ചണ്ഡീഗഡ്: ഹരിയാന ഐ.പി.എസ്. ഉദ്യോഗസ്‌ഥന്‍ വൈ. പുരന്‍കുമാറിന്റെ ആത്മഹത്യയെക്കുറിച്ചുള്ള അന്വേഷണം തുടരുന്നതിനിടെ, പുരന്‍ കുമാറിനെതിരേ ഗുരുതര ആരോപണങ്ങളുന്നിയിച്ച് മറ്റൊരു പോലീസ് ഉദ്യോഗസ്‌ഥന്‍ ജീവനൊടുക്കി. റോഹ്‌തക്കിലെ സൈബര്‍ സെല്‍ എ.എസ്.ഐ: സന്ദീപ് കുമാറാണ് സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ചു സ്വയം വെടിവച്ചു മരിച്ചത്.
പുരന്‍കുമാറിനെതിരായ അഴിമതിക്കേസ് അന്വേഷിച്ചു വരികയായിരുന്ന സന്ദീപ് കുമാര്‍, ‘സത്യത്തിന്’ വേണ്ടി തന്റെ ജീവന്‍ ത്യജിക്കുകയാണെന്നും ആത്മഹത്യാക്കുറിപ്പില്‍ പറഞ്ഞു. അദ്ദേഹം ഒരു വീഡിയോയും മൂന്ന് പേജുള്ള ആത്മഹത്യാക്കുറിപ്പും തയാറാക്കിശേഷമായിരുന്നു ആത്മഹത്യ.
പുരന്‍ കുമാര്‍ അഴിമതിക്കാരനായ പോലീസുകാരന്‍ ആയിരുന്നുവെന്നും അഴിമതി പുറത്തുവരുമെന്ന് ഭയന്നാണ് പുരന്‍ കുമാര്‍ ആത്മഹത്യ ചെയ്‌തതെന്നും സന്ദീപ് കുമാര്‍ ആരോപിച്ചു.
അഴിമതി ആരോപണം പുറത്തുവന്നതിനെത്തുടര്‍ന്നു പുരന്‍ കുമാറിനെ സ്‌ഥലം മാറ്റിയിരുന്നു. അബ്‌കാരി കരാറുകാരനില്‍ നിന്ന് 2.5 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിനു പുരന്‍ കുമാറിന്റെ ഗണ്‍മാനെ സന്ദീപ് കുമാര്‍ പിടികൂടിയതായി അറിയുന്നു. ഒരു ഗുണ്ടാസംഘം ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന് കരാറുകാരന്‍ പുരന്‍ കുമാറിനെ കണ്ടത്. കൈക്കൂലി ആരോപണം പുറത്തുവന്നപ്പോള്‍, ഐ.പി.എസ്. ഉദ്യോഗസ്‌ഥന്‍ അതിന് ജാതി നിറം നല്‍കാന്‍ ശ്രമിക്കുകയും ആത്മഹത്യ ചെയ്യുകയുമായിരുന്നെന്നും സന്ദീപ് കുമാറിന്റെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.
പുരന്‍ കുമാറിനെ റോത്തക്കില്‍ നിയമിച്ചശേഷം സത്യസന്ധരായ പോലീസ് ഉദ്യോഗസ്‌ഥരെ മാറ്റി പകരം അഴിമതിക്കാരായ ഉദ്യോഗസ്‌ഥരെ നിയമിക്കാന്‍ തുടങ്ങിയെന്നും സന്ദീപ് കുമാര്‍ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. അവര്‍ പരാതിക്കാരോടു പണം ആവശ്യപ്പെട്ടു മാനസികമായി പീഡിപ്പിച്ചെന്നും വനിതാ പോലീസ് ഉദ്യോഗസ്‌ഥരെ ലൈംഗികമായി ചൂഷണം ചെയ്‌തെന്നും സന്ദീപ് കുമാര്‍ ആരോപിച്ചു.
പുരണ്‍ കുമാറിന്റെ ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിച്ചിരിക്കുന്ന 10 ഉദ്യോഗസ്‌ഥരില്‍ ഒരാളായ റോഹ്‌തക് ജില്ലാ പോലീസ് മേധാവി നരേന്ദ്ര ബിജാര്‍നിയ നല്ല ഉദ്യോഗസ്‌ഥനാണെന്നും സന്ദീപ് കുമാര്‍ പ്രശംസിച്ചു. ബിജാര്‍നിയയെ പിന്നീട് സ്‌ഥലം മാറ്റയിരുന്നു.




