ ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റും ചെയ്തു.

വീഡിയോ പെറ്റ അധികൃതരില്‍ എത്തിയതിനെ തുടര്‍ന്ന് അവര്‍ പോലീസിനെ സമീപിക്കുകയും പരാതി നല്‍കി. അസ്വസ്ഥജനകമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ കണ്ട അനേകരെയാണ് ഞെട്ടിച്ചത്. കൊച്ചുകുട്ടികളുടെ കണ്‍മുന്നില്‍ വെച്ചാണെന്നത് അതിന്റെ ആഴം കൂട്ടുകയും ചെയ്യുന്നു. അടുത്തിടെ സോഷ്യല്‍മീഡിയയില്‍ ക്ലിക്ക് നേടാന്‍ മൃഗങ്ങളെ ഉപദ്രവിക്കുന്നത് പതിവായി മാറുകയാണ്.

ഈ വര്‍ഷം ആദ്യം വളര്‍ത്തുമൃഗങ്ങളെ പരിപാലിക്കുന്ന മൂംബൈയിലെ ഒരു ക്ലിനിക്കില്‍ മൃഗങ്ങളെ ദ്രോഹിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ കണ്ടിരുന്നു. താനെയിലെ വെറ്റിക് പെറ്റ് ക്ലിനിക്കില്‍ മൂന്ന് വയസ്സുള്ള ചൗ ചൗവിനെ തൊഴിലാളികള്‍ ചവിട്ടുകയും മര്‍ദിക്കുകയും ചെയ്ത സംഭവത്തില്‍ മൃഗാവകാശ സംഘടനയായ പാവ്‌സ് ഇടപെടുകയും ചെയ്തു. സംഘടനയുടെ പ്രതിനിധിയായ നിലേഷ് ഭംഗേയും മറ്റുള്ളവരും ചേര്‍ന്ന് അസ്വസ്ഥജനകമായ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അധികാരികള്‍ക്ക് പരാതി നല്‍കി.