ഇന്ത്യ– പാക്ക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, വാട്സാപ്, ഇ-മെയിൽ, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ എന്നിവയിലൂടെ സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ്. ബാങ്കിങ് വിവരങ്ങൾ അടക്കം തട്ടിയെടുക്കാൻ വിവിധ ഫയലുകളും മറ്റും അയയ്ക്കുന്ന സംഘം സജീവമായതായി അധികൃതർ അറിയിച്ചു.
എക്സ്ക്ലൂസീവ് അപ്ഡേറ്റുകൾ, സംഘർഷവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ ചോർന്ന ഫയലുകൾ എന്ന പേരിൽ അയയ്ക്കുന്നതിൽ ക്ലിക്ക് ചെയ്താൽ ഫോൺ ഹാക്ക് ചെയ്യപ്പെടാം. എക്സിക്യൂട്ടബിൾ ഫയലുകളുടെ രൂപത്തിലെത്തുന്ന സന്ദേശങ്ങൾ ഡൗൺലോഡ് ചെയ്താൽ, വൈറസ് ഇൻസ്റ്റാൾ ചെയ്യപ്പെടും.
ഇതുവഴി സ്വകാര്യ – ബാങ്കിങ് വിവരങ്ങൾ ചോർത്തുകയാണു പതിവ്. പരിചയക്കാർ പോലും ഫോർവേഡ് ചെയ്യുന്ന അജ്ഞാത വിഡിയോകൾ, ഇമേജ് ഫയലുകൾ എന്നിവ തുറക്കരുതെന്നും മുന്നറിയിപ്പ് നൽകി.വാട്സാപ്പ് സെറ്റിങ്ങിൽ ‘മീഡിയ ഓട്ടോ-ഡൗൺലോഡ് ഓപ്ഷൻ ഓഫാക്കാനും അഭ്യർഥിച്ചു.
